വാതക ശ്മശാന നിര്‍മാണം അന്തിമഘട്ടത്തില്‍
കൂത്തുപറമ്പ്: നഗരസഭയുടെ വാതക ശ്മശാനത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍. വലിയ വെളിച്ചത്ത് നഗരസഭയുടെ ശാന്തിവനം പൊതുശ്മശാനം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് വാതക ശ്മശാനം നിര്‍മിക്കുന്നത്. ഈമാസം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകും. എണ്‍പത് ലക്ഷത്തിലേറെ ചെലവിട്ടാണ് വാതക ശ്മശാനംനിര്‍മിക്കുന്നത്. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ശ്മശാനത്തിന്റെ നിര്‍മാണം ആരംഭിച്ചത്. കെട്ടിടത്തിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി.
ഫര്‍ണസ് സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. നിലവില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിവനം പൊതു ശ്മശാനത്തില്‍ ചിരട്ട ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. ഇതു മലിനീകരണം ഉള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്ന സാഹചര്യത്തിലാണ് ആധുനിക സംവിധാനങ്ങളോടു കൂടിയ വാതക ശ്മശാനം നിര്‍മിക്കാന്‍ തീരുമാനിച്ചത്. നിര്‍മാണം പൂര്‍ത്തിയാകുന്ന വാതക ശ്മശാനത്തില്‍ ആദ്യഘട്ടത്തില്‍ ഒരു മൃതദേഹം സംസ്‌കരിക്കാനുള്ള സംവിധാനം, ഓഫുസ്, ടോയ്‌ലറ്റുകള്‍, സംസ്‌കാരചടങ്ങില്‍ എത്തുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം, മഴവെള്ള സംഭരണി എന്നിവയാണ് ഒരുക്കുന്നത്. രണ്ടാംഘട്ടത്തില്‍ ഒരേസമയം രണ്ടു മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സൗകര്യം, പൂന്തോട്ടം എന്നിവ ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."