ഭാര്യാപിതാവിന്റെ വിജയപാത പിന്തുടര്‍ന്ന് മരുമകന്റെ പടിയിറക്കം
കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ മൂന്നു വിജയങ്ങള്‍ പൂര്‍ത്തിയാക്കി ഭാര്യാപിതാവിനെപ്പോലെ മരുമകനും തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പടിയിറങ്ങുന്നു. 1957 മുതല്‍ 1967 വരെ നടന്ന മൂന്നു തെരഞ്ഞെടുപ്പിലും വിജയിച്ച് കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് പടിയിറങ്ങിയ എ.കെ ഗോപാലന്റെ പാത പിന്തുടര്‍ന്ന് മൂന്ന് തുടര്‍ വിജയങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മരുമകനും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ പി. കരുണാകരന്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പിന്‍വാങ്ങുന്നത്.
എ.കെ ഗോപാലന്റെയും സുശീലാ ഗോപാലന്റെയും മകള്‍ ലൈലയാണ് പി. കരുണാകരന്റെ ഭാര്യ. കരുണാകരന്‍ ഇക്കുറി തെരഞ്ഞെടുപ്പ് ഗോദ വിട്ടൊഴിയുമ്പോള്‍ മൂന്ന് തുടര്‍ വിജയങ്ങളെന്ന ഭാര്യാപിതാവിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയാണ് കളം വിടുന്നത്. ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എ.കെ ഗോപാലന്‍ തുടര്‍ച്ചായി മൂന്ന് വിജയങ്ങള്‍ സ്വന്തമാക്കി കാസര്‍കോട് വിട്ടു. 2004ല്‍ കന്നിവിജയം നേടിയ പി. കരുണാകരന്‍ 2009ലും 2014ലും വിജയം ആവര്‍ത്തിച്ച് മൂന്ന് ടേം പൂര്‍ത്തിയാക്കി.
ആദ്യ രണ്ടു തവണ സി.പി.ഐയുടെ എം.പിയായി ഡല്‍ഹിയിലെത്തിയ എ.കെ.ജി ഹാട്രിക് വിജയത്തിനായുള്ള മത്സരത്തില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിയായിരുന്നു. 2004ല്‍ എന്‍.എ മുഹമ്മദിനെയും 2009ല്‍ ഷാഹിദ കമാലിനെയും 2014ല്‍ അഡ്വ. ടി. സിദ്ദിഖിനെയും പരാജയപ്പെടുത്തിയാണ് കരുണാകരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയത്. എന്നാല്‍ ആദ്യ രണ്ടു തവണ നേടിയ മിന്നുന്ന വിജയം 2014ലെ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനായില്ല. യു.ഡി.എഫിന് ബാലികേറാ മലയായിരുന്ന കാസര്‍കോട്ട് വെറും 6921 വോട്ടുകള്‍ക്കാണ് കരുണാകരന് 2014ല്‍ വിജയിക്കാനായത്. 2009ല്‍ കരുണാകരന്‍ പരാജയപ്പെടുത്തിയ ഷാഹിദ കമാല്‍ പിന്നീട് സി.പി.എമ്മില്‍ ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."