മഴ വലവീശുകാര്‍ക്ക് ആവേശമാകുന്നു
വൈക്കം: നിര്‍ത്താതെ പെയ്യുന്ന മഴ മൂവാറ്റുപുഴയാറില്‍ വലവീശുന്നവര്‍ക്ക് വലിയ ആവേശമാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി വല വീശുന്നവര്‍ക്ക് നിറയെ നാടന്‍ മത്സ്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പുല്ലനും മഞ്ഞക്കൂരിയുമാണ് പ്രധാനമായി ലഭിക്കുന്നത്. ആരംഭത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു വലവീശാന്‍. എന്നാല്‍ വീശുന്നവര്‍ക്ക് നിറയെ മത്സ്യങ്ങളാണ് ലഭിക്കുന്നതെന്നറിഞ്ഞതോടെ വീശുന്നവരുടെ എണ്ണം നൂറുകടന്നു. വെള്ളൂര്‍, തലയോലപ്പറമ്പ്, വൈക്കം ടൗണ്‍, ഉദയനാപുരം പ്രദേശങ്ങളിലെ തോടുകളിലെല്ലാം വെള്ളം നിറഞ്ഞതോടെ നാടന്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ എത്തിയിരിക്കുകയാണ്.
പുല്ലന്‍, മഞ്ഞക്കൂരി, വരാല്‍, കറൂപ്പ്, പരല്‍, പള്ളത്തി, വയമ്പ് ഇങ്ങനെ നീളുന്നൂ മത്സ്യങ്ങള്‍. മീനുകളെല്ലാം വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയാണ്. ട്രോളിങ് വന്നതോടെ കടല്‍ മത്സ്യങ്ങള്‍ കുറഞ്ഞതും നാടന്‍ മത്സ്യങ്ങള്‍ക്ക് ഡിമാന്‍ഡേകി. കോവിലകത്തുംകടവ് മാര്‍ക്കറ്റില്‍ നാടന്‍ മത്സ്യങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ വിറ്റുപോകുന്നത്. എത്തുന്നവര്‍ക്ക് തരക്കേടില്ലാത്ത വിലയില്‍ മത്സ്യങ്ങള്‍ ലഭിക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് വലിയ താല്‍പര്യമില്ലാത്ത പുല്ലനു പോലും നല്ല വില കിട്ടുന്നു.
ഒരു കിലോയ്ക്ക് 200 രൂപ വരെയാണ് വില. നാട്ടുകാരില്‍ പലരും ഇപ്പോള്‍ വലവീശലില്‍ സജീവമായിരിക്കുകയാണ്. നാടന്‍ ഇനത്തില്‍പ്പെട്ട മഞ്ഞക്കൂരിക്കും മാര്‍ക്കറ്റില്‍ നല്ല ഡിമാന്റാണ്.നാട്ടിലെ വലവീശുകാരോടൊപ്പം കൊട്ടകളില്‍ വലയെറിഞ്ഞ് മീന്‍പിടിക്കുന്ന അന്യസംസ്ഥാനക്കാരും മൂവാറ്റുപുഴയാറില്‍ സജീവമാണ്.
ഇവരുടെ വലയിലാണ് കൂടുതലായി മഞ്ഞക്കൂരി കുടുങ്ങുന്നത്. 250 രൂപയാണ് ഒരു കിലോയ്ക്ക് വില. കള്ളുഷാപ്പുകളിലെ ഏറ്റവും ഡിമാന്‍ഡേറിയ വിഭവമാണ് മഞ്ഞക്കൂരി. മഴ തുടര്‍ന്നാല്‍ മൂവാറ്റുപുഴയാറില്‍ വല വീശുന്നവര്‍ക്ക് കുറച്ചുദിവസത്തേക്ക് വലിയ ചാകരയായിരിക്കും ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."