കൊവിഡിനെ അവസരമാക്കുന്ന രാഷ്ട്രീയ മാതൃകകള്‍
സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തുള്ള ജീവിതാനുഭവം സമ്മാനിച്ചാണ് കൊവിഡ് മുന്നേറുന്നത്. നേരിടേണ്ടതും, മറികടന്നു പോകേണ്ടതുമായ അനുഭവതലങ്ങളിലെ സമാനതകള്‍ കാലദേശാന്തരങ്ങള്‍ക്കതീതമായി ഐക്യരൂപം പുലര്‍ത്തുന്നു. അതിനാല്‍ കൊവിഡ് തീര്‍ക്കാന്‍ ഇടയുള്ള മാനവിക ഐക്യത്തെ വഴിതിരിച്ചുവിടാന്‍ ബോധപൂര്‍വമായ ശ്രമങ്ങളും അരങ്ങേറുന്നുണ്ട്. രാഷ്ട്രീയത്തില്‍ ജനാധിപത്യത്തെ അധികപ്പറ്റായി കാണുന്ന അധികാരികള്‍ നിശ്ശബ്ദമായ പൗരാവലിയെയും നിശ്ചലമായ ജനപഥങ്ങളെയും തങ്ങളുടെ നിശിതമായ പരീക്ഷണങ്ങള്‍ക്കുള്ള വേദിയാക്കി മാറ്റുന്നത് ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
കൊവിഡ് സംഹാര താണ്ഡവം തീര്‍ക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്തും മധ്യപ്രദേശും കൂടെ യു.പിയും ചേര്‍ന്ന് സ്വന്തം സംസ്ഥാനങ്ങളിലെ തൊഴില്‍ നിയമങ്ങളും ഫാക്ടറി ചട്ടങ്ങളും പൂര്‍ണമായും പൊളിച്ചെഴുതി തങ്ങള്‍ നൂറു ശതമാനം തൊഴിലാളി വിരുദ്ധരാണ് എന്ന സന്ദേശം മുതലാളിത്ത ലോകത്തിന് മുന്നില്‍വയ്ക്കാന്‍ പരസ്പരം മത്സരിക്കുകയാണ്. കൊവിഡിനെ തുടര്‍ന്ന് ചൈനക്കെതിരായി ആഗോള തലത്തില്‍ രൂപപ്പെട്ടിട്ടുള്ള വികാരം അവര്‍ക്ക് വ്യാവസായികമായി വലിയ തിരിച്ചടിയുണ്ടാക്കുമെന്നും ബഹുരാഷ്ട്ര കമ്പനികളും ഉല്‍പാദകരും ചൈന വിടുമെന്നും പ്രവചനങ്ങളുണ്ട്. ഇന്ത്യക്ക് ഇത് അവസരങ്ങളുടെ വാതില്‍ തുറന്നു തരുമെന്ന് ചിലര്‍ വിലയിരുത്തു. എന്നാല്‍ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഉല്‍പാദന ചെലവ് കൂടുതലാണ്. തൊഴിലാളികളോട് മനുഷ്യത്വപരമായി സംവദിക്കുന്ന തൊഴില്‍ നിയമങ്ങളും സാധാരണക്കാര്‍ക്കുള്ള പല അടിസ്ഥാന അവകാശങ്ങളും വെട്ടിക്കുറച്ച്, ഉല്‍പാദകരുടെ അടിമകളായി തൊഴിലാളികള്‍ മാറേണ്ടത് പുതിയ സാഹചര്യം മുതലെടുക്കാന്‍ അത്യാവശ്യമാണെന്ന് കരുതുന്ന കോര്‍പ്പറേറ്റ് പണ്ഡിതരാണ് ഈ സംസ്ഥാനങ്ങളുടെ ആവേശത്തിനു പ്രചോദനമാകുന്നത്.
