ഖുര്‍ആനുമായുള്ള സമാഗമം (8)കാലം തന്നെ ശപഥം
മനുഷ്യ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താനാവാത്ത സുപ്രപധാന ഘടകമാണ് കാലം. മനുഷ്യ ചിന്ത, പ്രവൃത്തി തുടങ്ങി ജീവിതം മുഴുക്കെ കാലവുമായി ഇഴുകിച്ചേര്‍ന്നതാണ്. കാലത്തെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ മനുഷ്യകുലത്തിനിപ്പോഴും കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല. അത് പിടിതരാത്ത പ്രഹേളികയായി തുടരുകയാണ്. കാലത്തെ പ്രതി പലവിധ മതക്കാരായ വിവിധ ധാരകളുണ്ട്. ഈ ലോകത്ത് മനുഷ്യന്‍ ജനിക്കുന്നു ജീവിക്കുന്നു മരിക്കുന്നു അത്രേയുള്ളൂ. അതിനപ്പുറം ഒന്നുമില്ല. ഇവിടത്തെ ജനനവും ജീവിതവും മരണവും എല്ലാം ആകസ്മികമാണെന്ന് വിശ്വസിക്കുന്ന ഒരുപാട് ജനവിഭാഗങ്ങളുണ്ട്.
കേവലം ഭൗതികവാദികളെന്ന് നമുക്കവരെ വിളിക്കാം. ഭൗതികവാദത്തോട് നോ പറയുന്ന ഒരുപാട് ആദ്ധ്യാത്മികതത്വശാസ്ത്രാ ധാരകള്‍ നിലവിലുണ്ട്. ഏഷ്യ, ആഫ്രിക്ക, സൗത്തമേരിക്ക തുടങ്ങി ഭൂലോകത്തിന്റെ വിവിധ ദിക്കുകളില്‍ കേവല ഭൗതികവാദത്തോട് ഇഴപിരിയുന്ന വിവിധ വിശ്വാസആശയ ധാരകളെ നമുക്ക് കാണാന്‍ സാധിക്കും. മനുഷ്യ ജീവിതം ഇവിടെ തുടങ്ങി ഇവിടെതന്നെ അവസാനിക്കുന്ന ഒന്നല്ല. ഭൂമിയിലെ ജീവിതം ഒരു ഇടനാഴി മാത്രമാണ്. അതിന് മമ്പും ശേഷവും ജീവിതമുണ്ട്.
ഖുര്‍ആനില്‍ അല്ലാഹു പറയുന്നു ' ഈ ഐഹിക ലോക ജീവിതമല്ലാതെ വേറെയൊരു ജീവിതവും ഇല്ലേയില്ല, നാം ചിലര്‍ മരിക്കുകയും മറ്റു ചിലര്‍ ജീവിക്കുകയും ചെയ്യുന്നു. കാലം മാത്രമാണ് നമ്മെ നശിപ്പിക്കുന്നത് എന്ന് നിഷേധികള്‍ ജല്‍പിച്ചു. അവര്‍ക്ക് അത് സംബന്ധിച്ച് ഒരു വസ്തുതയുമറിയില്ല; ഊഹങ്ങള്‍ വെച്ചുപുലര്‍ത്തുക മാത്രമാണ്' (ജാസിയ 24) പരലോക ജീവിതത്തെ അവിശ്വസിക്കുന്നവരെക്കുറിച്ചാണ് അല്ലാഹു ഈ വാക്യത്തില്‍ പ്രതിപാദിക്കുന്നത്. ഏകദൈവത്തെ നിരാകരിക്കുന്ന ഭൗതികവാദത്തിന്റെ സത്തയാണിത്. തങ്ങളുടെ വാദങ്ങളൊക്കെ തീര്‍ത്തും ശാസ്ത്രീയമാണെന്ന് വാദിക്കുന്നവര്‍ക്ക് അല്ലാഹു ഈ വാക്യത്തില്‍ തന്നെ മറുപടി പറയുന്നുണ്ട്.
