എക്‌സൈസ് കേസുകളില്‍ വര്‍ധന; ജൂണില്‍ 164 കേസുകള്‍
കണ്ണൂര്‍: ജില്ലയില്‍ അബ്കാരി പരിശോധന ഊര്‍ജിതമാക്കിയതോടെ കേസുകള്‍ പിടികൂടുന്നതില്‍ വന്‍ വര്‍ധന. ജൂണില്‍ മാത്രം ജില്ലയില്‍ 164 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 168 പ്രതികളെയും, 10 മയക്കുമരുന്ന് കേസുകളിലായി 10 പ്രതികളെയും അറസ്റ്റു ചെയ്തു. 289 പേര്‍ക്കെതിരേ കോട്പ (പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ച) കേസുകളും രജിസ്റ്റര്‍ ചെയ്ത് പിഴ ഈടാക്കി. മെയ് മാസം 111 അബ്കാരി കേസുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 99 പേരെയും, ഏഴ് മയക്കുമരുന്നു കേസുകളിലായി ഏഴ് പ്രതികളെയുമാണ് അറസ്റ്റു ചെയ്തത്. 114 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. 768 റെയ്ഡുകള്‍ നടത്തി. രേഖകളില്ലാതെ ചെക്ക്‌പോസ്റ്റ് വഴി കടത്തിക്കൊണ്ടുവന്ന 158.56 ഗ്രാം സ്വര്‍ണം, 22 ലക്ഷം രൂപ എന്നിവയും പിടികൂടി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ലഹരിക്കായി മരുന്നുകള്‍ ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ സ്റ്റോറുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എക്‌സൈസ് കമ്മിഷണറുടെ പ്രത്യേക നിര്‍ദേശ പ്രകാരം പരിശോധനകളും നിരീക്ഷണങ്ങളും നടത്തിവരികയാണ്. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളില്‍ പ്രത്യേക പരിശോധനകളും നിരീക്ഷണങ്ങളും നടത്തുന്നുണ്ട്. സ്‌കൂള്‍ കോളജ് പരിസരങ്ങളില്‍ കഞ്ചാവ് മാഫിയകള്‍ പിടിമുറുക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാഡോ എക്‌സൈസിന്റെ പ്രത്യേക നിരീക്ഷണം നടത്തിവരുന്നുണ്ട്. സ്‌കൂള്‍ കോളജുകളില്‍ പരാതിപ്പെട്ടികളും സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് പരാതികള്‍, എസ്.എം.എസ്, വാട്‌സ് ആപ്പ് മെസേജ് വഴിയോ ഫോണില്‍ വിളിച്ചോ അറിയിക്കാം. എക്‌സൈസ് കമ്മിഷണര്‍-9447178000 ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍-9447178065, 04972-706698 അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍-9496002873, 04972 749500.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."