മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ.) നേതാവുമായ ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കി അദിയാല ജയിൽ അധികൃതർ. ഇമ്രാൻ ഖാൻ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയില്ലെന്നും കൃത്യമായ പരിചരണമാണ് നൽകുന്നതെന്നും ജയിൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു.
14 വർഷം തടവ് ശിക്ഷ ലഭിച്ച് ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ കാണാനുള്ള ബന്ധുക്കളുടെ, പ്രത്യേകിച്ച് സഹോദരിമാരുടെ, അപേക്ഷകൾ ജയിൽ അധികൃതർ തുടർച്ചയായി നിരസിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്.
ഇമ്രാൻ ഖാൻ ദുരൂഹമായി കൊല്ലപ്പെട്ടു, മൃതദേഹം ജയിലിൽ നിന്ന് മാറ്റി എന്ന അഫ്ഗാനിസ്ഥാൻ ടൈംസ് റിപ്പോർട്ടിനെ തുടർന്നാണ് ഇമ്രാൻ ഖാൻ മരിച്ചെന്ന അഭ്യൂഹങ്ങൾ ശക്തിപ്പെട്ടത്. ഇക്കഴിഞ്ഞ മെയ് മാസത്തിലും ഇമ്രാൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ മരണപ്പെട്ടു എന്ന വ്യാജപ്രചാരണം ഉണ്ടായിരുന്നു. അന്ന് പാക് വാർത്താവിനിമയ മന്ത്രാലയം ഔദ്യോഗികമായി ഇടപെട്ട് വാർത്ത നിഷേധിക്കുകയും തെറ്റായ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പി.ടി.ഐയുടെ ആവശ്യം
അഭ്യൂഹങ്ങൾ ശക്തമായതോടെ, ഇമ്രാൻ ഖാനെ ഉടൻ സന്ദർശിക്കാൻ നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് (പി.ടി.ഐ) പാർട്ടി രംഗത്തെത്തി.
ജയിലിനുള്ളിൽ ഇമ്രാൻ ഖാൻ കഠിനമായ പീഡനങ്ങൾക്ക് ഇരയാകുന്നുവെന്നും അദ്ദേഹത്തെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നും ആരോപിച്ച് അദ്ദേഹത്തിൻ്റെ മൂന്ന് സഹോദരിമാർ പരസ്യ പ്രസ്താവനയിറക്കിയിരുന്നു. ഇതിനു പിന്നാലെ, "ഇമ്രാൻ ഖാൻ മരിച്ചു" എന്ന തരത്തിലുള്ള പോസ്റ്റുകൾ എക്സ് (X) ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചത്.
അഭ്യൂഹങ്ങൾ ശക്തിപ്പെട്ടതോടെ, ആയിരക്കണക്കിന് ഇമ്രാൻ ഖാൻ അനുയായികൾ അദിയാല ജയിലിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചിരുന്നു. ചിലയിടങ്ങളിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
Rumors of Imran Khan's death in Adiala Jail have been debunked by the jail authorities, who confirm he is alive and in good health. The claims, which spread on social media, were deemed false and part of a disinformation campaign. Khan's health has been a subject of concern, with reports of hearing loss and vertigo, but officials assure he is receiving medical care.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."