അവരുടെ വാദങ്ങള്‍ മുഴുക്കെ അനുമാനങ്ങള്‍ മാത്രമാണ്. ഒരു വസ്തുതയും അവര്‍ക്ക് ഇക്കാര്യത്തില്‍ അറിവില്ല. ശാസ്ത്രം ഉത്തുംഗതി പ്രാപിച്ച ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കാലത്തെക്കുറിച്ചുള്ള ഭൗതികവാദികളുടെ വാദങ്ങള്‍ തീര്‍ത്തും അനുമാനങ്ങള്‍ മാത്രമാണ്. അതെക്കുറിച്ച് ഇത്ര തറപ്പിച്ചു പറയാന്‍ ഒരു പരേതനും ഇതുവരെ തിരിച്ചു വന്നിട്ടില്ല. ഖുര്‍ആന്‍ പറയുന്നത് ഇഹലോക വാസാനന്തരം വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന പരലോക ജീവിതം മനുഷ്യന് കടന്നു വരാനുണ്ടെന്നാണ്. മനുഷ്യന്റെ ഇഹലോകത്തെ ക്ഷണിക ജീവിതത്തിന് അര്‍ത്ഥം കല്‍പിച്ചു തരുന്നതാണ് പരലോക ജീവിതം.
ഈ ലോക ജീവിതത്തിന് അര്‍ത്ഥവും ഫലപ്രാപ്തിയും ലഭിക്കണമെങ്കില്‍ സദ്‌വൃത്തികള്‍ ചെയ്യണം. ശാന്തിയും സമാധാനവും കൈമാറ്റം ചെയ്യണം. ദരിദ്ര സഹോദരങ്ങളെ സഹായിക്കണം. ആദരവും ബഹുമാനവും വകവെച്ചു കൊടുക്കണം. മനുഷ്യന്റെ ജീവിത കാലം തീരെ ക്ഷണികമാണ്. സമയങ്ങള്‍ ദുര്‍വ്യയം ചെയ്യുന്നത് മൗഢ്യമാണ്. ജീവിതം ചിട്ടപ്പെടുത്തിയെടുക്കണം. ജീവിതമെന്ന ഒരു നുള്ളു സമയത്തെ വളരെ കരുതലോടെ ഉപയുക്തമാക്കണം. ദിനം പ്രതി അഞ്ചുനേരത്തെ പ്രാര്‍ത്ഥന നമ്മുടെ ജീവിതത്തെ കൂടുതല്‍ ക്രമീകൃതമാക്കാന്‍ സഹായിക്കുന്നതാണ്.
സ്രഷ്ടാവിനോടുള്ള അണമുറിയാത്ത ബന്ധം ജീവിതത്തെ കൂടുതല്‍ പുഷ്ടിപ്പെടുത്തും. കാലവും സമയവും നഷ്ടപ്പെടുത്താതെ ജീവിതത്തെ ക്രമപ്പെടുത്തിയെടുക്കല്‍ കാലത്തിന്റെ അധികാരിയെ ബഹുമാനിക്കല്‍ കൂടിയാണ്. തഥൈവ സമയത്തെ ഗൗനിക്കാതെയുള്ള അസംസ്‌കൃത, അക്രമ ജീവിതം കാലത്തിന്റെ അധികാരിയായ അല്ലാഹുവിനെ നിന്ദിക്കല്‍ കൂടിയാണ്. അതാണ് പ്രവാചകന്‍ മുഹമ്മദ് നബി പറയുന്നത്. നിങ്ങള്‍ കാലത്തെ പഴിക്കരുത്. കാലത്തെ പഴിക്കുന്നത് അതിന്റെ സ്രഷ്ടാവിനെ പഴിക്കുന്നതിന് തുല്യമാണ്. അറബികളോടാണ് നബി ഇക്കാര്യം പറഞ്ഞത്. ദു:ഖകരമായ വല്ലതും സംഭവിച്ചാല്‍ കാലത്തെ പഴിക്കുന്ന സ്വഭാവം അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. ഈ ക്ഷണിക ജീവതം കൂടുതല്‍ ആത്മനിഷ്ഠ പാലിച്ച് സമൃദ്ധവും സമ്പന്നവുമാക്കി സ്രഷ്ടാവുമായുള്ള ബന്ധം കൂടുതല്‍ തരളിതമാക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്.
