പിടിവാശി വിടാതെ കോണ്‍ഗ്രസ്: ഡല്‍ഹി കാണാനിരിക്കുന്നത് ത്രികോണ മത്സരം
ന്യൂഡല്‍ഹി: ഏഴു സീറ്റുള്ള ഡല്‍ഹിയില്‍ ത്രികോണ മത്സരമാണ് നടക്കുകയെന്ന് ഉറപ്പായിക്കഴിഞ്ഞു. ആറു സീറ്റിലും എ.എ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എ.എ.പിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസും നിലപാട് തീര്‍ത്തു പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്തുണ്ടാക്കിയ സഖ്യം ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പിടിവാശികാരണം ഇല്ലാതായിരിക്കുകയാണ്. ഒട്ടും സുരക്ഷിതമല്ല ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ നില. 2014ലെ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകളും ബി.ജെപിയാണ് നേടിയത്. ഏഴിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. തൊട്ടുപിന്നാല വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും നേടാനാവാതെ കോണ്‍ഗ്രസ് ചിത്രത്തില്‍ നിന്ന് പൂര്‍ണമായും മാഞ്ഞു.
സഖ്യമാവാമെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞിട്ടും കോണ്‍ഗ്രസിന് താല്‍പര്യമില്ലാത്തതിന്റെ കാരണം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാണ്. 2020ലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇപ്പോള്‍ എ.എ.പിയുമായി സഖ്യമുണ്ടാക്കിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്കു മുന്നോട്ടുവയ്ക്കാന്‍ അജന്‍ഡയൊന്നുമുണ്ടാകില്ല.
എത്ര ദുര്‍ബലമാണ് കോണ്‍ഗ്രസിന്റെ നിലയെന്നറിയാന്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് നോക്കിയാല്‍ മതി. 2014ല്‍ ആറു മണ്ഡലങ്ങളിലും ബി.ജെ.പിക്ക് 45 ശതമാനത്തില്‍ കൂടുതല്‍ വോട്ടു ലഭിച്ചു.
ബാക്കിയുള്ള ചാന്ദ്‌നി ചൗക്കില്‍ 44.58 ശതമാനമുണ്ട്. ആം ആദ്മി പാര്‍ട്ടിക്ക് 30 ശതമാനത്തിനു തൊട്ടുതാഴെയും മുകളിലുമായി എല്ലാ മണ്ഡലങ്ങളിലുമുണ്ട്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച 18.50 ശതമാനമാണ് ഏറ്റവും വലുത്. ഏറ്റവും കുറവ് സൗത്ത് ഡല്‍ഹിയില്‍. 11.35 ശതമാനം. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ 11.61 ശതമാനമേയുള്ളൂ. കപില്‍ സിബലിന്റെ മണ്ഡലമായിരുന്ന ചാന്ദ്‌നി ചൗക്കില്‍ 17.94 ശതമാനം മാത്രം.
കോണ്‍ഗ്രസിന് രണ്ടു സീറ്റുകള്‍ നല്‍കാമെന്നാണ് ആം ആദ്മി പാര്‍ട്ടി വാഗ്്ദാനം ചെയ്തത്. ഒരു എം.എല്‍.എ പോലുമില്ലാത്ത പാര്‍ട്ടിക്ക് അതു തന്നെ കൂടുതലാണെന്നാണ് ആം ആദ്മി നിലപാട്. എന്നാല്‍ മൂന്നു സീറ്റുകളില്‍ വീതം കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും മത്സരിക്കുകയും ഒരു സീറ്റില്‍ പൊതുസമ്മതനായ സ്വതന്ത്രനെ നിര്‍ത്തുകയും ചെയ്യണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും വ്യക്തമാക്കുന്നു.
ചാന്ദ്‌നി ചൗക്കും ന്യൂഡല്‍ഹിയും കോണ്‍ഗ്രസിനു നല്‍കാമെന്നാണ് ആംആദ്മി പറയുന്നത്. ന്യൂഡല്‍ഹിയില്‍ നിന്ന് അജയ്മാക്കനും ചാന്ദ്‌നി ചൗക്കില്‍ നിന്ന് കപില്‍സിബലുമായിരുന്നു ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ നല്ലകാലത്ത് തിരഞ്ഞെടുക്കപ്പെടാറ്. കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന മൂന്നാം സീറ്റ് സൗത്ത് ഡല്‍ഹിയാണ്.
സീറ്റ് വിഹിതം വയ്ക്കുന്നതിലെ തര്‍ക്കമല്ല സഖ്യത്തിനുളള പ്രധാന തടസം. കോണ്‍ഗ്രസിനെ ഡല്‍ഹി ഭരണത്തില്‍ നിന്ന് തൂത്തെറിഞ്ഞ ആം ആദ്മിയുമായി സമരസപ്പെടാന്‍ ഷീലാ ദീക്ഷിത് ഉള്‍പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കു കഴിഞ്ഞിട്ടില്ല.
അതോടൊപ്പം കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി പ്രധാന എതിരാളിയുമാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങും സഖ്യത്തിനെതിരാണ്. കഴിഞ്ഞ തവണത്തെ വോട്ടുവിഹിതം വച്ചു നോക്കിയാല്‍ ഇരു പാര്‍ട്ടികളും ചേര്‍ന്നാല്‍ വെസ്റ്റ് ഡല്‍ഹി ഒഴികെയുള്ള മണ്ഡലങ്ങളെല്ലാം പിടിക്കാനാവും.
എന്നാല്‍ ആം ആദ്മിയില്ലെങ്കിലും കുറച്ചു സീറ്റുകള്‍ പിടിക്കാമെന്നാണ് ഷീലാ ദീക്ഷിത് രാഹുല്‍ഗാന്ധിക്കു കൊടുത്ത ഉറപ്പ്.
മറുവശത്ത് ബി.ജെ.പി തങ്ങളുടെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള നടപടികളിലേക്കു കടന്നിട്ടുണ്ട്. ഇതിനായി ഡല്‍ഹിയുടെ ചുമതലയുള്ള നിര്‍മലാ സീതാരാമനും ജയ്ബാന്‍ സിങ്ങും സിറ്റിങ് എംപിമാരുമായി ചര്‍ച്ച നടത്തിവരികയാണ്. എം.പിമാരില്‍ പലരുടെയും പ്രകടനം മോശമാണെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. അത്തരക്കാര്‍ക്ക് ഇത്തവണ സീറ്റ് നല്‍കാനിടയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."