നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി യൂറോപ്പ്
പാരിസ്: കൊവിഡ് മരണവും രോഗവ്യാപനവും തുടരുമ്പോഴും കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകളിലേക്ക് നീങ്ങുകയാണ് യൂറോപ്പ്. മരണസംഖ്യയില്‍ ഒന്നാമത് നില്‍ക്കുന്ന യു.കെ ഒഴികെയുള്ള രാജ്യങ്ങള്‍ ഇന്നലെ മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ സാധിക്കാത്തവരെ തൊഴിലിടത്തിലേക്ക് തിരിച്ചുചെല്ലാന്‍ പ്രോത്സാഹിപ്പിക്കുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതേസമയം ലോക്ക് ഡൗണ്‍ പെട്ടെന്ന് അവസാനിപ്പിക്കാന്‍ കഴിയുന്ന ഘട്ടത്തിലല്ല രാജ്യമിപ്പോള്‍. കാര്യങ്ങള്‍ കുറച്ചുകൂടി ശരിയായാല്‍ സ്‌കൂളുകളും ചില വ്യാപാര സ്ഥാപനങ്ങളും ജൂണോടെ തുറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് സാരമായി ബാധിച്ച ഫ്രാന്‍സില്‍ ഇന്നലെ മുതല്‍ റെഡ്, ഗ്രീന്‍ നിറങ്ങള്‍ നല്‍കി രോഗബാധിത പ്രദേശങ്ങളെ വേര്‍തിരിച്ച് ലോക്ക്ഡൗണില്‍ ഇളവുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ആളുകള്‍ മാസ്‌ക് അണിഞ്ഞ് പൊതു നിരത്തില്‍ നടക്കാന്‍ തുടങ്ങി.
സാമൂഹികാകലം പാലിച്ചുകൊണ്ട് പൊതു ഗതാഗത സംവിധാനവും പുനരാരംഭിച്ചിട്ടുണ്ട്. മെട്രോകളും ബസ് സര്‍വിസും തുടങ്ങിയെങ്കിലും ഒന്നിടവിട്ട സീറ്റിലേ ആളുകള്‍ ഇരിക്കാന്‍ പാടുള്ളൂ. അതിനാല്‍ തന്നെ തിരക്ക് നന്നെ കുറവാണ്. നഴ്‌സറികളും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. മിക്ക ബിസിനസ് സ്ഥാപനങ്ങളും തുറന്നു. എന്നാല്‍ ഹോട്ടലുകള്‍ ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കില്ല.
സ്‌പെയിനില്‍ ടേക്ക് എവേ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. രോഗബാധ കുറഞ്ഞ ഭാഗങ്ങളില്‍ ടൂറിസ്റ്റ് ഹോമുകളും ഹോട്ടലുകളും പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ബാര്‍ബര്‍ ഷോപ്പുകളും പ്രവര്‍ത്തിച്ചു തുടങ്ങി. രോഗമില്ലാത്ത യുവാക്കള്‍ക്ക് ചെറു സംഘങ്ങളുമായി ഇടപഴകാനും അനുവാദമുണ്ട്. ജര്‍മനിയില്‍ പള്ളികള്‍, കടകള്‍, കളിക്കളങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
ബെല്‍ജിയത്തില്‍ കര്‍ശനമായ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. രോഗം കാര്യമായി ബാധിച്ച സ്വിറ്റ്‌സര്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, ആസ്ട്രിയ, ചെക് റിപ്പബ്ലിക്, ഗ്രീസ്, നെതര്‍ലാന്‍ഡ്‌സ് എന്നിവയും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."