ഈ പോരാട്ടത്തില്‍ നിങ്ങളാണ് മുന്‍നിരയില്‍; നഴ്‌സുമാര്‍ക്ക് ആദരം അര്‍പ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ നഴ്‌സുമാര്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടകാരിയായ ഒരു വൈറസ് ഉയര്‍ത്തുന്ന ഭീഷണിയെ വകവയ്ക്കാതെ നാടിനു വേണ്ടി രാപ്പകലെന്നില്ലാതെ അവര്‍ അദ്ധ്വാനിക്കുകയാണ്. അവരില്‍ രോഗബാധിതരായവര്‍ പോലും ഭയന്നു പിന്‍വാങ്ങാതെ സേവനസന്നദ്ധരായി വീണ്ടും മുന്നോട്ടു വന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുന്ന കാഴ്ചകളാണ് നമ്മള്‍ കണ്ടത്. അവരുയര്‍ത്തുന്ന പ്രതിരോധമാണ് ഈ രോഗത്തില്‍ നിന്നും അനവധി പേരുടെ ജീവന്‍ രക്ഷിച്ചത്. അവര്‍ കാണിക്കുന്ന ധീരതയാണ് ഈ പോരാട്ടത്തില്‍ നമ്മുടെ കരുത്തായി മാറുന്നത്.- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നമ്മളിന്നൊരു യുദ്ധത്തിലാണ്. ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയിൽ നിന്നും നാടിനെയും മനുഷ്യരാശിയെയും രക്ഷിക്കുന്നതിനുള്ള കഠിന പ്രയത്നത്തിൽ. ആ യുദ്ധത്തിൻ്റെ ഏറ്റവും മുൻനിരയിൽ, അക്ഷരാർത്ഥത്തിൽ, ജീവൻ പണയം വച്ചു പോരാടിക്കൊണ്ടിരിക്കുന്ന വിഭാഗങ്ങളിൽ ഒന്ന് നഴ്സുമാരാണ്. അപകടകാരിയായ ഒരു വൈറസ് ഉയർത്തുന്ന ഭീഷണിയെ വകവയ്ക്കാതെ നാടിനു വേണ്ടി രാപ്പകലെന്നില്ലാതെ അവർ അദ്ധ്വാനിക്കുകയാണ്. അവരിൽ രോഗബാധിതരായവർ പോലും ഭയന്നു പിൻവാങ്ങാതെ സേവനസന്നദ്ധരായി വീണ്ടും മുന്നോട്ടു വന്ന് പ്രതിരോധ പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കുന്ന കാഴ്ചകളാണ് നമ്മൾ കണ്ടത്. അവരുയർത്തുന്ന പ്രതിരോധമാണ് ഈ രോഗത്തിൽ നിന്നും അനവധി പേരുടെ ജീവൻ രക്ഷിച്ചത്. അവർ കാണിക്കുന്ന ധീരതയാണ് ഈ പോരാട്ടത്തിൽ നമ്മുടെ കരുത്തായി മാറുന്നത്.
കേരളത്തിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും ഈ പോരാട്ടത്തിൻ്റെ മുൻപന്തിയിൽ മലയാളികളായ നഴ്സുമാർ പ്രവർത്തിക്കുന്നു എന്നത് ഈ നാടിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. ലോക നഴ്സസ് ദിനത്തിൽ ഈ ഘട്ടത്തിൽ അവരുൾപ്പെടെ എല്ലാ നഴ്സുമാരും കാഴ്ചവച്ച മഹനീയ സേവനങ്ങളെ അഭിനന്ദിക്കുന്നു. നിപ്പ പകർച്ച വ്യാധിക്കെതിരെയുള്ള പോരാട്ടത്തിൽ മരണമടഞ്ഞ സിസ്റ്റർ ലിനിയുൾപ്പെടെയുള്ളവരുടെ ത്യാഗങ്ങളെ നന്ദിപൂർവ്വം സ്മരിക്കുന്നു. അവരോട് ഈ ലോകം കടപ്പെട്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."