തന്ത്രങ്ങളുടെ 'ഫൈനല്‍'
പാരിസ്: യൂറോ കപ്പില്‍ ഇന്ന് ക്ലാസിക്ക് ഫൈനല്‍. മാഡ്രിഡ് ടീമുകളുടെ പ്രമുഖ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഫൈനലിന്റെ പ്രത്യേകത. പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് താരവും ഫ്രാന്‍സിന്റെ അന്റോണിയോ ഗ്രിസ്മാന്‍ അത്‌ലറ്റികോ മാഡ്രിഡ് താരവുമാണ്. നേരത്തെ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ഇരു താരങ്ങളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം ക്രിസ്റ്റ്യാനോയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും മുന്‍തൂക്കം പ്രവചിക്കാനാവില്ല. തുടക്കത്തില്‍ പതറിയ പോര്‍ച്ചുഗല്‍ നോക്കൗട്ട് റൗണ്ടില്‍ മികവ് പ്രകടിപ്പിച്ചാണ് ഫൈനലിലെത്തിയത്. ഫ്രാന്‍സും സമാന പ്രകടനം തന്നെയാണ് പുറത്തെടുത്തത്. സെമിയില്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയെ വീഴ്ത്തിയതോടെ കിരീട സാധ്യതയില്‍ മുന്‍പന്തിയിലാണ് ഫ്രാന്‍സ്.
ക്രിസ്റ്റ്യാനോ-ഗ്രിസ്മാന്‍
പോര്‍ച്ചുഗലിനെ മുന്നില്‍ നിന്നു നയിക്കുന്നത് ക്രിസ്റ്റ്യാനോയാണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പതറിയെങ്കിലും ഹംഗറിക്കെതിരേ ഇരട്ട ഗോളുകള്‍ നേടി ഫോമിലേക്കുയര്‍ന്നു. സെമിയില്‍ വെയ്ല്‍സിനെതിരേ ടീമിന്റെ നിര്‍ണായകമായ ആദ്യ ഗോള്‍ നേടിയതും രണ്ടാം ഗോളിന് വഴിയൊരുക്കിയതും ക്രിസ്റ്റ്യാനോയാണ്. തനിക്കെതിരേയുള്ള വിമര്‍ശനങ്ങള്‍ മികവു കൊണ്ട് മറികടന്ന ക്രിസ്റ്റ്യാനോയുടെ പ്രകടനം ഫൈനലിലും നിര്‍ണായകമാണ്. താരത്തെ പ്രതിരോധിച്ചിട്ടില്ലെങ്കില്‍ കിരീട പ്രതീക്ഷ ഫ്രാന്‍സിന് ഉപേക്ഷിക്കാം.
നിലവില്‍ ഗ്രിസ്മാന്‍ ഫ്രാന്‍സിന്റെ ഹീറോയാണ്. ആറു മത്സരങ്ങളില്‍ നിന്നു ആറു ഗോളോടെ ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാമതാണ് ഗ്രിസ്മാന്‍. ജര്‍മനിക്കെതിരേ നേടിയ ഇരട്ട ഗോളുകള്‍ താരത്തിന്റെ പ്രതിഭയ്‌ക്കൊത്തതായിരുന്നു. ടൂര്‍ണമെന്റിലെ ഫ്രാന്‍സിന്റെ സാധ്യതകളെ ഇത്രത്തോളം സജീവമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചതും ഗ്രിസ്മാനാണ്. ഫൈനലില്‍ ഇതേ മികവ് തുടര്‍ന്നാല്‍ ഗ്രിസ്മാനെ തളയ്ക്കാന്‍ പോര്‍ച്ചുഗല്‍ പാടു പെടേണ്ടി വരും.
റെനാറ്റോ സാഞ്ചസ്-ദിമിത്രി പയെറ്റ്
ഈ യൂറോയുടെ കണ്ടെത്തലുകളാണ് റെനാറ്റോ സാഞ്ചസും ദിമിത്രി പയെറ്റും. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഫ്രഞ്ച് ടീമിന്റെ ആക്രമണങ്ങളെ സമന്വയിപ്പിക്കാനും ഗോളവസരങ്ങള്‍ ഒരുക്കാനുമുള്ള പയെറ്റിന്റെ മിടുക്ക് ഫ്രാന്‍സിന്റെ വിജയങ്ങളില്‍ നിര്‍ണായകമായിട്ടുണ്ട്. മൂന്നു ഗോളോടെ ടോപ് സ്‌കോറര്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് പയെറ്റിന്റെ സ്ഥാനം. അതേസമയം അദ്ഭുത താരമായ സാഞ്ചസ് ടീമിന്റെ മുന്നേറ്റങ്ങളെ നയിക്കുന്നതോടൊപ്പം ഗോളടിക്കുന്നതിലും മികവ് പുലര്‍ത്തുന്നു. ക്വാര്‍ട്ടറില്‍ ടീമിന്റെ സമനില ഗോള്‍ മാത്രം മതി സാഞ്ചസിന്റെ പ്രതിഭ എത്രത്തോളമുണ്ടെന്നറിയാന്‍.
