മാവോയിസ്റ്റ് ഭീഷണി: ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന കേന്ദ്രവിഹിതം തടയാന്‍
അഗളി: കേരളം മാവോയിസ്റ്റ് ഭീഷണിയില്ലാത്ത സംസ്ഥാനമാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന കേന്ദ്രം നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നതിന്റെ മുന്നോടിയാണെന്ന് സൂചന.
ഇവിടെ നാലുജില്ലകള്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളാണെന്ന് മാസങ്ങള്‍ക്കു മുന്‍പാണ് കേന്ദ്ര ആഭ്യന്തര വകുപ്പും ഇന്റലിജന്‍സും കണ്ടെത്തിയിരുന്നത്. നേരത്തെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ ഈ ജില്ലകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തിരച്ചിലിനായി കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും ചെലവിട്ടിരുന്നത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യക്തമായ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നതും, നിലമ്പൂര്‍ വെടിവയ്പ്പ്, സൈലന്റ്‌വാലി ഓഫിസ് തീയിട്ട് നശിപ്പിക്കല്‍ തുടങ്ങിയവ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പ് വരുത്തിയ സംഭവങ്ങളായിരുന്നു.
എന്നാല്‍ കേരളത്തിലേക്ക് എത്തിയിരുന്ന കോടിക്കണക്കിന് രൂപ തടയാന്‍ ഉദ്ദേശിച്ചാണ് പുതിയ പ്രസ്താവനയെന്നാണ് സംസ്ഥാന സര്‍ക്കാരും വിലയിരുത്തുന്നു.
ഏതാനും വര്‍ഷങ്ങളായി മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ സംസ്ഥാനത്തിന് കേന്ദ്രവിഹിതമായി കോടികളാണ് കിട്ടിയിരുന്നത്. ഇത്തരം ഏരിയകളിലെ പൊലിസ് സ്റ്റേഷനുകളുടെ സംരക്ഷണം ഉറപ്പാക്കിയുള്ള നവീകരണത്തിന് പുറമെ തണ്ടര്‍ബോള്‍ട്ട് സേന, മാവോയിസ്റ്റ് വിരുദ്ധസേന, പ്രത്യേക പരിശീലനം ലഭിച്ച ഗ്രൂപ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയുടെ ചെലവുകള്‍ നടത്തിവന്നിരുന്നത് ഈ കേന്ദ്ര വിഹിതം ഉപയോഗിച്ചായിരുന്നു.
കൂടുതല്‍ മാവോയ്സ്റ്റുകളുടെ സാന്നിധ്യം പ്രകടമായിരുന്ന നിലമ്പൂര്‍, അഗളി, ഷോളയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ മാവോവാദി ഭീഷണി നേരിടാന്‍ പൊലിസ് സ്റ്റേഷനുകള്‍ ആധുനിക വത്കരിച്ച് കാടുകളില്‍ പോകാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച വിദേശ നിര്‍മിത വാഹനങ്ങളും വാങ്ങിക്കൂട്ടിയിരുന്നു. എന്നാല്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന് പുതിയ കേന്ദ്ര നീക്കങ്ങള്‍ വലിയ ബാധ്യതയായി മാറും.
സംസ്ഥാന ആഭ്യന്തരവകുപ്പുകള്‍ നാലുജില്ലകളില്‍ ഇപ്പോഴും മാവോവാദി സാന്നിധ്യം ഉണ്ടെന്നുതന്നെയാണ് വ്യക്തമാക്കുന്നത്. മാവോയിസ്റ്റ് വേട്ടക്ക് ഇപ്പോള്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ തുടര്‍ന്നും ലഭിച്ചില്ലെങ്കില്‍ ആദിവാസി മേഖലകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സജീവമായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."