സംസ്ഥാന പാത വികസനം: ആശങ്ക പരിഹരിക്കണമെന്ന് ആവശ്യം
വടകര: മുട്ടുങ്ങല്‍ പക്രന്തളം സംസ്ഥാന പാതയിലെ മുട്ടുങ്ങല്‍ മുതല്‍ നാദാപുരം വരെയുള്ള ഭാഗം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കണമെന്ന് ആവശ്യം. റോഡിന് ഇരുവശത്തും താമസിക്കുന്നവരാണ് ആശങ്ക ദൂരീകരിക്കണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുന്നത്. റോഡ് പരിഷ്‌കരിക്കുന്നതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ടെന്‍ഡര്‍ ഏറ്റെടുത്തിട്ടുണ്ട്. പത്തര കിലോ മീറ്റര്‍ റോഡ് 42 കോടി രൂപ ചെലവഴിച്ചാണ് വികസിപ്പിക്കുന്നത്.
റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം നഷ്ടപ്പെടുമോ, നഷ്ടമായാല്‍ തന്നെ നഷ്ടപരിഹാരം ലഭിക്കുമോ എന്നുള്ള കാര്യത്തെ കുറിച്ചൊന്നും കൃത്യമായ മറുപടി അധികൃതരുടെ ഭാഗത്തു നിന്ന് ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നിലവിലുള്ള റോഡ് പരിഷ്‌കരിക്കുകയാണെന്നാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി അധികൃതര്‍ റോഡിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ രൂപീകരിച്ച കൂട്ടായ്മയയുടെ ഭാരവാഹികളോട് പറഞ്ഞത്.
അതേസമയം റോഡ് വികസനവുമായി ബന്ധപ്പെട്ട് സി.കെ നാണു മുന്‍കൈയെടുത്ത് വിളിച്ചു ചേര്‍ത്ത ചോറോട് പഞ്ചായത്ത് തല യോഗത്തില്‍ പതിനഞ്ച് മീറ്റര്‍ നീളത്തിലാണ് റോഡ് വികസിപ്പിക്കുന്നതെന്ന് എം.എല്‍.എ വിശദീകരിക്കുകയുണ്ടായി. സ്ഥലം നാട്ടുകാര്‍ സ്വമേധയാ വിട്ടു നല്‍കണമെന്ന് യോഗത്തില്‍ എം.എല്‍.എ ആവശ്യപ്പെടുകയും ചെയ്തു.
യോഗത്തില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാതെ തനിക്ക് പറയാനുള്ളത് മാത്രം പറയുകയായിരുന്നു എം.എല്‍.എ. ഈ സാഹചര്യത്തിലാണ് ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോഡിനിരുവശവും താമസിക്കുന്നവര്‍ രംഗത്തു വന്നിരിക്കുന്നത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചോറോട്, വെള്ളികുളങ്ങര, ഓര്‍ക്കാട്ടേരി എന്നിവിടങ്ങളിലെ റോഡരികില്‍ താമസിക്കുന്നവരുടെ കൂട്ടായ്മ സി.കെ നാണു എം.എല്‍.എക്ക് നിവേദനം നല്‍കി. കണ്‍വീനര്‍ മുക്കാട്ട് രാമചന്ദ്രന്‍, രവി,കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."