വിഷുത്തിരക്കിലലിഞ്ഞ് നഗരം
കണ്ണൂര്‍: ചുട്ടുപൊള്ളുന്ന വേനലിലും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ വിഷുക്കണിയൊരുക്കാന്‍ നാടും നഗരവും ഒരുങ്ങി. വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കു കൊഴുപ്പേകാന്‍ നഗരത്തിലാരംഭിച്ച മേളകളില്‍ വന്‍ തിരക്കാണ്. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ മുതല്‍ പ്രസ്‌ക്ലബ് റോഡ് വരെയുള്ള ഭാഗം വഴിയോര കച്ചവടക്കാര്‍ കൈയടക്കി.
കരകൗശല-കൈത്തറി മേള, കൈത്തറി വിപണന മേള, ചക്കമേള എന്നിവ കൂടാതെ തണല്‍ ഫെയറും വന്നതോടെ നഗരത്തിലെ വിഷുവിപണി ഉണര്‍ന്നു. പടക്ക വിപണയില്‍ പുലിമുരുകന്‍ പടക്കങ്ങളാണു ട്രെന്‍ഡ്.
വിഷുവിനു മുന്‍പുള്ള അവസാന ഞായറാഴ്ചയായ കഴിഞ്ഞദിവസം മേളകളിലെല്ലാം വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വെയില്‍ കനത്തതു വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നു കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. വൈകുന്നേരമാണ് മേളകളിലേക്കും മറ്റും ആളുകള്‍ കൂടുതലായി എത്തുന്നത്. വിഷുവിപണി സജീവമായതോടെ റോഡിലും അതു പ്രതിഫലിച്ചു തുടങ്ങി. കുടുംബസമേതവും അല്ലാതെയും എത്തുന്നവരുടെ വാഹനങ്ങള്‍ കൊണ്ട് നഗരത്തിലെ നിരത്തുകളെല്ലാം നിറഞ്ഞു.
വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നതോടെ കൂടുതല്‍ പൊലിസുകാരെ ഗതാഗത നിയന്ത്രണത്തിനും നിയോഗിക്കുമെന്നു ട്രാഫിക് പൊലിസ് അറിയിച്ചു.
നഗരത്തില്‍ തിരക്കുവര്‍ധിച്ചതോടെ മേളകള്‍ നടക്കുന്ന ടൗണ്‍സ്‌ക്വയര്‍ റോഡിലും നഗരത്തിലെ മറ്റു പ്രധാന റോഡുകളിലും പൊലിസ് നിരീക്ഷണം ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."