റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഹരിപ്പാടെത്തി
ഹരിപ്പാട്: റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സസിന്റെ (ദ്രുത കര്‍മ്മ സേന) 50 പേര്‍ അടങ്ങുന്ന സംഘം ഹരിപ്പാട് സ്‌റ്റേഷനിലെത്തി. യൂനിഫോമില്‍ പ്രത്യേക വാഹനത്തിലാണ് ഇന്നലെ രാവിലെ 9.30 ഓടെ ഹരിപ്പാട് സ്‌റ്റേഷനിലെത്തിയത്. ഡിവൈ.എസ്.പി റോബിന്റെ നേതൃത്വത്തിലുള്ള സംഘം കായംകുളം ഡിവിഷനിലുള്‍പ്പെട്ട ഹരിപ്പാട്ടാണ് ജില്ലയില്‍ ആദ്യം എത്തിയത്.
1991 ല്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ആര്‍.എ.എഫ് സ്ഥാപിതമായത്. ദക്ഷിണേന്ത്യയില്‍ കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 105 ബറ്റാലിയന്റെ ഭാഗമാണ് 50 പേര്‍ അടങ്ങുന്ന സംഘം.
പ്രശ്‌നബാധിത പ്രദേശങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക, ആ പ്രദേശത്ത് അടുത്ത കാലത്തുണ്ടായ രാഷ്ട്രീയസാമുദായിക സാമൂഹിക പ്രശ്‌നങ്ങള്‍ ഇവയെപ്പറ്റി പഠിച്ച് വിലയിരുത്തുക, ആവശ്യമെങ്കില്‍ പ്രശ്‌നബാധിത പ്രദേശത്ത് റൂട്ട് മാര്‍ച്ച് നടത്തുക, ഒരു പ്രദേശത്ത് എന്തെങ്കിലും സംഭവ വികാസങ്ങളുണ്ടായാല്‍ പെട്ടെന്ന് ആ പ്രദേശം എങ്ങിനെ വലയം ചെയ്യാമെന്നും, അവിടെ എളുപ്പത്തില്‍ എങ്ങിനെ എത്തിച്ചേരാന്‍ കഴിയും തുടങ്ങി ആ ഭാഗത്തെ ഭൂപ്രകൃതി തുടങ്ങിയ കാര്യങ്ങള്‍ പഠിച്ച് വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കി ആഭ്യന്തര വകുപ്പിന് കൈമാറുകയാണ് സന്ദര്‍ശനോദ്ദേശ്യം. ഹരിപ്പാട് സ്‌റ്റേഷനിലെത്തിയ സംഘത്തെ എസ്.ഐ കെ.വി ആനന്ദബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അടുത്ത കാലത്തുണ്ടായ കുറ്റകൃത്യങ്ങള്‍, മറ്റു സംഭവ വികാസങ്ങള്‍ എന്നിവയെപ്പറ്റി ചര്‍ച്ച ചെയ്തു. ഇവിടെ പ്രശ്‌നബാധിത പ്രദേശങ്ങളില്ല എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്ന സംഘം തുടര്‍ന്ന് കായംകുളത്തേക്ക് പോയി.
കനകക്കുന്ന്, തൃക്കുന്നപ്പുഴ, കരീലക്കുളങ്ങര സ്റ്റേഷനുകളും സംഘം സന്ദര്‍ശിക്കും. തുടര്‍ന്ന് ചേര്‍ത്തലക്കു പോകുന്ന സംഘം 22 ന് ചെങ്ങന്നൂര്‍ക്കും തുടര്‍ന്ന് ആലപ്പുഴക്കും പോയി ആ ഭാഗങ്ങളും സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും.
ആലപ്പുഴ എ.ആര്‍ ക്യാമ്പിലാണ് സംഘം തങ്ങുന്നത്. നേരത്തേ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. 97 ബറ്റാലിയന്‍ എന്ന പേരില്‍ പുതിയ ഒരു കമ്പനി ദ്രുത കര്‍മ്മ സേനകൂടി രൂപീകരിച്ചിചിട്ടുണ്ട്. ഇതിന്റെ ആസ്ഥാനം കര്‍ണ്ണാടകയിലെ ഷിമോഗയിലാണ്.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളുടെ ചുമതലകള്‍ ഇവര്‍ക്കാണ്. നേരത്തേ കേരളം കൂടാതെ കര്‍ണ്ണാടക, ചിറ്റൂര്‍ (ആന്ധ്ര), തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്‍ഡമാന്‍ എന്നിവിടങ്ങളുടെ ചുമതലയും 105 ബറ്റാലിയനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."