രണ്ടും കല്‍പ്പിച്ച് ജര്‍മനി
റോസ്റ്റോവ് അരീന: ഗ്രൂപ്പ് എഫില്‍ ഇന്നത്തെ രണ്ട് മത്സരങ്ങളും നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ മെക്സിക്കോക്ക് മുന്നില്‍ മുട്ടുകുത്തിയ ജര്‍മനിക്കും സ്വീഡനോട് പരാജയപ്പെട്ട ദക്ഷിണ കൊറിയക്കും ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനില്ല. സ്വീഡനാണ് ജര്‍മനിയുടെ എതിരാളികള്‍. ദക്ഷിണ കൊറിയക്ക് മെക്സിക്കോയും. കഴിഞ്ഞ മത്സരത്തില്‍ മികച്ചു നിന്നെങ്കിലും മുന്‍ ചാംപ്യന്മാര് മെക്സിക്കോക്ക് മുന്നില്‍ ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു. ഗോള്‍വലക്ക് മുന്നില്‍ കാവല്‍ തീര്‍ത്ത മെക്സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലെര്‍മോ ഒച്ചോയാണ് ജര്‍മനിയുടെ തോല്‍വിക്ക് കാരണം. ഒന്‍പത് സേവുകളാണ് ഒച്ചോവ നടത്തിയത്. ഇനിയുള്ള മത്സരങ്ങളെല്ലാം ഞങ്ങള്‍ക്ക് ഫൈനലുകളാണെന്ന് തോല്‍വിക്ക് ശേഷം മെസുട്ട് ഓസിലും ജര്‍മന്‍ ഗോള്‍കീപ്പര്‍ ന്യൂയറും ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. ഗ്രൂപ്പ് എഫില്‍ മൂന്ന് പോയിന്റുമായി മെക്സിക്കോയും സ്വീഡനും ഒന്നാം സ്ഥാനത്തുണ്ട്. ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയക്ക് മേല്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയ സ്വീഡനും ചില്ലറക്കാരല്ല. ശക്തമായ മധ്യനിരയാണ് സ്വീഡന്റെ കരുത്ത്. പക്ഷേ ജര്‍മന്‍ യുവത്വത്തിന് മുന്നില്‍ സ്വീഡന് വിയര്‍ക്കാന്‍ സാധ്യതയുണ്ട്. മെസുട്ട് ഒസിലും ഡ്രാക്സലറും ടിമോ വെര്‍ണറും തിളങ്ങിയാല്‍ സ്വീഡന് ജര്‍മനിയോട് അടിയറവ് പറയേണ്ടി വരും.
മറ്റൊരു മത്സരത്തില്‍ മെക്സിക്കോ ദക്ഷിണ കൊറിയയെ നേരിടും. കൊറിയയെ പരാജപ്പെടുത്തി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി മുന്നേറാമെന്നതാണ് മെക്സിക്കോയുടെ തന്ത്രം. കളി ജയിച്ചില്ലെങ്കിലും മറ്റുള്ളവരെ ചുമ്മാ അങ്ങ് വിടാന്‍ ദക്ഷിണ കൊറിയയും ഒരുക്കമല്ല.
ടോട്ടനം താരം സണ്‍ ആണ് കൊറിയയുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. സ്വീഡനെതിരേ സണ്‍ നടത്തിയ പല മുന്നേറ്റങ്ങളും ഫിനിഷിങ്ങിലെ അഭാവം കാരണം ലക്ഷ്യത്തിലെത്തിക്കാനായിരുന്നില്ല. ഈ പോരായ്മ നികത്തിയായിരിക്കും കൊറിയ കളത്തിലിറങ്ങുക. വമ്പന്‍ താരനിരയുമായിട്ടാണ് മെക്സിക്കോയും വരുന്നത്. ഹെര്‍ണാണ്ടസും ലാസിനോയും മികച്ച ഫോമിലാണെന്നതിനാല്‍ തകര്‍പ്പന്‍ പോരാട്ടമായിരിക്കും അരങ്ങേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."