ചങ്കായ സാറിനെ വിടില്ലെന്ന് വിദ്യാര്‍ഥികള്‍; ഒടുവില്‍ അധികൃതര്‍ മുട്ടുമടക്കി
തിരുവള്ളൂര്‍(തമിഴ് നാട്): സ്ഥലം മാറ്റം കിട്ടിയ അധ്യാപകനെ കെട്ടിപ്പിടിച്ച് വിദ്യാര്‍ഥികള്‍ കരഞ്ഞു പറഞ്ഞു.'സാര്‍ പോകരുത്'. അധ്യാപകന്റെ കണ്ണുകളും നിറഞ്ഞു. തമിഴ്‌നാട് വെള്ളിങ്ങരം സര്‍ക്കാര്‍ സ്‌കൂളിലാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്.
തങ്ങളുടെ ഇംഗ്ലിഷ് അധ്യാപകനായ ജി.ഭഗവാന്‍ സ്ഥലം മാറ്റം കിട്ടിപ്പോകുന്നത് സഹിക്കാന്‍ പറ്റാവുന്നതിലും അപ്പുറമായിരുന്നു വിദ്യാര്‍ഥികള്‍ക്ക്. 28 കാരനായ ഭഗവാന് അധ്യാപകനായി ആദ്യം നിയമനം ലഭിച്ചത് ഈ സ്‌കൂളിലേക്കായിരുന്നു.
വിദ്യാര്‍ഥി-അധ്യാപക അനുപാതം കണക്കിലെടുക്കുമ്പോള്‍ വിദ്യാലയത്തില്‍ അധികമുള്ള അധ്യാപകനാണ് ഭഗവാന്‍.
ഇതോടെയാണ് സ്ഥലം മാറ്റത്തിന് വഴിയൊരുക്കിയത്. പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുന്നതിനപ്പുറത്തേക്ക് വിദ്യാര്‍ഥികളും താനും തമ്മില്‍ ഉണ്ടായിരുന്ന ഊഷ്മളമായ ബന്ധം തകരുന്നതില്‍ വേദനയുണ്ടെന്ന് ഭഗവാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അധ്യാപകനെ കെട്ടിപ്പിടിച്ച് വിദ്യാര്‍ഥികള്‍ കരയുന്ന രംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ അധികൃതര്‍ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."