കടലുണ്ടി ട്രെയിനപകടത്തിന് ഇന്ന് 17 തികയുന്നു: ദുരന്തദിനത്തിന്റെ നടുക്കുന്ന ഓര്‍മയില്‍ അസീസ്
പന്തീരാങ്കാവ്: കടലുണ്ടി ദുരന്തത്തിന് ഇന്നു പതിനേഴ് തികയുന്നു. മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട 6602 ചെന്നൈ മെയില്‍ കടലുണ്ടിപ്പുഴയിലേക്ക് മറിഞ്ഞത് 2001 ജൂണ്‍ 22നായിരുന്നു. ദുരന്തത്തില്‍ 52 പേരുടെ ജീവന്‍ പൊലിയുകയും 200ല്‍പരം ആളുകള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
നാടിനെ നടുക്കിയ ദുരന്തത്തില്‍ കടലുണ്ടി പുഴയിലെ തോണിക്കാരുള്‍പ്പടെ നാട്ടുകാര്‍ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലാണു മരണസംഖ്യ ക്രമാതീതമായി ഉയരാതിരിക്കാന്‍ കാരണമായതെന്ന് ഒളവണ്ണ സ്വദേശിയും ജീവകാരുണ്യ പ്രവര്‍ത്തകനും ഗ്രാമ പഞ്ചായത്തംഗവുമായ മീത്തില്‍ അബ്ദുല്‍ അസീസ് ഓര്‍ത്തെടുക്കുന്നു. അപകടത്തിന്റെ തീവ്രതയും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരുടെ കൂട്ടനിലവിളികളും ഇപ്പോഴും മനസിലൂടെ മിന്നിമറയുകയാണെന്ന് അസീസ് പറഞ്ഞു. എല്ലാം മറന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനു മണിക്കൂറുകളാണ് അവിടത്തുകാര്‍ക്കൊപ്പം അസീസ് കടലുണ്ടി പുഴയുടെ ഓളപ്പരപ്പില്‍ ചെലവഴിച്ചത്.
ജീവന്‍ നിലച്ചതും ജീവന്‍ ബാക്കിയായതുമായ ശരീരങ്ങളെ വാരിയും വലിച്ചും കരക്കടുപ്പിച്ചതിന്റെ ഭീതിജനകമായ ഓര്‍മകള്‍ പോലും അസീസിനെ നടുക്കുകയാണ്. അന്നത്തെ ദിവസം ചേലേമ്പ്രയില്‍ ഒരു വിവാഹനിശ്ചയത്തില്‍ പങ്കെടുത്തു മടങ്ങവെയാണ് കടലുണ്ടി ദുരന്തത്തിന്റെ നടുക്കുന്ന വാര്‍ത്ത എത്തുന്നത്. ഉടന്‍ സുഹൃത്തിന്റെ ബൈക്കില്‍ കയറി അങ്ങോട്ടു തിരിക്കുകയായിരുന്നു. ചെന്നൈ മെയിലിന്റെ രണ്ടു ബോഗികള്‍ പൂര്‍ണമായും വെള്ളത്തില്‍. അതില്‍നിന്നു ജീവനുവേണ്ടിയുള്ള പിടച്ചിലുകള്‍, തോണിക്കാരുടെ തിരക്കിട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍. ഫയര്‍ഫോഴ്‌സും പൊലിസും സജീവം. അവിടേക്കാണ് അസീസ് എല്ലാം മറന്നെത്തിയത്. നീന്തിയും മുങ്ങിയും പലരെയും കരക്കെത്തിച്ചു. മണിക്കൂറുകള്‍ അവിടെ ചെലവിട്ട ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു തന്റെ സേവനമെന്ന് അസീസ് ഓര്‍ക്കുന്നു.
മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തുന്നതിന് പൊലിസിനെ സഹായിച്ചു. റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും അന്നത്തെ സിറ്റി പൊലിസ് കമ്മിഷണര്‍ ശങ്കര്‍ റെഡ്ഡിയുടെയും അഭിനന്ദനങ്ങള്‍ അസീസിനെ തേടിയെത്തി. പൂക്കിപ്പറമ്പ് ബസപകടമുണ്ടായപ്പോഴും മിഠായിതെരുവ് പടക്കക്കട തീപ്പിടിത്തമുണ്ടായപ്പോഴും ഓഖി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ അഴുകിയതും ജീര്‍ണിച്ചതുമായ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് എത്തിക്കുന്നതിനും തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഘട്ടംഘട്ടമായി ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുമ്പോള്‍ പെട്ടിയില്‍ അടക്കം ചെയ്ത് തിരുവനന്തപുരം ഭാഗത്തേക്ക് വാഹനത്തില്‍ കയറ്റിക്കൊടുക്കുന്നതിനുമടക്കം രാപകലില്ലാതെ മറ്റെല്ലാ കാര്യങ്ങളും ഒഴിവാക്കി തങ്ങളോടൊപ്പം നിന്ന മീത്തില്‍ അബ്ദുല്‍ അസീസിന്റെ സേവനങ്ങളെ കുറിച്ചു പറയുമ്പോള്‍ തീരദേശ പൊലിസ് ഉദ്യോഗസ്ഥരും ഫിഷറീസ്, റവന്യു ഉദ്യോഗസ്ഥരും വാചാലരാവുകയാണ്.
പതിനേഴാം വയസില്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനം ശരീരത്തിനാവുന്ന കാലത്തോളം തുടരണമെന്നാണു തന്റെ ആഗ്രഹമെന്ന് 52കാരനായ അസീസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."