കൊറിയന്‍ കടലില്‍ യു.എസ് സേനാവിന്യാസം
സിയൂള്‍: ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ക്കിടെ കൊറിയന്‍ കടലില്‍ പടക്കപ്പലുകളെ വിന്യസിച്ച് യു.എസ് നീക്കം. വ്യോമവാഹിനിയും മറ്റു യുദ്ധക്കപ്പലുകളുമടങ്ങിയ കാള്‍ വിന്‍സണ്‍ ആക്രമണസംഘത്തെയാണ് അമേരിക്ക കൊറിയന്‍ കടലിലേക്ക് അയച്ചിരിക്കുന്നത്.
മേഖലയില്‍ സൈനികനീക്കത്തിനു തയാറെടുക്കുന്നതിന്റെ ഭാഗമായാണ് കൊറിയന്‍ കടലിലെ സൈനിക വിന്യാസമെന്ന് അമേരിക്കയുടെ പസഫിക് സേനാ കമാന്‍ഡറുടെ വക്താവ് ഡേവ് ബെന്‍ഹാം വ്യക്തമാക്കി. മേഖലയിലെ ഒന്നാമത്തെ ഭീഷണി ഉത്തര കൊറിയ തന്നെയാണ്.
മിസൈല്‍ പരീക്ഷണങ്ങളും ആണവായുധ ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കവുമായി നിരുത്തരവാദപരമായും കൂസലില്ലാതെയുമാണ് അവര്‍ മുന്നോട്ടുപോകുന്നതെന്നും ബെന്‍ഹാം ആരോപിച്ചു.
10 ആണവായുധ വാഹിനി വിമാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള നിമിറ്റ്‌സ് ഇനത്തിലുള്ള കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സണും രണ്ടു മിസൈല്‍ വാഹിനിക്കപ്പലും ഒരു മിസൈല്‍ ക്രൂയിസറുമാണ് കൊറിയന്‍ കടലില്‍ യു.എസ് വിന്യസിച്ചിരിക്കുന്നത്. അടുത്തിടെ ദ.കൊറിയന്‍ നാവികസേനയുമായി സംയുക്ത പരിശീലനത്തിനായി സിംഗപ്പൂരിലെത്തിയ കപ്പലുകള്‍ പടിഞ്ഞാറന്‍ പസഫിക് കടലിലേക്കു തിരിച്ചിട്ടുണ്ട്.
യു.എസ് സിറിയന്‍ വ്യോമതാവളത്തില്‍ നടത്തിയ മിസൈല്‍ ആക്രണത്തിനെതിരേ ഉത്തരകൊറിയ രംഗത്തെത്തിയിട്ടുണ്ട്.
ഉത്തരകൊറിയയെ അടക്കിനിര്‍ത്താന്‍ ചൈന തയാറായില്ലെങ്കില്‍ വിഷയം തങ്ങള്‍ തന്നെ പരിഹരിക്കുമെന്ന് നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."