രണ്ട്, കാലത്തെക്കുറിച്ച് ഇനിയും നാം ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. നിമിഷാര്‍ദ്ദം സഞ്ചരിക്കുന്ന ഒരു സംജ്ഞയാണ് കാലം. എത്രയെത്ര സംഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കടന്നുപോകുന്നു. നാം തന്നെ കാലത്തിലൂടെ കടന്നു പോകുന്നു. നമുക്ക് മുമ്പും ശേഷവും കാലം ഇവിടെ ബാക്കി. അലൗകിക ജ്ഞാനവും യുക്തിയും ബുദ്ധിയുമുപയോഗിച്ച് ശാസ്ത്രീയമായ രീതിയില്‍ കാലത്തെക്കുറിച്ച് നമുക്ക് പര്യവേഷണം നടത്താന്‍ സാധിക്കണം. ആത്മീയവും ശാസ്ത്രീയവുമായ ജ്ഞാനങ്ങള്‍ ചേര്‍ത്തുവെച്ചുള്ള പര്യവേഷണം കാലത്തെ കൃത്യമായി ഗ്രഹിക്കാന്‍ നമ്മെ സഹായിക്കും.
ഇതുമായി ചേര്‍ത്തുവായിക്കേണ്ട മറ്റൊരു വാക്യം ഖുര്‍ആനിലുണ്ട്. 'അങ്ങു പ്രഖ്യാപിക്കുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുകയും പിന്നീട് മരണപ്പെടുത്തുകയും അനന്തരം അന്ത്യനാളിലേക്ക് നിസ്സംശയം സംഗമിപ്പിക്കുകയും ചെയ്യും. പക്ഷേ, മിക്ക ജനങ്ങളും സത്യമറിയുന്നില്ല' (ജാസിയ 26). മനുഷ്യ ജീവിതം കേവലം ജീവിതം മാത്രമാണെന്നും മനുഷ്യനത് ഇവിടെ ജീവിച്ചു തീര്‍ക്കുന്നുവെന്നും അതിനപ്പുറം ജീവിതത്തിന് കര്യമായ അര്‍ത്ഥം കല്‍പിക്കാത്ത പരലോക ജീവിതത്തെ നിരാകരിക്കുന്നവരെ നാം ഓര്‍മപ്പെടുത്തേണ്ട വാക്യമാണിത്. മനുഷ്യനില്‍ ജീവന്‍ സന്നിവേശിപ്പിക്കുന്നതും അത് തിരികെ പിടിക്കുന്നതും അല്ലാഹുവാണ്. നിസ്സംശയം പരലോകത്ത് നാമേവരെയും അല്ലാഹു ഒരുമിച്ചു കൂട്ടും. അന്ന് ഇഹലാകത്തെ ഓരോ നിമിഷത്തെക്കുറിച്ചും മനുഷ്യന്‍ ചോദ്യം ചെയ്യപ്പെടും.
ചെയ്തികള്‍ ചോദ്യം ചെയ്യപ്പെടും. മനുഷ്യ സഹോദരങ്ങളോട് നിന്റെ സമീപനമെന്തായിരുന്നുവെന്ന് ചോദ്യം വരും. അബലരായ സഹോദരങ്ങളെ നീ സഹായിച്ചോ എന്ന ചോദ്യം വരും. നിന്റെ സ്വഭാവത്തെക്കുറിച്ചു ചോദ്യം വരും. ഇഹലോക ജീവിതത്തെ ഓരോ നിമിഷവും വിചാരണ വിധേയമാവുമ്പോള്‍ മനുഷ്യനതിന് മറുപടി പറയേണ്ടതുണ്ട്. പരലോക ജീവിതത്തെക്കുറിച്ച് അനുമാനമാത്രയില്‍ ഭൗതികവാദികള്‍ നിരാകരിക്കുമ്പോള്‍ ഖുര്‍ആന്‍ വെളിപാടിന്റടിസ്ഥാനത്തില്‍ നിസ്സംശയം പരലോകത്തെ സ്ഥിരപ്പെടുത്തുകയാണ്. മാത്രമല്ല ശാസ്ത്രീയ ജ്ഞാനികളും വെളിപാടുകളെ വാസ്തവീകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."