വരള്‍ച്ചാ പ്രതിരോധം: വാട്ടര്‍ കിയോസ്‌ക്കുകള്‍ ലഭ്യമാക്കും
കല്‍പ്പറ്റ: അന്തരീക്ഷ താപനില ഉയരുന്നതിനാല്‍ ജലസ്രോതസുകളിലെ ജലനിരപ്പ് ആശങ്കജനകമായി താഴുന്ന സാഹചര്യത്തില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിന്റെ ഭാഗമായി കുടിവെള്ളക്ഷാമവും ജലസേചന പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ആവശ്യമായ കര്‍മപദ്ധതികള്‍ തയാറാക്കുന്നതിന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
ജില്ലയിലെ 15 പഞ്ചായത്തുകളിലാണ് വരള്‍ച്ചയും ജലക്ഷാമവും ഉണ്ടാകാന്‍ സാധ്യതയുള്ളത്. ആവശ്യമായ ഇടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കാനാണ് തീരുമാനം. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 150 വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കുടിവെള്ളമെത്തിക്കും. വാട്ടര്‍ അതോറിറ്റിക്ക് കീഴിലെ ജലവിതരണ ശൃംഖലകളുടെ അറ്റകുറ്റപ്പണികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ആവശ്യമായ ഇടങ്ങളില്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മിച്ച് ജലം സംഭരിക്കാനുള്ള നടപടികളും സ്വീകരിക്കണം.
വരള്‍ച്ച ലഘൂകരണ നടപടികള്‍ക്കായി 3.5 കോടിയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ജലനിധിക്ക് കീഴിലുള്ള പദ്ധതികളില്‍ ആവശ്യമായ ശുദ്ധജലമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പതിനൊന്ന് പഞ്ചായത്തുകളിലായി 186 പദ്ധതികളാണ് ജലനിധിക്കുള്ളത്. അഞ്ചുകുന്ന്, നെന്‍മേനി, കോട്ടത്തറ എന്നീ പദ്ധതികളില്‍ നിന്ന് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ സാധിക്കുമെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു. വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ വകുപ്പ് , ജലനിധി, ഭൂഗര്‍ഭ ജല വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ജലം ജീവാമൃതം കാംപെയിനും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."