കശ്മിരില്‍ 4ജി പുനഃസ്ഥാപിക്കാന്‍ ഉത്തരവിടാതെ സുപ്രിം കോടതി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കശ്മിരില്‍ 4ജി ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ ഉത്തരവിടണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രിംകോടതി.
ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിക്കാന്‍ ജസ്റ്റിസുമാരായ എന്‍.വി രമണ, സുഭാഷ് റെഡ്ഢി, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
4ജി സര്‍വിസ് മരവിപ്പിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരേയായിരുന്നു ഹരജി. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയം തന്നെ തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. പകര്‍ച്ച വ്യാധി കാലത്ത് ഇന്റര്‍നെറ്റ് സൗകര്യമെന്ന അവകാശവും രാജ്യസുരക്ഷയെന്ന ആശങ്കയും സമിതി ഒരുപോലെ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
ലോകമെങ്ങും പകര്‍ച്ചവ്യാധി പടരുകയും രാജ്യം ലോക്ക് ഡൗണിലാവുകയും ചെയ്ത സാഹചര്യത്തില്‍ മികച്ച ഇന്റര്‍നെറ്റ് സൗകര്യമുണ്ടാവുകയെന്നത് നല്ലകാര്യമാണ്. എന്നാല്‍, കശ്മിരില്‍ രാജ്യത്തിന് പുറത്തുനിന്നുള്ള ഒരുവിഭാഗം നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനാല്‍ നിരപരാധികളായ ജനങ്ങളും സുരക്ഷാ സൈനികരും ദിവസേന കൊല്ലപ്പെടുന്നു. കശ്മിരിലെ ഇന്‍ര്‍നെറ്റ് നിരോധനം സംബന്ധിച്ച ഹരജിയില്‍ നേരത്തെ കോടതി വിധി പറഞ്ഞിട്ടുള്ളതാണ്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാവുമ്പോള്‍ കോടതിക്ക് ഇടപെടുന്നതില്‍ പരിമിതികളുണ്ട്. അതിനാല്‍ ഇത് പരിശോധിക്കാന്‍ സമിതി രൂപീകരിക്കണം. സമിതിയില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര കമ്മ്യൂണിക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റ് സെക്രട്ടറി, ജമ്മു- കശ്മിര്‍ ചീഫ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായിരിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഹരജിക്കാരും എതിര്‍വിഭാഗവും കോടതി മുന്‍പാകെ ഉന്നയിച്ച കാര്യങ്ങള്‍ സമിതി പരിശോധിക്കണം. ഹരജിക്കാര്‍ നിര്‍ദേശിച്ച മാതൃകയില്‍ താല്‍ക്കാലികമായോ ഭാഗികമായോ 4ജി പുനഃസ്ഥാപിക്കാന്‍ പറ്റുമോയെന്ന കാര്യവും പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
ഫൗണ്ടേഷന്‍ ഫോര്‍ മീഡിയ പ്രൊഫഷണല്‍സ്, ജമ്മു കശ്മിര്‍ പ്രൈവറ്റ് സ്‌കൂള്‍സ് അസോസിയേഷന്‍ എന്നിവരാണ് കേസിലെ പ്രധാന ഹരജിക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."