ദോഹ-തിരുവനന്തപുരം വിമാനം ചൊവ്വാഴ്ച; എന്തു ചെയ്യണമെന്നറിയാതെ യാത്രക്കാര്‍
ദോഹ: ഇന്ന് തിരുവനന്തപുരത്തേക്ക് പറക്കേണ്ട ദോഹ-തിരുവനന്തപുരം വിമാനം മെയ് 12ന് ചൊവ്വാഴ്ച്ച പറക്കുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു. ലാന്റിങ് പെര്‍മിഷന്‍ കിട്ടാത്തത് കൊണ്ടാണ് വിമാനം ഇന്ന് റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച്ച ഏത് സമയത്താണ് വിമാനം എന്ന് വ്യക്തമായിട്ടില്ല. ലാന്റിങ് പെര്‍മിഷന്‍ ലഭിക്കാത്തതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും കലക്ടര്‍ അറിയിച്ചു. വൈകീട്ട് 3.30ന് പുറപ്പെടേണ്ട വിമാനത്തില്‍ പോകേണ്ടവര്‍ ഇന്ന് രാവിലെ 10 മണിക്ക് മുമ്പ് തന്നെ ദോഹ വിമാനത്താവളത്തില്‍ എത്തിയിരുന്നു. മണിക്കൂറൂകളോളം കാത്തിരുന്ന ശേഷമാണ് വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാര്‍ അറിയുന്നത്.
അതേ സമയം, യാത്രക്കാര്‍ക്ക് മറുപടി നല്‍കാന്‍ ഖത്തര്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ ആരും വിമാനത്താവളത്തില്‍ എത്തിയില്ല. ഫോണ്‍ ചെയ്തിട്ട് എംബസിയില്‍ നിന്ന് പ്രതികരണമില്ലെന്നും യാത്രക്കാര്‍ അറിയിച്ചു.വിസിറ്റിങ് വിസയിലും മറ്റും വന്ന് ടിക്കറ്റ് ലഭിച്ചതിനെ തുടര്‍ന്ന് മുറി ഒഴിഞ്ഞുവന്നവര്‍, യാത്ര ചെയ്യാന്‍ അടിയന്തര ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ട ഗര്‍ഭിണികള്‍, അടിയന്തരമായി നാട്ടില്‍ എത്തി ചികില്‍സ തുടരേണ്ട രോഗികള്‍ തുടങ്ങിയവര്‍ ഇനി എന്ത് ചെയ്യും എന്ന ആശങ്കയില്‍ എയര്‍പോര്‍ട്ടില്‍ തന്നെ തങ്ങുകയാണ്. അഞ്ച് മണിക്കൂര്‍ മുമ്പേ വിമാനത്താവളത്തില്‍ എത്തിയവരാണ് അധികൃതരുടെ അനാസ്ഥ മൂലം കഷ്ടത്തിലായത്.
33 ആഴ്ച്ച ഗര്‍ഭിണിയായ ഭാര്യക്ക് മൂന്ന് ദിവസത്തേക്കുള്ള യാത്രാ ക്ലിയറന്‍സ് ആണ് ലഭിച്ചതെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. ഇനി അടുത്ത ദിവസം യാത്ര ചെയ്യണമെങ്കില്‍ വീണ്ടും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടി വരും. വാടക ക്ലിയര്‍ ചെയ്ത് മുറി ഒഴിഞ്ഞ് വന്നവര്‍ എങ്ങോട്ട് പോകണമെന്നറിയാത്ത സ്ഥിതിയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."