ഏറ്റുമാനൂര്‍ നഗരസഭാ യോഗത്തില്‍ ബഹളം; ഫയലുകള്‍ നീങ്ങുന്നില്ല: പൊതുമരാമത്ത് ജോലികള്‍ അവതാളത്തില്‍
ഏറ്റുമാനൂര്‍: ബുധനാഴ്ച നടന്ന ഏറ്റുമാനൂര്‍ നഗരസഭയുടെ കൗണ്‍സില്‍ യോഗം തുടക്കം മുതലേ ബഹളമയമായി.
സെക്രട്ടറിയും പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയറും ഫയലുകള്‍ തട്ടി കളിക്കുന്നുവെന്നും ഇതിനാല്‍ നഗരസഭയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടുന്നുവെന്നും ചൂണ്ടി കാട്ടിയായിരുന്നു ബഹളം. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായ റോഡ് പണികളുടെ ബില്ലുകള്‍ യഥാസമയം ഹാജരാക്കിയിട്ടും ഇതുവരെ പണം നല്‍കാത്തതിനാല്‍ പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കുവാന്‍ കരാര്‍കാര്‍ തയ്യാറാവുന്നില്ലെന്ന് ബിജു കൂമ്പിക്കന്‍ ചൂണ്ടികാട്ടി.
അമ്പത് പ്രവൃത്തികളുടെ ഫയല്‍ ഒന്നിച്ച് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹാജരാക്കിയത് പല രേഖകളുടെയും അഭാവത്താല്‍ സെക്രട്ടറി തിരിച്ചയച്ചു. എന്നാല്‍ ഇവ ശരിയാക്കി തിരികെ നല്‍കുന്നതില്‍ പൊതുമരാമത്ത് വിഭാഗം താമസം വരുത്തുന്നുവെന്നായിരുന്നു ആരോപണം. അതേസമയം ഏതാനും ബില്ലുകള്‍ മാത്രം പാസാകുകയും ചെയ്തു. കൗണ്‍സില്‍ യോഗങ്ങളില്‍ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്ഥിരമായി വിട്ടു നില്‍ക്കുന്നതിനെ ജോര്‍ജ് പുല്ലാട്ട് ചോദ്യം ചെയ്തു. തുടര്‍ന്ന് നഗരസഭാ ഓഫീസില്‍ ഇല്ലാതിരുന്ന എഞ്ചിനീയറെ ചെയര്‍മാന്‍ വിളിച്ചു വരുത്തി. യോഗത്തിലെത്തിയ എഞ്ചിനിയറെ കൗണ്‍സില്‍ അംഗങ്ങള്‍ ഒന്നടങ്കം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. എഞ്ചിനിയര്‍ നിയമവശങ്ങളിലൂടെ സഞ്ചരിക്കുന്നതിനാല്‍ സാധാരണക്കാരനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടിയായിരുന്നു അംഗങ്ങള്‍ ബഹളം കൂട്ടിയത്.
കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിന് അപേക്ഷിക്കുന്നവരെ ആവശ്യമില്ലാത്ത രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപെട്ട് എഞ്ചിനിയര്‍ വില്ലേജ് ഓഫീസിലേക്ക് പറഞ്ഞയച്ചുവത്രേ. എന്നാല്‍ സൈറ്റ് പ്ലാനുകളും മറ്റും നഗരസഭ ആവശ്യപ്പെടുന്നതുപോലെ തയ്യാറാക്കി നല്‍കാന്‍ സാധിക്കില്ല എന്നും ഇത്തരം നിയമാനുസൃതമല്ലാത്ത കാര്യങ്ങള്‍ക്ക് ആളുകളെ പറഞ്ഞുവിട്ട് ബുദ്ധിമുട്ടിക്കരുതെന്നും പേരൂര്‍, ഏറ്റുമാനൂര്‍ വില്ലേജ് ഓഫീസര്‍മാര്‍ നല്‍കിയ കത്ത് ഉയര്‍ത്തികാണിച്ചായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. എന്നാല്‍ താന്‍ ഇത്തരം രേഖകള്‍ കൊണ്ടുവരാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലാ എന്നായിരുന്നു അസിസ്റ്റന്റ് എഞ്ചിനീയറുടെ വാദം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എഞ്ചിനിയറും ഒരു ഓവര്‍സിയറും മാത്രം ഉണ്ടായിരുന്ന എല്‍എസ്ജിഡി ഡിവിഷനില്‍ ഇപ്പോള്‍ അഞ്ച് ഓവര്‍സിയര്‍മാരുണ്ടായിട്ടും പണികള്‍ പഴയപോലെ നീങ്ങുന്നില്ലാ എന്ന് അംഗങ്ങള്‍ ആരോപിച്ചു. ഭൂരിഭാഗം വാര്‍ഡുകളിലും കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡുകളുടെ അളവുകള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഇതിനിടെ കണ്‍വീനര്‍മാര്‍ മുഖേന നടത്തുന്ന പ്രവൃത്തികള്‍ക്കായി പലയിടത്തും കണ്‍വീനര്‍മാരുടെ പേരില്‍ സ്വന്തമായി എടുത്ത അക്കൗണ്ട് നമ്പരുകള്‍ നല്‍കിയത് ബില്‍ പാസാക്കാന്‍ തടസമായി. കണ്‍വീനറുടെ പേരില്‍ അക്കൗണ്ട് മതിയെന്ന ചില ഉദ്യോഗസ്ഥരുടെയും കൗണ്‍സിലര്‍മാരുടെയും നിര്‍ദ്ദേശമനുസരിച്ചായിരുന്നുത്രേ ഇത്. .അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും എല്‍ഈഡി വിളക്കുകള്‍ സ്ഥാപിച്ചതിലെ അഴിമതിയും മറ്റും യോഗാരംഭത്തിലേ തെള്ളകത്തുനിന്നുള്ള കൗണ്‍സിലര്‍ ടോമി പുളിമാന്‍തുണ്ടം ശ്രദ്ധയില്‍ പെടുത്തി. ഇതേ തുടര്‍ന്നുണ്ടായ ചര്‍ച്ചയും വന്‍ ബഹളത്തിലാണ് കലാശിച്ചത്. എല്‍ഈഡി വിളക്കുകള്‍ സ്ഥാപിച്ച് ശരിക്കും കത്തിതുടങ്ങും മുമ്പേ കരാര്കാരന് പതിനെട്ട് ലക്ഷം രൂപയും നല്‍കിയിരുന്നു. മൂന്നാഴ്ച തികയും മുമ്പേ ഭൂരിഭാഗവും കണ്ണടച്ചു. കരാറ്കാരന്‍ ഫോണ്‍ എടുക്കാതെയുമായി. അവസാനം തേടിപിടിച്ച് കരാര്കാരനെ സ്ഥലത്തെത്തിച്ചപ്പോള്‍ വിളക്കുകളെല്ലാം ഇടിവെട്ടിപോയതാണെന്നും തനിക്കൊന്നും ചെയ്യാനില്ല എന്ന മറുപടിയുമാണത്രേ ലഭിച്ചത്.വഴിവിളക്കുകളെ സംബന്ധിച്ച് ഉണ്ടായ ബഹളം ഇരുപത് മിനിറ്റോളം നീണ്ടുനിന്നു. എന്നാല്‍ അജണ്ടയില്‍ ഇല്ലാത്ത വിഷയത്തില്‍ തീരുമാനമെടുക്കാമോ എന്ന വികസനകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എസ്.വിനോദിന്റെ ചോദ്യത്തിന് കഴിഞ്ഞ കൗണ്‍സിലില്‍ ചര്‍ച്ചയ്‌ക്കെടുത്തതിനാല്‍ കുഴപ്പമില്ല എന്ന് സെക്രട്ടറി മറുപടി നല്‍കി.
മത്സ്യമാര്‍ക്കറ്റില്‍ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകള്‍ ഒരാഴ്ചക്കകം ലേലം ചെയ്യുവാന്‍ യോഗം തീരുമാനിച്ചു. മത്സ്യമാര്‍ക്കറ്റിലെ ഐസ് പ്ലാന്റ് ഇതുവരെ ലേലത്തില്‍ പോകാത്തതിനാല്‍ 5000 രൂപ മാസവാടകയ്ക്ക് നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ ചാക്കോ ജോസഫ് അദ്ധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."