ഉത്തര്‍പ്രദേശ് മൂന്ന് വര്‍ഷത്തേക്ക് ഒട്ടുമിക്ക തൊഴില്‍ നിയമങ്ങളും അസാധുവാക്കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. മധ്യപ്രദേശ് 1000 ദിവസത്തേക്കും, ഗുജറാത്ത് 1200 ദിവസത്തേക്കും ലേബര്‍ നിയമങ്ങള്‍ക്ക് അവധി കൊടുക്കാന്‍ തീരുമാനിച്ചു. ഇതോടെ 1996 ലെ ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആക്ട്, 1923 ലെ നഷ്ടപരിഹാര ചട്ടം, 1976 ലെ കരാര്‍ തൊഴിലാളി സമ്പ്രദായ നിരോധന നിയമം, 1946 ലെ വ്യവസായ തര്‍ക്ക നിയമം, വ്യക്തിഗത തൊഴില്‍ സുരക്ഷാ നിയമം, മിനിമം വേജ് ആക്റ്റ് തുടങ്ങിയ തൊഴിലാളികളുടെ മാഗ്‌നാകാര്‍ട്ടയായിരുന്ന പല നിയമങ്ങളും നീക്കം ചെയ്യപ്പെടുകയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 1948ലെ ഫാക്ടറി ആക്റ്റ് സെക്ഷന്‍ 5 പ്രകാരം തങ്ങള്‍ക്ക് നിയമം മരവിപ്പിക്കാന്‍ അധികാരമുണ്ടെന്നാണ് മധ്യപ്രദേശ് അവകാശപ്പെടുന്നത്. എന്നാല്‍ യുദ്ധമോ, മറ്റു ബാഹ്യ അടിയന്തിരാവസ്ഥയോ മുന്‍നിര്‍ത്തി മൂന്ന് മാസക്കാലം നിയമം അസാധുവാക്കാവുന്നതാണ് എന്നതിനപ്പുറം സെക്ഷന്‍ 5 ല്‍ പരാമര്‍ശമില്ല.
നിയമങ്ങള്‍ അസാധുവായതോടെ കമ്പനികള്‍ക്ക് തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, തൊഴില്‍ സാഹചര്യങ്ങള്‍ തൊഴിലിടങ്ങളിലെ ശുചിത്വം, മാലിന്യ സംസ്‌കരണം, ശുദ്ധവായു ലഭ്യത, വെളിച്ചം, കുടിവെള്ളം, ശൗചാലയം, അവധിക്കാലത്തെ ശമ്പളം, ഫസ്റ്റ് എയ്ഡ്, കാന്റീന്‍, തൊഴിലാളി ക്ഷേമത്തിനായുള്ള മാനേജീരിയല്‍ തസ്തിക എന്നിവയുടെ കാര്യത്തിലൊന്നും ഇനി ഒരു ഉത്തരവാദിത്തവുമില്ല. അതോടൊപ്പം തൊഴിലാളി സംഘടനകളുടെ കൂലി, ശമ്പളം, ഇ.എസ്.ഐ, പി.എഫ്, ബോണസ്, ലേ ഓഫ്, ലോക്കൗട്ട് മുതലായവയില്‍ അധികൃതര്‍ മുമ്പാകെ തൊഴിലാളികളെ പ്രതിനിധീകരിക്കാനുള്ള അവകാശവും റദ്ദ് ചെയ്യപ്പെട്ടു. ഏത് സമയത്തും കമ്പനികള്‍ക്ക് കരാര്‍ തൊഴിലാളികളെ നിയമിക്കാനും, ഇച്ഛിക്കുമ്പോള്‍ പറഞ്ഞയക്കാനും സാധിക്കും. ലൈസന്‍സുകളുടെ പുതുക്കല്‍ കാലവധി ഒന്നില്‍ നിന്ന് പത്തു വര്‍ഷമാക്കി. ഫാക്ടറി ചട്ടം 59 പ്രകാരമുള്ള ഓവര്‍ ടൈം ഡ്യൂട്ടി പെയ്‌മെന്റ് തിരുത്തിയെഴുതി. വര്‍ഷങ്ങള്‍ നീണ്ട ത്യാഗപൂര്‍ണ്ണമായ സമര പോരാട്ടങ്ങളുടെ ശേഷിപ്പുകളെല്ലാം പകര്‍ച്ചവ്യാധിയുടെ മറവില്‍ ചാമ്പലാവുകയാണ്. ലോക്ക് ഡൗണിന്റെ കെടുതികള്‍ അവസാനിക്കുമ്പോള്‍ തൊഴിലാളികള്‍ എരിതീയില്‍ നിന്ന് വറചട്ടിയിലേക്കാണ് എറിയപ്പെടുന്നത്. ഇന്ത്യയിലെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഐ.എല്‍.ഒവിന് മുന്നില്‍ പരാതിയുമായി സമീപിക്കുന്നുണ്ടെന്നറിയുന്നു.
