പ്രാര്‍ഥനകള്‍ വിഫലം: അഭിന്‍ യാത്രയായി
പയ്യന്നൂര്‍: ഉദാരമതികളുടെ കൈത്താങ്ങും നാട്ടുകാരുടെ പ്രാര്‍ഥനയും വിഫലമക്കി അഭിന്‍ യാത്രയായി. പെരുമ്പ ലത്വീഫിയ സ്‌കൂള്‍ വിദ്യാര്‍ഥിയും പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്ററായ ദാമോദരന്റെയും സുഷമയുടെയും മകനായ അഭിന്‍(16) വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഒന്നര വര്‍ഷം മുമ്പ് അഭിന്റെ ചികിത്സയ്ക്കായി കണ്ടങ്കാളിയിലെ വീടും പറമ്പും വിറ്റ് കുടുംബം കോറോം നോര്‍ത്തിലെ കായക്കത്തടത്തേക്ക് താമസം മാറ്റിയിരുന്നു.
രക്താര്‍ബുദത്തിന്റെ പിടിയില്‍നിന്ന് കരകയറാന്‍ പെരുമ്പ ലത്വീഫിയ സ്‌കൂള്‍ വിദ്യാര്‍ഥികളും അധികൃതരും നാട്ടുകാരും പെരുമ്പ ജമാഅത്ത് കമ്മിറ്റിയും കൈകോര്‍ത്ത് 42 ലക്ഷം രൂപയും സി. കൃഷ്ണന്‍ എം.എല്‍.എയുടെ പരിശ്രമഫലമായി സര്‍ക്കാരില്‍ നിന്ന് 35 ലക്ഷം രൂപയും സഹായധനമായി ലഭിച്ചിരുന്നു. അഞ്ചുദിവസം മുമ്പ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നെങ്കിലും വിധി എതിരു നില്‍ക്കുകയായിരുന്നു. അഭിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഉദാരമതികളുടെ കൈത്താങ്ങും പ്രാര്‍ഥനയുമാണ് വിഫലമായത്. കോറോം ദേവി സഹായം യു.പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി അശ്വിന്‍ ഏക സഹോദരനാണ്.
അഭിന്റെ ഭൗതീകശരീരം ഇന്ന് രാവിലെ 10ന് ലത്വീഫിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അഭിനോടുള്ള ആദരസൂചകമായി സ്‌കൂളിന് ഇന്ന് അവധിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."