ബഹ്‌റൈനില്‍ തമിഴ്‌നാട് സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
മനാമ: തമിഴ്‌നാട് സ്വദേശിയെ ബഹ്‌റൈന്‍ തലസ്ഥാന നഗരിയിലെ ഗാരേജിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി നാരായണന്‍ മുത്തയ്യ(40)യെ ആണ് കഴിഞ്ഞദിവസം രാത്രി മനാമയിലെ ഒയാസിം അല്‍ മെഹ്‌സ പാതയോട് ചേര്‍ന്നുള്ള ടയോട്ട ഗാരേജിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാത്രി 8 മണിക്കു ശേഷമാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്.
ഗുദൈബിയ ഭാഗത്തുള്ള യത്തീം എയര്‍ കണ്ടീഷനിലായിരുന്നു നാരായണന്‍ ജോലി ചെയ്തിരുന്നത്. 10 വര്‍ഷത്തോളമായി ബഹ്‌റൈനിലുണ്ടെങ്കിലും 6 മാസം മുന്പാണ് ഈ പുതിയ കമ്പനിയിലെ ജോലിക്കെത്തിയത്.
കമ്പനിക്ക് അവധിയായതിനാല്‍ ഈദിനു ശേഷം ഇവിടെ ജോലിക്കു പോയിരുന്നില്ല. തൊട്ടു മുമ്പുള്ള സമയം വരെ റൂമില്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്ന നാരായണന്‍ കൊല്ലപ്പെടുന്നതിന്റെ നിമിഷങ്ങള്‍ക്കു മുമ്പ് നാട്ടിലേയ്ക്ക് ഫോണ്‍ ചെയ്യാനായി പുറത്തിറങ്ങിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. പിന്നീട് അദ്ദേഹം മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഇതിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. ആരോടും വഴക്കിനോ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാനോ നില്‍ക്കാത്ത വ്യക്തിയായിരുന്നു നാരായണന്‍ എന്നും അദ്ദേഹത്തിന് നേരിട്ട അത്യാഹിതത്തില്‍ തങ്ങള്‍ക്ക് നടുക്കമുണ്ടെന്നും അവര്‍ അറിയിച്ചു.
മൂന്നും ആറും വയസ്സു പ്രായമുള്ള രണ്ടു പെണ്‍കുട്ടികളുള്ള നാരായണന്റെ കുടുംബം സാമ്പത്തികമായി വളരെ ക്ലേശത്തിലാണുള്ളതെന്നും അവര്‍ വിശദീകരിച്ചു.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ക്കായി ശ്രമിക്കുന്നുണ്ടെങ്കിലും മരണം കൊലപാതകമായത് കൊണ്ടും രാജ്യത്ത് ഈദ് അവധിയായതിനാലും ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്. പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."