തൊഴിലാളി ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായമായി കണക്കാക്കപ്പെടുന്നത് 1919 ലെ ഐ.എല്‍.ഒ കണ്‍വെന്‍ഷനിലെ പ്രവൃത്തി സമയ ഏകീകരണ പ്രഖ്യാപനമാണ്. തൊഴിലും, വിശ്രമവും, വിനോദവും എട്ടു മണിക്കൂര്‍ വീതം നിജപ്പെടുത്തിയത് പ്രസ്തുത സമ്മേളനത്തിലായിരുന്നു. തൊഴില്‍ എട്ടു മണിക്കൂറായി ക്രമപ്പെടുത്താന്‍ സമരം ചെയ്ത തൊഴിലാളി മുന്നേറ്റത്തിനെതിരേ 1886 മെയ് ആദ്യവാരം ചിക്കാഗോയില്‍ നടന്ന പൊലിസ് വെടിവയ്പ്പിനെ തുടര്‍ന്നുള്ള വലിയ ചര്‍ച്ചകളാണ് അന്തിമമായി ലോകത്തെ ഇത്തരമൊരു തീരുമാനത്തിനു പ്രേരിപ്പിച്ചത്. മെയ് ഒന്ന് ലോക തൊഴിലാളി ദിനമായി ആചരിക്കപ്പെടുന്നത് ചിക്കാഗോ സമരത്തെ ആസ്പദമാക്കിയാണ്. തൊഴില്‍ നിയമങ്ങള്‍ റദ്ദുചെയ്ത് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ തൊഴില്‍ സമയം ദിനേനെ 12 മണിക്കൂറും ആഴ്ചയില്‍ 72 മണിക്കൂറുമാക്കുന്നത് മറ്റൊരു മെയ് മാസത്തിലാണ് എന്നത് വിധിവൈപരീത്യമാകാം. എല്ലാ തൊഴില്‍ നിയമങ്ങളും ശക്തമായ കാലത്തും ചൂഷണങ്ങള്‍ക്കും മുതലെടുപ്പിനും ഏറെ പഴി വാങ്ങിയിട്ടുള്ള അസംഘടിത തൊഴില്‍ മേഖലകള്‍ അനുകൂല സാഹചര്യത്തില്‍ രൗദ്രഭാവം കൈക്കൊണ്ടാല്‍ അത്ഭുതമില്ല. ഉദാരവല്‍ക്കരണത്തിനു ശേഷമുള്ള കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടതായി കണക്കാക്കുന്ന ആറു കോടി തൊഴിലുകളില്‍ 92% വും ഇന്‍ഫോര്‍മല്‍ ജോബ് എന്ന ഗണത്തിലാണ് എന്ന് ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.
ലോകത്താകമാനം മനുഷ്യര്‍ക്ക് അന്വേഷണത്തിനും നിരീക്ഷണത്തിനും മതിയായ സമയം കൊവിഡ് നല്‍കുന്നുണ്ട്. ഓരോ രാജ്യങ്ങളിലെയും രാഷ്ട്രീയവും പൊതുമണ്ഡലത്തിലെ സൂക്ഷ്മ ചലനങ്ങളും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ചര്‍ച്ചയ്ക്കും വിശകലനത്തിനും വിധേയമാകുന്നുണ്ട്. മാര്‍ച്ച് 24ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഡല്‍ഹിയില്‍ ഒത്തുചേര്‍ന്ന തബ്‌ലീഗ് ജമാഅത്തുകാര്‍ പിന്നീട് കുടുങ്ങി കിടക്കേണ്ടി വന്നതും ചിലരില്‍ അണുബാധയുണ്ടായതും വലിയ തോതില്‍ വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വഴിയൊരുക്കി. കൊവിഡ് പ്രതിരോധങ്ങളെ അവഗണിക്കാന്‍ ആഹ്വാനം ചെയ്തുവെന്ന മട്ടില്‍ പല ദേശീയ ചാനലുകളുമടക്കം സംപ്രേഷണം ചെയ്ത തബ്‌ലീഗ് അമീറിന്റെ സംഭാഷണ ശകലം വ്യാജമാണെന്ന് ഡല്‍ഹി പൊലിസ് ഫൊറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫലം പുറത്ത് വന്നത് ഏതാനും ദിവസം മുമ്പായിരുന്നു. അതിനോടകം വിദ്വേഷ പ്രചരണങ്ങള്‍ അതിരുകള്‍ ഭേദിച്ചു കഴിഞ്ഞിരുന്നു. ഇന്ത്യന്‍ സോഷ്യല്‍ മീഡിയകളിലെ ഹീന പ്രചരണണങ്ങള്‍ക്കെതിരേ നിരന്തര ബോധവല്‍ക്കരണങ്ങളുയര്‍ത്തുന്ന പുലിറ്റ്‌സര്‍ റിപ്പോര്‍ട്ടര്‍ കൂടിയായ നിഖില്‍ മണ്ഡലപാര്‍ത്ഥി ഈയിടെ തന്റെ കുറിപ്പില്‍ ഉദാഹരിച്ച ആഖ്യാനം വളരെ പ്രസക്തമാണ്. അജ്മീര്‍, ഡല്‍ഹി ദര്‍ഗകള്‍ സന്ദര്‍ശിക്കുന്ന അന്യമതസ്തരുടെ ചിത്രത്തിനു താഴെ ജൂതന്മാര്‍ നാസി സങ്കല്‍പ്പങ്ങളെ ആരാധിക്കുന്നുവെന്ന സാമ്യപ്പെടുത്തലുകള്‍ നടത്തിയ വിദ്വേഷകരെ സൂചിപ്പിച്ചു കൊണ്ടായിരുന്നുവത്. നൂറു കണക്കിനു വര്‍ഷങ്ങളായി ഭാരതീയര്‍ പുലര്‍ത്തി പോരുന്ന ആത്മീയവും ദാര്‍ശനികവുമായ ഉള്‍ച്ചേരലുകളെ പോലും തുടച്ചു മാറ്റാന്‍ ആഗ്രഹിക്കുന്ന ഇത്തരം വിഷമയ പ്രചരണങ്ങളെ നിയമ സംവിധാനങ്ങള്‍ വെറുതെ വിടുകയാണ്.
