ആളും ബഹളവുമൊഴിഞ്ഞു; ദുരന്തബാധിതര്‍ കടുത്ത ദുരിതത്തില്‍
താമരശേരി: കരിഞ്ചോല ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് എട്ടു ദിവസങ്ങള്‍ പിന്നിടുന്നു. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും അഭയംപ്രാപിച്ച ദുരന്തബാധിതര്‍ കടുത്ത ദുരിതമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കട്ടിപ്പാറ വെട്ടി ഒഴിഞ്ഞതോട്ടത്തിലെ യു.പി സ്‌കൂളിലും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനമില്ലാത്ത കെട്ടിടത്തിലുമാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്.
സ്‌കൂളില്‍ എട്ടു കുടുംബങ്ങളിലായി 23 പേരും പി.എച്ച്.സിയില്‍ എട്ടു കുടുംബങ്ങളിലായി 25 പേരുമാണ് ഇപ്പോള്‍ കഴിയുന്നത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന അവശേഷിക്കുന്നവരെ വാടകവീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും മാറ്റിത്താമസിപ്പിക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സ്‌കൂളിലെ രണ്ടു മുറികളിലും പി.എച്ച്.സിയിലെ മുറിയിലുമായി എത്രകാലം തങ്ങള്‍ക്കു കഴിയേണ്ടി വരുമെന്നാണ് ഇവിടെയുള്ളവര്‍ ചോദിക്കുന്നത്.
ചമല്‍, കട്ടിപ്പാറ, വെട്ടി ഒഴിഞ്ഞതോട്ടം എന്നിവിടങ്ങളിലായി മൂന്ന് ക്യാംപുകളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. മൂന്നിടങ്ങളില്‍നിന്നുമായി 36 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് നിതീഷ് കല്ലുള്ളതോട് 'സുപ്രഭാത'ത്തോട് പറഞ്ഞു. എന്നാല്‍ ചമലിലെ ചില കുടുംബങ്ങളെയും വെട്ടി ഒഴിഞ്ഞതോട്ടത്തിലെ ക്യാംപുകളിലുള്ളവരെയും മാറ്റാനുള്ള നടപടികള്‍ തുടരുകയാണെന്നും ഇദ്ദേഹം പറഞ്ഞു.
ക്യാംപില്‍ കഴിയുന്നവരുടെ പേരുവിവരങ്ങള്‍ വച്ച് ഇവരെ ക്യാംപുകളില്‍നിന്നു മാറ്റിയതായും വാടകവീടുകള്‍ നല്‍കിയതായും അധികൃതര്‍ വിവരങ്ങള്‍ നല്‍കുന്നതായി ഇവര്‍ പറഞ്ഞു. ഇതു തങ്ങള്‍ക്കു പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ക്യാംപില്‍ സന്നദ്ധസംഘടനകളും മറ്റും നല്‍കുന്ന ഭക്ഷണസാധനങ്ങള്‍ കൂട്ടായി ഉണ്ടാക്കിയാണ് ഇവര്‍ കഴിക്കുന്നത്. കിടക്കാന്‍ സ്‌കൂളിന്റെ ക്ലാസ്മുറിയും ആശുപത്രിവരാന്തയും ഉപയോഗപ്പെടുത്തും. ഇങ്ങനെ എത്രകാലം കഴിച്ചുകൂട്ടേണ്ടി വരുമെന്നും ഇവര്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."