കാസര്‍കോട് നഗരസഭാ വനിതാ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍
കാസര്‍കോട്: ജനകീയാസൂത്രണ പദ്ധതി പ്രകാരം 2015-16 സാമ്പത്തിക വര്‍ഷം കാസര്‍കോട് നഗരസഭയില്‍ നിന്നും ബിപിഎല്‍ ഭവന നിര്‍മാണത്തിന് ക്രമവിരുദ്ധമായി പണം നല്‍കിയ സംഭവത്തില്‍ കാസര്‍കോട് നഗരസഭാ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍. ക്രമവിരുദ്ധമായി പണം നല്‍കിയ സംഭവത്തില്‍ ഓവര്‍സിയറെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ ഓവര്‍സിയര്‍ സി.എസ് അജിതയെ സസ്‌പെന്റ് ചെയ്തതായി നഗരസഭാ ചെയര്‍പെഴ്‌സണ്‍ അറിയിച്ചത്.
ബിപിഎല്‍ ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം ഭവന നിര്‍മ്മാണത്തിന് രണ്ട് ലക്ഷം രൂപ അനുവദിക്കപ്പെട്ട ഗുണഭോക്താവ് ഏകദേശം 65 ലക്ഷം രൂപയോളം വരുന്ന വീട് വെച്ചത് സംബന്ധിച്ച് സെക്രട്ടറി നഗരസഭക്ക് മുന്‍പാകെ വെച്ച റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയിലാണ് വീട് പരിശോധന നടത്തിയ ഓവര്‍സിയറെ മാറ്റി നിര്‍ത്തി അന്വേഷിക്കാന്‍ നഗരസഭാ യോഗം തീരുമാനിച്ചത്. തൊട്ടുപിന്നാലെയാണ് ഓവര്‍സിയറെ സസ്‌പെന്റ് ചെയ്തുകൊണ്ടുളള ഉത്തരവ് വന്നത്.
നഗരസഭ ആറാം വാര്‍ഡിലെ ഭൂപാസ് കോപൗണ്ടില്‍ താമസക്കാരനായ പി പത്മനാഭയാണ് നഗരസഭയെ തെറ്റിദ്ധരിപ്പിച്ച് വലിയ വീട് നിര്‍മ്മിച്ചത്. വീട് നിര്‍മ്മാണത്തിന് മൂന്ന് ഗഡുക്കളായി ഒന്നര ലക്ഷം രൂപ കൈപ്പറ്റുകയും ഏകദേശം 65 ലക്ഷത്തിന്റെ വീട് നിര്‍മ്മിക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതോടെ കഴിഞ്ഞ നഗരസഭാ കൗസില്‍ യോഗം സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സെക്രട്ടറിയോട് തേടുകയായിരുന്നു. കഴിഞ്ഞ ദിവസം സെക്രട്ടറി കൗണ്‍സില്‍ യോഗത്തില്‍വച്ച റിപ്പോര്‍ട്ടും അപൂര്‍ണമായതോടെയാണ് ഉദ്യോഗസ്ഥക്കെതിരേ നടപടിയുണ്ടായിരിക്കുന്നത്.
സ്വന്തം വീടിന് പകരം അയല്‍വാസിയായ കെ ദിനേശന്‍ നിര്‍മിച്ച വീടിന് മുന്നില്‍നിന്ന് ഫോട്ടോയെടുത്ത് നല്‍കിയാണ് പത്മനാഭ നഗരസഭയില്‍ നിന്ന് പണം തട്ടിയതെന്നും കെട്ടിട പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് കാട്ടിക്കൊടുത്തതും ദിനേശന്റെ വീടായിരുന്നുവെന്നും ഓവര്‍സിയര്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് ഗഡു പണവും പത്മനാഭ നഗരസഭയില്‍ നിന്ന് വാങ്ങിച്ചെടുത്തു. ബിപിഎല്‍ ഭവന നിര്‍മാണ പദ്ധതി പ്രകാരം 82.5 സ്‌ക്വയര്‍മീറ്റര്‍ വരെയുള്ള ഭവന നിര്‍മാണത്തിന് ധനസഹായം ലഭിക്കും. എന്നാല്‍ പത്മനാഭ നിര്‍മിച്ച വീട് 183.64 സ്‌ക്വയര്‍ മീറ്ററുണ്ട്. സംഭവം സംബന്ധിച്ച പരാതി ഉയര്‍ന്നതോടെയാണ് നഗരസഭ അന്വേഷണം പ്രഖ്യാപിച്ചതും ഓവര്‍സിയര്‍ക്കെതിരേ സസ്‌പെന്‍ഷന്‍ നടപടിയെടുത്തതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."