ബി.പി.സി.എല്ലും കെ.എസ്.ഇ.ബിയും ചാംപ്യന്മാര്‍
വടകര: കരുത്തരായ ഇന്ത്യന്‍ ആര്‍മിയെ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് കൊച്ചി (ബി.പി.സി.എല്‍) അഖിലേന്ത്യാ വോളി ചാംപ്യന്മാരായി. വനിതാ വിഭാഗത്തില്‍ കെ.എസ്.ഇ.ബി ചാംപ്യന്‍പട്ടം നേടി.
പ്രാഥമിക റൗണ്ടില്‍ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്ക് ആര്‍മിയെ തോല്‍പ്പിച്ച ബി.പി.സി.എല്ലിനു ഫൈനലില്‍ വിയര്‍ക്കേണ്ടി വന്നു. അഞ്ചു സെറ്റും കളിച്ച് അവസാന നിമിഷംവരെ മത്സരഗതി മാറ്റിമറിച്ചാണ് തോല്‍ക്കാന്‍ ആര്‍മി തയാറായത്. (സ്‌കോര്‍ 25-22, 25-23, 20-25, 19-25, 16-14). പരുക്കേറ്റ ജെറോമിനു പകരം അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫിനെ ഇറക്കിയ ബി.പി.സി.എല്ലിനൊപ്പം തന്നെ ആര്‍മിയും പോയിന്റുമായി കുതിക്കുന്നതാണ് മത്സരത്തിലുടനീളം കണ്ടത്. പങ്കജ്ശര്‍മ, ജിത്തുതോമസ്, സെറ്റര്‍ ലാല്‍ സുജ എന്നിവര്‍ ആര്‍മിക്കു വേണ്ടി കളം നിറഞ്ഞുതിര്‍ത്തപ്പോള്‍ അജിത്ത്‌ലാലിന്റെ അപാര ഫോമാണ് പെട്രോളിയത്തിന് തുണയായത്.
ഓരോ സെറ്റിലും പത്തു പോയിന്റോളം അജിത്ത്‌ലാലിന്റെ വ്യക്തിഗത മികവില്‍ ബി.പി.സി.എല്ലിനു ലഭിച്ചു. ആദ്യ രണ്ടു സെറ്റുകള്‍ നേടിയ ബി.പി.സി.എല്‍ ഏകപക്ഷീയ വിജയം സ്വന്തമാക്കുമെന്നു തോന്നിച്ചെങ്കിലും ശക്തമായ തിരിച്ചുവരവിലൂടെ ആര്‍മി മൂന്നും നാലും സെറ്റുകള്‍ കൈയടക്കുകയായിരുന്നു. ദൈര്‍ഘ്യമേറിയ അവസാന സെറ്റ് അജിത്ത്‌ലാലിന്റെ തകര്‍പ്പന്‍ ഷോട്ടിലൂടെ വിജയവുമായി ബി.പി.സി.എല്‍ വെന്നിക്കൊടി പാറിക്കുകയായിരുന്നു.
നേരത്തെ നടന്ന വനിതാ വിഭാഗം മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കാണ് കെ.എസ്.ഇ.ബി വെസ്റ്റേണ്‍ റെയില്‍വേയെ തോല്‍പ്പിച്ചത്. (സ്‌കോര്‍: 25-17, 20-25, 25-15, 25-17). ഇന്റര്‍നാഷണല്‍ താരങ്ങളായ ക്യാപ്റ്റന്‍ എസ്. രേഖയുടെയും ടിജി രാജുവിന്റെയും ശ്രുതിയുടെയും മിന്നുന്ന പ്രകടനമാണ് കെ.എസ്.ഇ.ബിയുടെ വിജയത്തിന് അടിത്തറയിട്ടത്. മല്ലിക ഷെട്ടിയും ഭാഗ്യലക്ഷ്മിയും ക്യാപ്റ്റന്‍ ശില്‍പ സക്കറിയയും റെയില്‍വേ പക്ഷത്ത് തിളങ്ങി.
പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ആര്‍മിയിലെ നവീന്‍കുമാര്‍ മേളയിലെ ഏറ്റവും നല്ല കളിക്കാരനുള്ള പുരസ്‌കാരം നേടി. മികച്ച അറ്റാക്കറായി ബി.പി.സി.എല്ലിലെ അജിത്ത്‌ലാലും നല്ല ലിബറോ ആയി കിരണ്‍ഫിലിപ്പും (ബി.പി.സി.എല്‍) തിരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തില്‍ വെസ്റ്റേണ്‍ റെയില്‍വേയിലെ മല്ലിക ഷെട്ടിയാണ് മികച്ച കളിക്കാരി. മികച്ച അറ്റാക്കറായി കെ.എസ്.ഇ.ബി ക്യാപ്റ്റന്‍ എസ്. രേഖയും നല്ല ലിബറോ ആയി റെയില്‍വേയിലെ ബിന്‍സിയും തിരഞ്ഞെടുക്കപ്പെട്ടു. സമ്മാനദാനം ഡോ. മുഹമ്മദ് റഫീക്ക്, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ശ്രീധരന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സി. ഭാസ്‌കരന്‍ എന്നിവര്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."