തങ്ങള്‍ക്ക് അഹിതകരമായ അഭിപ്രായങ്ങളെയും വിമര്‍ശനങ്ങളെയും അടിച്ചമര്‍ത്തുന്നതും പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമാണ് എന്ന മട്ടിലാണ് പല ഭരണാധികാരികളും പെരുമാറുന്നത്. പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കാളിയായതിന് ആള്‍ ഇന്ത്യ കിസാന്‍ മസ്ദൂര്‍ സഭ ജനറല്‍ സെക്രട്ടറി ഡോ. ആശിഷ് മിത്തലിനെ യു.പി പൊലിസ് അറസ്റ്റു ചെയ്തിരിക്കുന്നത് 1897 ലെ എപ്പിഡമിക് ഡിസീസ് ആക്ട് പ്രകാരമാണ്.
ഗുജറാത്തിലെ ഭക്തി നഗര്‍ പൊലിസ് സ്റ്റേഷനില്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷനെതിരേ കേസെടുത്തിരിക്കുന്നത് മന്ത്രി പ്രകാശ് ജാവ്‌േദകര്‍ രാമായണം കണ്ടിരിക്കുന്നത് വിമര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ്. കണ്ണന്‍ ഗോപിനാഥിനെതിരെയും, നാഷണല്‍ ഹെറാള്‍ഡിന്റെ ന്യൂസ് എഡിറ്റര്‍ ആഷ്‌ലിന്‍ മാത്യുവിനെതിരെയും കേസെടുത്തത് അവര്‍ സര്‍ക്കാര്‍ ഉത്തരവുകളെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിച്ചുവെന്നാരോപിച്ചായിരുന്നു. മുഖ്യമന്ത്രി വിജയ് രൂപണിക്കെതിരേ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ഫേസ് ഓഫ് ദ നേഷന്‍ പോര്‍ട്ടല്‍ എഡിറ്റര്‍ ധവല്‍ പട്ടേലിനെ രാജ്യദ്രോഹക്കേസിലെ വകുപ്പുകളും ദുരന്തനിവാരണ നിയമവകുപ്പുകളും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പകര്‍ച്ചവ്യാധിക്കിടയിലും പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ ഡല്‍ഹി പൊലിസ് സ്വീകരിക്കുന്ന പ്രതികാര നടപടികളില്‍ കടുത്ത പ്രതിഷേധങ്ങളാണുയരുന്നത്. ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും സംയുക്ത പ്രസ്താവനകളിറക്കിയും രാഷട്രീയ കൂട്ടായ്മകള്‍ രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിച്ചും സംയുക്ത മുസ്‌ലിം സംഘടനാ നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന് മുമ്പില്‍ പ്രതിഷേധിച്ചും രംഗത്തു വന്നിട്ടുണ്ട്.
ഒരു ജനാധിപത്യ രാഷ്ട്രം പൗരന് നല്‍കേണ്ട പരിഗണനകള്‍ സ്പഷ്ടമാണ്. പകരം അസാധാരണ സാഹചര്യത്തെ പോലും തങ്ങളുടെ സ്വാര്‍ഥ അജന്‍ഡകള്‍ നടപ്പിലാക്കാനും കണക്കു തീര്‍ക്കാനുമുള്ള വേദിയാക്കി മാറ്റുമ്പോള്‍ എല്ലാ കാലത്തും ലോകം വണങ്ങി പോന്നിട്ടുള്ള ഇന്ത്യയുടെ മൗലിക ഘടനയും പൈതൃക ഗുണങ്ങളും എരിഞ്ഞു തീരുകയാണ്. നൂറ്റാണ്ടുകളായി തലമുറകളിലൂടെ ഇന്ത്യയുമായി ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ തൊട്ട്, മതവെറിയിലും പൗരാവകാശ ധ്വംസനങ്ങളിലും ഇന്ത്യയെ ഉത്തരകൊറിയക്കും പാകിസ്താനുമൊപ്പം ടയര്‍ 2 ഗണത്തില്‍ പ്രതിഷ്ഠിച്ച യു.എസ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (ഡ.ട.ഇ.ക.ഞ.എ 2020) റിപ്പോര്‍ട്ടുമൊക്കെ ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കുമെന്ന് ആശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."