സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയുമെന്ന് കെ.സി വേണുഗോപാല്‍
ആലപ്പുഴ : വഴി പുതുതായി സര്‍വീസ് ആരംഭിച്ച കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ എക്സ്പ്രസിന് ആലപ്പുഴയിലും കായംകുളത്തും സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയുന്നത് ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമരമാര്‍ഗങ്ങളിലേക്കു കടക്കുമെന്ന് കെ.സി വേണുഗോപാല്‍ എം.പി റെയില്‍വേ മന്ത്രിക്കു മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ട്രെയിനിന്റെ ഷെഡ്യൂള്‍ നിശ്ചയിച്ചപ്പോള്‍ ആലപ്പുഴയെയും കായംകുളത്തേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ചു ഈ വര്‍ഷത്തേക്കുള്ള ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ രണ്ടു സ്റ്റേഷനിലും സ്റ്റോപ്പ് ഉണ്ടായിരുന്നു. എന്നാല്‍ ട്രെയിന്‍ കഴിഞ്ഞ ദിവസം ഓടിത്തുടങ്ങിയപ്പോള്‍ കൊല്ലം കഴിഞ്ഞാല്‍ പിന്നെ എറണാകുളത്തു മാത്രമേ സ്റ്റോപ്പുള്ളൂ. തീരദേശ പാതയിലൂടെ പോകുന്ന രാജധാനി ഉള്‍പ്പെടെ എല്ലാ ട്രെയിനുകള്‍ക്കും നിലവില്‍ ജില്ലാ ആസ്ഥാനവും അന്തര്‍ദേശിയ ടൂറിസം കേന്ദ്രവും കൂടിയായ ആലപ്പുഴയില്‍ സ്റ്റോപ്പുണ്ട് എന്നിരിക്കെയാണ് അന്ത്യോദയ എക്സ്പ്രസിന് ആലപ്പുഴയില്‍ സ്റ്റോപ്പ് അനുവദിക്കാതിരുന്നത്.
തിരുവനന്തപുരം ഡിവിഷന് കീഴില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ജംഗ്ഷന് സ്റ്റേഷനായ കായംകുളത്തെ ഒഴിവാക്കിയതിനും ന്യായീകരണമില്ലെന്നു റെയില്‍വേ മന്ത്രിക്കയച്ച കത്തില്‍ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
മതിയായ യാത്രാ സൗകര്യങ്ങളില്ലാത്ത തീരദേശപാതയില്‍ ഈ രണ്ടു സ്റ്റോപ്പുകളെങ്കിലും അടിയന്തിരമായി അനുവദിക്കണമെന്നും ഇല്ലാത്ത പക്ഷം ട്രെയിന്‍ തടയുന്നത് ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമരമാര്‍ഗങ്ങളിലേക്കു കടക്കാന്‍ നിര്‍ബന്ധിതനാകുമെന്നു ചൂണ്ടിക്കാട്ടി വേണുഗോപാല്‍ റെയില്‍വേ മന്ത്രിയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും അടക്കമുള്ള ഉന്നത അധികൃതര്‍ക്ക് കത്തയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."