പരുക്ക് ഭീഷണിയില്ല
ഇരു ടീമുകളിലും പ്രമുഖ താരങ്ങള്‍ക്ക് പരുക്കില്ല എന്നത് ഗുണകരമാണ്. പോര്‍ച്ചുഗല്‍നിരയില്‍ പെപ്പെ പരുക്ക് ഭേദമായി തിരിച്ചെത്തും. സെമിയില്‍ താരം കളിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന ടീമിന്റെ പരിശീലനത്തില്‍ താരം പങ്കെടുത്തിരുന്നു. സസ്‌പെന്‍ഷനെ തുടര്‍ന്ന് സെമി നഷ്ടപ്പെട്ട പ്രതിരോധ താരം വില്യം കാര്‍വാലോയും ഫൈനലില്‍ കളിക്കും. അതേസമയം ഫ്രഞ്ച് ടീമില്‍ കാര്യമായ പരുക്കോ സസ്‌പെന്‍ഷനോ ആര്‍ക്കുമില്ല. സെമിയില്‍ കളിച്ച അതേ ടീമിനെ തന്നെയാവും കലാശപ്പോരിലും ഫ്രാന്‍സ് കളത്തിലിറക്കുക.
പരീശിലകര്‍ നേര്‍ക്കുനേര്‍
പരിശീലകരുടെ കാര്യത്തില്‍ ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സും പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസും തമ്മിലുള്ള മത്സരം കൂടിയാണിത്. എന്നാല്‍ തന്ത്രങ്ങളുടെ കാര്യത്തില്‍ ദെഷാംപ്‌സ് ഒരുപടി മുന്നിലാണ്. ഫ്രഞ്ച് ടീമിനു വേണ്ടി കളിച്ചപ്പോള്‍ യൂറോ കപ്പ് സ്വന്തമാക്കിയ ദെഷാംപ്‌സ് അതേ നേട്ടം തന്നെയാണ് ഇവിടെയും ലക്ഷ്യമിടുന്നത്. ഫ്രഞ്ച് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. ലോകകപ്പും യൂറോകപ്പും ചാംപ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയ ചരിത്രത്തിലെ രണ്ടാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് ദെഷാംപ്‌സ്. താന്‍ കളിക്കളത്തില്‍ പ്രകടിപ്പിച്ച മികവ് ഇപ്പോഴുള്ള ഫ്രഞ്ച് ടീമിനും പ്രകടിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്് ദെഷാംപ്‌സ് പറയുന്നുണ്ട്. അവസാന വരെ വിജയത്തിനായി പൊരുതാനുളള കഴിവും ടീമിനുണ്ട്. ദെഷാംപ്‌സിന്റെ തന്ത്രങ്ങളാണ് ജര്‍മനിക്കെതിരേ വിജയമൊരുക്കുന്നതില്‍ നിര്‍ണായകമായത്. ടൂര്‍ണമെന്റിലൂടനീളം പഴികേട്ട ടീമിന്റെ പ്രതിരോധത്തെ മികവുറ്റതാക്കാനും സെമിയില്‍ ദെഷാംപ്‌സിന്റെ തന്ത്രങ്ങള്‍ക്ക് സാധിച്ചിരുന്നു. ജയത്തിലൂടെ ജര്‍മനിയുടെ ബെര്‍ട്ടി വോഗറ്റ്‌സിന്റെ കളിക്കാരനായും പരിശീലകനായും കിരീടം സ്വന്തമാക്കിയെന്ന നേട്ടം ദെഷാംപ്‌സിനും സ്വന്തമാക്കാം.
