മുക്കം ഉപജില്ലയില്‍ പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ കുത്തൊഴുക്ക്
മുക്കം: ജില്ലയില്‍ സ്‌കൂള്‍ തുറന്ന് ആറാം പ്രവൃത്തി ദിവസത്തെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ മുക്കം ഉപജില്ലയില്‍ പൊതു വിദ്യാലയങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞവര്‍ഷം 12130 കുട്ടികള്‍ ഉണ്ടായിരുന്നത് ഇത്തവണ 12662 ആയാണ് വര്‍ധിച്ചത്. 532 കുട്ടികളുടെ വര്‍ധനവാണ് ഈ അധ്യയന വര്‍ഷം രേഖപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കൊഴിഞ്ഞ് പോക്കാണ് ഉണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ വര്‍ധിക്കുകയായിരുന്നു. മുക്കം ഉപജില്ലയിലെ ഒന്ന് മുതല്‍ ഏഴ് വരെയുള്ള 57 പൊതു വിദ്യാലയങ്ങളിലാണ് ഇത്രയും വിദ്യാര്‍ഥികള്‍ പുതുതായി പ്രവേശനം നേടിയത്.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ 377 ആണ്‍കുട്ടികളും 350 പെണ്‍കുട്ടികളുമടക്കം 727 വിദ്യാര്‍ഥികള്‍ പുതുതായി പ്രവേശനം നേടിയപ്പോള്‍ ഇത്തവണയത് 398 ആണ്‍കുട്ടികളും 418 പെണ്‍കുട്ടികളുമടക്കം 816 വിദ്യാര്‍ഥികളായി വര്‍ധിച്ചു.
രണ്ടാം ക്ലാസില്‍ 707 വിദ്യാര്‍ഥികള്‍ എന്നത് ഇത്തവണ 788 ആയും മൂന്നാം ക്ലാസില്‍ 756 വിദ്യാര്‍ഥികള്‍ എന്നത് 784 ആയും വര്‍ധിച്ചു. നാലാം ക്ലാസില്‍ 852 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നത് 832 ആയി. അഞ്ചാം തരത്തില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ 570 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 629 വിദ്യാര്‍ഥികളായി വര്‍ധിച്ചു. ആറാം ക്ലാസില്‍ കഴിഞ്ഞ തവണ 588 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ ഇത്തവണയും 588 പേര്‍ തന്നെയാണുളളത്. ഏഴാം ക്ലാസില്‍ 610 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നത് ഇത്തവണ 606 ആയി.
എയ്ഡഡ് സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഒന്നാം ക്ലാസില്‍ 860 വിദ്യാര്‍ഥികള്‍ തന്നെയാണ് പഠിക്കുന്നത്. രണ്ടാം ക്ലാസില്‍ 793 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നത് ഇത്തവണ 915 ആയി വര്‍ധിച്ചു. മൂന്നാം ക്ലാസില്‍ 870 എന്നത് ഇത്തവണ 878 ന്നയും നാലാം ക്ലാസില്‍ 877 വിദ്യാര്‍ഥികള്‍ എന്നത് 944 ആയും വര്‍ധിച്ചു. അഞ്ചാം ക്ലാസില്‍ കഴിഞ്ഞ അധ്യയന വര്‍ഷം 977 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയിരുന്നതെങ്കില്‍ ഇത്തവണ അത് 1023 ആയി വര്‍ധിച്ചു.
ആറാം ക്ലാസില്‍ 1044 എന്നത് 1000 മായി കുറഞ്ഞപ്പോള്‍ ഏഴാം തരത്തില്‍ 987 എന്നത് ഇത്തവണ 1045 വിദ്യാര്‍ഥികളായി വര്‍ധിക്കുകയായിരുന്നു.
അതേ സമയം സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒന്നാം തരത്തില്‍ 214 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ പഠിച്ചിരുന്നെങ്കില്‍ ഇത്തവണയത് 191 ആയി കുറഞ്ഞു.
അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടികള്‍ സര്‍ക്കാര്‍ ശക്തമാക്കിയതും പൊതു വിദ്യാലയങ്ങളില്‍ നാട്ടുകാരുടെ സഹായത്തോടെ വിവിധ പദ്ധതികള്‍ നടപ്പാക്കിയതുമാണ് ഇത്രയധികം വിദ്യാര്‍ഥികള്‍ വര്‍ധിക്കാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കപെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."