പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ശഫീഖ് ഖാസിമി അറസ്റ്റില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരു മാസത്തിലേറെ ഒളിവില്‍ കഴിയുന്ന പ്രഭാഷകന്‍ ശഫീഖ് അല്‍ ഖാസിമി പിടിയില്‍. മധുരയില്‍ നിന്നാണ് ഇയാളെ ഡി.വൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ഇയാളെ സഹായിച്ച ഫാസില്‍ എന്നയാളെയും പിടികൂടിയിട്ടുണ്ട്. ശഫീഖ് ഖാസിമി വേഷം മാറി തിരിച്ചറിയാനാവാത്ത വിധത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്.
ഈയിടെ പൊലിസ് അറസ്റ്റ് ചെയ്ത സഹോദരനില്‍ നിന്ന് ലഭിച്ച സൂചനകളില്‍ നിന്ന് ഷാഡോ പൊലിസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കഴിയുന്നത്.
പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാവ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേ ഹൈക്കോടതിയാണ് പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ തന്നെ തുടരാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
പെണ്‍കുട്ടി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി കുടുംബത്തിനൊപ്പം പോകണമെന്ന് അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
പൊലീസില്‍ പരാതിപ്പെടാന്‍ പെണ്‍കുട്ടിയുടെ കുടുംബം ആദ്യം തയ്യാറായിരുന്നില്ല. കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാനും കുടുംബം സമ്മതിച്ചിരുന്നില്ല. ഇതോടെയായിരുന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
പെണ്‍കുട്ടി ഇപ്പോള്‍ പരീക്ഷ എഴുതാന്‍ പോകുന്നത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നുകൊണ്ടാണ്. ശഫീഖ് കാസിമിക്ക് കീഴടങ്ങാനുള്ള അവസരം ഒരുക്കിയിരുന്നു. ആദ്യം കീഴടങ്ങാമെന്നറിയിച്ച ഇദ്ദേഹം പിന്നീട് ഒളിവില്‍ പോകുകയായിരുന്നു.
കേസില്‍ എന്തുകൊണ്ടാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാത്തതെന്നും ഹൈക്കോടതി നേരെത്തെ ചോദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."