അതേസമയം ഫെര്‍ണാണ്ടോ സാന്റോസ് കളിക്കാരനായി മികവ് പുലര്‍ത്തിയിട്ടുണ്ടെങ്കിലും ടീമിനെ ഇതുവരെ പ്രമുഖ ടൂര്‍ണമെന്റുകളില്‍ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ യൂറോയില്‍ സാന്റോസിന്റെ തന്ത്രങ്ങളാണ് പോര്‍ച്ചുഗലിന്റെ വിജയങ്ങളില്‍ പ്രതിഫലിപ്പിച്ചത്. പ്രതിരോധ താരമായിരുന്ന സാന്റോസ് ടീമിലും പ്രതിരോധ തന്ത്രങ്ങള്‍ തന്നെയാണ് പരീക്ഷിക്കുന്നത്. 25 മത്സരങ്ങളില്‍ പരീശീലിപ്പിച്ച സാന്റോസ് ടീമിനു 15 വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
ചരിത്രം ഫ്രാന്‍സിന് അനുകൂലം
സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ഫ്രാന്‍സിനുണ്ട്. സെമിയില്‍ കാണികളുടെ പിന്തുണ ഫ്രാന്‍സിനെ ജയിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ഇരു ടീമുകളും പ്രമുഖ ടൂര്‍ണമെന്റുകളില്‍ ഇതു നാലാം തവണയാണ് ഏറ്റുമുട്ടുന്നത്. ഇതില്‍ മൂന്നു ജയം ഫ്രാന്‍സിനൊപ്പമായിരുന്നു. 1984, 2000 വര്‍ഷങ്ങളിലെ യൂറോ കപ്പ്, 2006 ലോകകപ്പ് എന്നിവയിലാണ് ഇരുവരും നേരത്തെ മുഖാമുഖം വന്നത്. ഈ ജയങ്ങളെല്ലാം സെമി ഫൈനലിലായിരുന്നു. ഇരുവരും തമ്മില്‍ അവസാനം കളിച്ച 10 മത്സരങ്ങളിലും ജയം ഫ്രാന്‍സിനൊപ്പമായിരുന്നു. സ്വന്തം മണ്ണില്‍ അവസാനം കളിച്ച 18 മത്സരങ്ങളിലും ഫ്രാന്‍സ് തോല്‍വിയറിഞ്ഞിട്ടില്ല. 16 എണ്ണം ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു. അതേസമയം കിരീടം നേടിയാല്‍ മൂന്നു തവണ കിരീടം നേടിയ ജര്‍മനിക്കും സ്‌പെയിനിനുമൊപ്പംസ്ഥാനം പിടിക്കാന്‍ ഫ്രാന്‍സിന് സാധിക്കും.
ക്രിസ്റ്റ്യാനോയെ തളയ്ക്കാന്‍
പ്രത്യേക തന്ത്രങ്ങളില്ല: ദെഷാംപ്‌സ്
പാരിസ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തളയ്ക്കാന്‍ പ്രത്യേക തന്ത്രങ്ങളില്ലെന്ന് ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ്. ക്രിസ്റ്റ്യാനോ മികച്ച താരമാണ്. അദ്ദേഹത്തെ പിടിച്ചുകെട്ടുക അസാധ്യമാണ്. എന്നാല്‍ അദ്ദേഹത്തിനായി പ്രത്യേക തന്ത്രങ്ങളൊരുക്കാന്‍ താന്‍ തയാറല്ല. അതേസമയം ക്രിസ്റ്റ്യാനോയെ സ്വതന്ത്രമായി കളിക്കാനും അനുവദിക്കില്ലെന്ന് ദെഷാംപസ് കൂട്ടിച്ചേര്‍ത്തു.
ടീം മികച്ച ഫോമിലാണ് കളിക്കുന്നത്. അതിലുപരി പരസ്പര ബഹുമാനവും വിജയതൃഷ്ണയും അവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാധ്യത ഫ്രാന്‍സിന് പക്ഷേ കിരീടം
പോര്‍ച്ചുഗലിന്: ക്രിസ്റ്റ്യാനോ
പാരിസ്: ആതിഥേയരായ ഫ്രാന്‍സാണ് ഫൈനലിലെ കിരീട സാധ്യത ഏറ്റവുമധികം ഉള്ള ടീമെന്ന് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പക്ഷേ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെ വീഴ്ത്താന്‍ കെല്‍പ്പുള്ള ടീമാണ്. അന്തിമ വിജയം ടീമിനൊപ്പം നില്‍ക്കുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. ദേശീയ ടീമിനായി കിരീടം നേടുക എന്നതാണ് എക്കാലത്തെയും സ്വ്പനം. ക്ലബിന് വേണ്ടി എല്ലാ നേട്ടങ്ങളും സ്വന്തമാക്കി കഴിഞ്ഞു. ഇനി യൂറോ കപ്പ് പോലുള്ള കിരീടമാണ് വേണ്ടത്. അതിനുവേണ്ടി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."