കൊല്ലത്ത് എന്‍.ഡി.എയില്‍ അനിശ്ചിതത്വം അവസാനിക്കുന്നില്ല
#രാജു ശ്രീധര്‍
കൊല്ലം: വിജയപ്രതീക്ഷയില്ലെങ്കിലും ബി.ജെ.പിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന കൊല്ലം മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ചിത്രം ഇതുവരെയും വ്യക്തമായിട്ടില്ല. സീറ്റ് ഘടകക്ഷിയായ ബി.ഡി.ജെ.എസിന് നല്‍കണമെന്ന ആവശ്യവും സജീവമാണ്.
സ്ഥാനാര്‍ഥിയെ സംബന്ധിച്ച് നേതാക്കള്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുമായി നടത്തിയ ആശയവിനിമയത്തില്‍ സുരേഷ് ഗോപി, ടി.പി സെന്‍കുമാര്‍, സി.വി ആനന്ദബോസ് തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നുവന്നത്. സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സീറ്റ് ബി.ഡി.ജെ.എസിന് കൈമാറിയേക്കുമെന്നും സൂചനയുണ്ട്. യു.ഡി.എഫിന് എന്‍.കെ പ്രേമചന്ദ്രനും എല്‍.ഡി.എഫിന് കെ.എന്‍ ബാലഗോപാലും കളത്തിലിറങ്ങുമ്പോള്‍ രണ്ടു കരുത്തന്‍മാര്‍ക്കും കിടപിടിക്കത്തക്ക സ്ഥാനാര്‍ഥിയാകണം വേണ്ടതെന്ന വികാരമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്.
മണ്ഡലത്തില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ ബി.ജെ.പിക്ക് ഉണ്ടെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 2014ലെ തെരഞ്ഞെടുപ്പില്‍ അതിന്റെ പകുതിയില്‍ താഴെ മാത്രമാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന വേലായുധന്‍ നേടിയത്. പാര്‍ട്ടി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ച അന്ന് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. കൊല്ലത്ത് ശക്തനല്ലാത്ത നേതാവിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ അത് വോട്ടുകച്ചവടത്തിനാണെന്ന ആരോപണം ഉയരാനും കാരണമാകും. കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയവും വിവാദങ്ങളായിരുന്നു ക്ഷണിച്ചുവരുത്തിയത്. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആര്‍.എസ്.എസ് നേതൃത്വം പിടിമുറുക്കിയതോടെ ബി.ജെ.പി നേതാക്കള്‍ക്ക് അമിത അധികാരവും നഷ്ടമായിക്കഴിഞ്ഞു.
1986-88 കാലയളവില്‍ കൊല്ലം കലക്ടര്‍ ആയിരുന്നതൊഴിച്ചാല്‍ കൊല്ലത്തിന്റെ കാര്യത്തില്‍ ആനന്ദബോസിന്റെ സംഭാവന എടുത്തുപറയാനൊന്നുമില്ല. ടി.പി സെന്‍കുമാറിനെപ്പോലെയുള്ള നേതാവിനെത്തന്നെ രംഗത്തിറക്കുന്നത് പാര്‍ട്ടിക്ക് മൊത്തത്തില്‍ ഗുണകരമാകുമെന്ന വിലയിരുത്തലും നേതാക്കള്‍ക്കുണ്ട്. എന്നാല്‍ സീറ്റ് ബി.ഡി.ജെ.എസിന് കൊടുത്താല്‍ പാര്‍ട്ടി നേതാവ് സുഭാഷ് വാസുവിനായിരിക്കും നറുക്കുവീഴുക. തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചില്ലെങ്കില്‍ കൊല്ലത്തോ ആലപ്പുഴയിലോ സുഭാഷ് വാസു സ്ഥാനാര്‍ഥിയായേക്കും.
എസ്.എന്‍.ഡി.പി യോഗത്തിന്റെ ആസ്ഥാനമാണ് കൊല്ലമെങ്കിലും സമുദായ വോട്ടുകള്‍ കൂടുതലും ഇടതുമുന്നണിയെ കേന്ദ്രീകരിച്ചുള്ളതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രൂപംകെണ്ട ബി.ഡി.ജെ.എസ് നിലവില്‍ വെള്ളാപ്പള്ളിയുടെ അഭിപ്രായമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എസ്.എന്‍.ഡി.പി യോഗം യൂനിയന്‍ നേതാക്കളൊക്കെത്തന്നെയാണ് കൊല്ലത്തെ ബി.ഡി.ജെ.എസിലുള്ളത്. വെള്ളാപ്പള്ളി ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ എന്‍.ഡി.എക്കായി മികച്ച പ്രവര്‍ത്തനം നടത്താനും സംഘടനയ്ക്ക് സാധിക്കില്ല. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ക്കൂടി കൊല്ലത്ത് ബി.ജെ.പിക്ക് തങ്ങളുടെ ഉറച്ച വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയാതെ വന്നാല്‍ ഉത്തരം പറയാന്‍ നേതാക്കള്‍ പാടുപെടേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."