മഴവെള്ള സംഭരണത്തിലൂടെ വരള്‍ച്ചയെ തോല്‍പ്പിച്ച് ബിജി ജോസഫ്
തൊടുപുഴ: വറുതിയില്‍ നാടാകെ പൊരിയുന്ന ഈ വേളയില്‍ വെള്ളത്തിനായി ജല സംരക്ഷണത്തിന്റെ ആകാശ സാധ്യതകളാണ് തൊടുപുഴയ്ക്ക് സമീപം ഉറവപ്പാറയില്‍ കണിയാപറമ്പില്‍ ബിജി ജോസഫ് കാട്ടിത്തരുന്നത്. മഴവെള്ളം സംഭരിച്ച് എങ്ങനെ കൃഷിയും മറ്റും തടസമില്ലാതെ നടത്തുകയാണ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ കൂടിയായ ബിജി.
തൊടുപുഴ പട്ടണത്തിന്റെ അതിരിട്ട് നില്‍ക്കുന്ന ഉറവപ്പാറയിലൂടെ വെറുതെ ഒഴുകിപ്പോകുന്ന മഴവെള്ളം ചെറിയ അളവില്‍ സംഭരിച്ച് കത്തുന്ന ഈ വെയില്‍ക്കാലത്തും തന്റെ കൃഷിഭൂമിയെ പച്ചപ്പ് നിറഞ്ഞതാക്കുകയാണ് ഇദ്ദേഹം. നമുക്കേവര്‍ക്കും സാധ്യമാക്കാവുന്ന മഴവെള്ള സംഭരണത്തിന്റെ ലഘുവായ മാതൃകയാണ് ഈ 'ഉദ്യോഗസ്ഥ കര്‍ഷകന്‍' പരിചയപ്പെടുത്തുന്നത്. ഈ വലിയ പാറയിലൂടെ വെറുതെ ഒഴുകിപ്പോയിരുന്ന ചെറിയൊരംശം മഴവെള്ളത്തെ തന്റെ പ്രായോഗിക എന്‍ജിനീയറിങ് കൊണ്ട് സംഭരിച്ച് മത്സ്യക്കൃഷിയും കൃഷിക്കാവശ്യമായ ജലസേചനവും സാധ്യമാക്കിയിരിക്കുകയാണ് ബിജി ജോസഫ്. ഇത്തരം നൂതനസാക്ഷാല്‍ക്കാരങ്ങളെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഹരിതകേരളം മിഷന്‍ ഒരുക്കുന്ന വീഡിയോ ഡോക്യുമെന്ററികളില്‍ ബിജിയുടെ ഈ കണ്ടെത്തലും ഇടം നേടിയിട്ടുണ്ടെന്ന് ഹരിതകേരളം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. ജി എസ് മധു പറഞ്ഞു.
രണ്ടരകിലോമീറ്ററില്‍ നീണ്ടു കിടക്കുന്ന 80 അടി വീതിയും 200അടി ഉയരവുമുള്ള കൂറ്റന്‍ മലയാണ് ഉറവപ്പാറ. മഴപെയ്യുമ്പോള്‍ ഈ പാറക്കെട്ടിന്റെ ഇരുവശത്തൂടെ വെള്ളം സുഭിക്ഷമായൊഴുകി പോകുന്നു. ഇതിനെ ഫലപ്രദമായി ഉപയോഗിച്ച് കൃഷിയും മീന്‍ വളര്‍ത്തലും നടത്തുകയാണ് ബിജി തന്റെ 50 സെന്റ് ഭൂമിയില്‍. പാറയില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളത്തെ ഒരു ചെറിയ പാത്തിയിലൂടെ കടത്തിവിട്ട് രണ്ടിഞ്ച് പൈപ്പിലൂടെയൊഴുക്കി മഴവെള്ളസംഭരണിയിലെത്തിക്കുകയാണ് ആദ്യം ചെയ്തത്. അതിനായി 40000ലിറ്ററിന്റെ ടാങ്കായിരുന്നു സ്ഥാപിച്ചത്. അവിടെ നിന്നും വെള്ളം 60000ലിറ്റര്‍ വീതം സംഭരണശേഷിയുള്ള മൂന്നു പടുതാക്കുളങ്ങളിലേക്കെത്തിക്കുന്നു. ചണച്ചാക്കുകളുപയോഗിച്ചാണ് ആദ്യം ഈ കുളങ്ങള്‍ നിര്‍മിച്ചത്. എന്നാല്‍, ചിതലുകളുടെ ശല്യം ഭീഷണിയാകുമെന്ന് തോന്നിയതിനെ തുടര്‍ന്ന് നൈലോണിന്റെ പ്ലാസ്റ്റിക്ക് ഉപയോഗിക്കുകയായിരുന്നു. ഈ മൂന്നു കുളങ്ങളിലും മീനുകളെ വളര്‍ത്തുകയാണ്. രണ്ട് ലക്ഷം രൂപയോളം ചെലവിട്ടെങ്കിലും ജലക്ഷാമം പരിഹരിക്കാനായത് വലിയ നേട്ടമാണെന്ന് ബിജി കരുതുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ എന്‍ജിനീയറിങ് അസിസ്റ്റന്റായ ബിജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."