സി.എം അബ്ദുല്ല മൗലവി വധം: പ്രതിഷേധ സമ്മേളനം വന്‍ വിജയമാക്കുക- സമസ്ത
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സീനിയര്‍ വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ വധവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മാര്‍ച്ച് 10ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടത്തുന്ന പ്രതിഷേധ സമ്മേളനം വന്‍വിജയമാക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറയോഗം അഭ്യര്‍ഥിച്ചു. സമ്മേളനം വിജയിപ്പിക്കുന്നതിന് സമസ്തയുടെയും പോഷകസംഘടനകളുടെയും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും വെള്ളിയാഴ്ച പള്ളികളില്‍ ഇതു സംബന്ധമായി ഉദ്‌ബോധനം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റായിരുന്ന മിത്തബയില്‍ കെ.പി അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ നിര്യാണംമൂലം ഒഴിവു വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാരെ (മൊഗ്രാല്‍, കാസര്‍കോട്)യും കേന്ദ്ര മുശാവറ അംഗങ്ങളായി സയ്യിദ് ഫത്ത്ഹുല്ല മുത്തുക്കോയ തങ്ങള്‍ (അമീനി ദ്വീപ്), തൊട്ടിയില്‍ കെ.കെ മാഹിന്‍ മുസ്‌ലിയാര്‍ (കര്‍ണാടക), എം.എം അബ്ദുല്ല ഫൈസി സിദ്ധാപുരം (കുടക്), എം.പി മുസ്തഫല്‍ ഫൈസി തിരൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മൊഗ്രാല്‍ സ്വദേശിയും 1992 മുതല്‍ കേന്ദ്ര മുശാവറയില്‍ അംഗവുമാണ്. സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി, എം.ഐ.സി ദഅ്‌വ കോളജ് പ്രിന്‍സിപ്പല്‍, കണ്ണിയത്ത് ഉസ്താദ് അക്കാദമി പ്രസിഡന്റ്, ദാറുല്‍ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സെനറ്റ് മെംബര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.
മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട തൊട്ടിയില്‍ കെ.കെ മാഹിന്‍ മുസ്‌ലിയാര്‍ കര്‍ണാടകയിലെ വിട്‌ല സ്വദേശിയാണ്. ചെറുകുന്ന് ജുമാമസ്ജിദില്‍ മുദരിസായി സേവനം ചെയ്യുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റി അംഗവുമാണ്. ഇപ്പോള്‍ കാസര്‍കോട് ചെങ്ങളയിലാണ് താമസം. സയ്യിദ് ഫത്ത്ഹുല്ല മുത്തുക്കോയ തങ്ങള്‍ അമീനി ഖാസിയും സമസ്ത ലക്ഷദ്വീപ് ഏകോപന സമിതി ചെയര്‍മാനുമാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്ന് ആദ്യകാല ബിരുദമെടുത്തവരില്‍പ്പെട്ട വ്യക്തിയാണ്. എം.എം അബ്ദുല്ല മുസ്‌ലിയാര്‍ കര്‍ണാടകയിലെ വീരാജ്‌പേട്ടക്കടുത്ത എടപ്പലം സ്വദേശിയും സമസ്ത കുടക് ജില്ലാ പ്രസിഡന്റും ജില്ലാ നാഇബ് ഖാസിയുമാണ്.
എം.പി.എം മുസ്തഫല്‍ ഫൈസി പ്രമുഖ എഴുത്തുകാരനും സമസ്ത തിരൂര്‍ താലൂക്ക് ജനറല്‍ സെക്രട്ടറിയും പുറമണ്ണൂര്‍ അല്‍ മജ്‌ലിസു ലിദഅ്‌വത്തില്‍ ഇസ്‌ലാമിയ്യ ജനറല്‍ സെക്രട്ടറിയുമാണ്.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, പി. ഇബ്രാഹിം മുസ്‌ലിയാര്‍ വില്യാപ്പള്ളി, ചേലക്കാട് എ. മുഹമ്മദ് മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, ഒ. മുഹമ്മദ് എന്ന കുട്ടി മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ മാരായമംഗലം, ത്വാഖാ അഹ്മദ് മൗലവി, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്‌റത്ത്, ടി.എസ് ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ. ഉമര്‍ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, ചെറുവാളൂര്‍ പി.എസ് ഹൈദ്രൂസ് മുസ്‌ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, ഒ.ടി മൂസ മുസ്‌ലിയാര്‍, ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."