മലബാര്‍ മേഖലയിലെ ലഹരി വില്‍പന സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍
മുക്കം: മലബാര്‍ മേഖലയിലെ മദ്യ കഞ്ചാവ് വില്‍പനസംഘത്തിലെ മുഖ്യകണ്ണി മുക്കത്ത് അറസ്റ്റിലായി. ലഹരി മരുന്ന് വില്‍പനയുമായി ബന്ധപ്പെട്ടു നിരവധി തവണ അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്ത അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി എരുമ ബഷീര്‍ എന്നറിയപ്പെടുന്ന തിരുത്തിപറമ്പന്‍ ബഷീര്‍ (45) ആണ് മുക്കം പൊലിസിന്റെ പിടിയിലായത്.
കോഴിക്കോട് റൂറല്‍ ജില്ലാ പൊലിസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇയാള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഷാഡോ പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു. പൊലിസിന്റെ നീക്കം മനസിലാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍നിന്ന് 225 ഗ്രാം കഞ്ചാവ് പൊലിസ് പിടിച്ചെടുത്തു.
ആര്‍ഭാട ജീവിതം നയിക്കുന്ന ഇയാള്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് മുക്കം പൊലിസ് സ്റ്റേഷനില്‍ തന്നെ അനധികൃതമായി വിദേശമദ്യം കടത്തുന്നതിനിടെയും പിടിയിലായിട്ടുണ്ട്. കൂടാതെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ സമാനമായ നിരവധി കേസുകളുണ്ട്. പിടിയിലാകുമ്പോള്‍ പൊലിസിനെ അക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണ്.
മുക്കം എസ്.ഐ കെ.പി അഭിലാഷ്, അഡിഷനല്‍ എസ്.ഐ ഇ. ഹമീദ്, പൊലിസുകാരായ സലീം മുട്ടത്ത്, ശ്രീജേഷ്, ശ്രീകാന്ത്, ശശിധരന്‍, താമരശ്ശേരി ഡിവൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ രാജീവ് ബാബു, ഷിബില്‍ ജോസഫ്, ഹരിദാസന്‍, ഷെഫീഖ് നീലിയാനിക്കല്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."