ഇന്തോനേഷ്യന്‍ ബോട്ടപകടം; ക്യാപ്റ്റന്‍ അറസ്റ്റില്‍
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ക്യാപറ്റന്‍ അറസ്റ്റില്‍. അപകടത്തില്‍ പരുക്കേറ്റതിനാല്‍ ക്യാപ്റ്റനെ ചോദ്യം ചെയ്യാനായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. ടോമ കായലില്‍ തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ 190 പേരെ കാണാതായിരുന്നു.
കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ 18 പേര്‍ രക്ഷപ്പെട്ടെങ്കിലും ഇതുവരെ ബോട്ട് കണ്ടെത്താനാവാത്തത് ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ജലദുരന്തമായി കായല്‍ അപകടം മാറുമോയെന്ന ഭീതി ഉയര്‍ന്നിട്ടുണ്ട്. 60 യാത്രക്കാര്‍ക്ക് മാത്രം സഞ്ചരിക്കാനുള്ള അനുമതി മാത്രമേ ബോട്ടിനുണ്ടായിരുന്നുള്ളൂ. യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള ടിക്കറ്റുകള്‍ നല്‍കിയിരുന്നില്ല.
പെരുന്നാളിനോടനുബന്ധിച്ചുള്ള അവധിദിനം ആഘോഷിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. 450 മീറ്റര്‍ ആഴമുള്ള കായലിന്റെ ഏത് ഭാഗത്താണ് മരത്തിലുള്ള ബോട്ടുള്ളതെന്ന് കണ്ടെത്തേണ്ടത് രക്ഷാപ്രവര്‍ത്തകര്‍ക്കു മുന്നിലെ വെല്ലുവിളിയാണ്. ദൈവത്തില്‍ ഞങ്ങളുടെ കുടുംബങ്ങള്‍ക്കുള്ള പരീക്ഷണമാണിതെന്ന് കാണാതായ ബഗാസ് പ്രമ അനറ്റയുടെ സഹോദരന്‍ ഫജര്‍ അലാംസിയ പുത്ര മാധ്യമങ്ങളോട് പറഞ്ഞു. അവധിദിനം ആഘോഷിക്കാനാണ് അവന്‍ പോയത്. അവന്‍ സുരക്ഷിതനാണോ അല്ലയോ എന്ന് ദൈവത്തിനുമാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ദുരന്തനിവാരണ ഏജന്‍സി തലവന്‍ റിയാദില്‍ ലൂബിസ് പറഞ്ഞു. അപകടത്തില്‍ രക്ഷപ്പെട്ടവരുടെയും മരിച്ചവരുടെയും തത്സമയ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."