കുട്ടിക്കാലം അവര്‍ക്ക് നല്‍കൂ, അവര്‍ കളിച്ചുവളരട്ടെ
വേനലവധി തുടങ്ങാനായി എന്നതിന്റെ സൂചനയായി ഇയ്യാംപാറ്റകള്‍ പ്രത്യേകസമയം ഉയര്‍ന്ന് പൊന്തും പോലെ വെക്കേഷന്‍ ട്യൂഷന്‍ സെന്ററുകളുടെയുംകോച്ചിങ് സെന്ററുകളുടെയും ഫഌക്‌സ് ബോര്‍ഡുകളും നോട്ടിസുകളും ചുവരുകളിലും തൂണുകളിലും നിറയാന്‍ തുടങ്ങി. നാട്ടിലെങ്ങും ഉയര്‍ന്നുപൊന്തുന്ന പ്ലേ സ്‌കൂളുകളും പ്രത്യേക സെന്ററുകളും കുട്ടികളുടെ നല്ല ഭാവിക്കുതന്നെ ഭീഷണിയാണ് എന്നതില്‍ തര്‍ക്കമില്ല.
മൂന്നു വയസു മാത്രം പ്രായമുള്ള പിഞ്ചുപൈതല്‍ ഹോം വര്‍ക്കുകളുടെയും തന്റെ ബുദ്ധിയിലോ ചിന്തയിലോ ഉള്‍ക്കൊള്ളാത്ത സിലബസുകളുമായി പകലന്തിയോളം കഷ്ടപ്പെടുന്നത് ആര്‍ക്കാണ് അംഗീകരിക്കാനാവുക. ചെറുപ്രായം കുട്ടികളെ സംബന്ധിച്ചിടത്തോളം ജീവിതാവസാനം വരെ നിലനില്‍ക്കാനുള്ള ആരോഗ്യ സമ്പാദനത്തിന്റെയും ബുദ്ധി വികാസത്തിന്റെയും പ്രായമാണ്. ആദ്യാക്ഷരം പകര്‍ന്നുനല്‍കാന്‍ പോലും കൃത്യമായ വയസ് പരമ്പരാഗതമായി സമൂഹത്തില്‍ നിലനിന്നിരുന്നു. സ്‌കൂള്‍ പിരിയഡുകള്‍ക്കിടയില്‍ പി.ടി ക്കായി പ്രത്യേക സമയം പോലും നിശ്ചയിക്കപ്പെട്ടത് അത്തരത്തിലുള്ള ചിന്തകളില്‍ നിന്നാണ്.
മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാതാപിതാക്കളുടെ പരക്കംപാച്ചിലിനിടയില്‍ മക്കളുടെ കുട്ടിത്തം പോലും വില്‍പ്പനച്ചരക്കാകുന്നു. പുസ്തകക്കെട്ടുകളുമായി മൂന്ന് വയസുകാരനും രണ്ടര വയസുകാരനും ഇളംപ്രായത്തില്‍ അതിരാവിലെ വീട്ടില്‍ നിന്നിറങ്ങുന്നത് കാണുമ്പോള്‍ പണത്തോട് ആര്‍ത്തി മൂത്ത്, മക്കളെ നോക്കാന്‍ മടിക്കുന്ന മാതാപിതാക്കളാണെന്നു തോന്നിപ്പോകും.
സാമൂഹ്യ ശാസ്ത്രത്തിന്റെ പിതാവ്എന്നറിയപ്പെടുന്ന അഗസ്‌തെ കോംതെ തന്റെ നീണ്ട നിരീക്ഷണപരീക്ഷണങ്ങള്‍ക്കൊടുവില്‍ വ്യക്തമാക്കുന്നത്, ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിലും മാനസിക, ശാരീരിക വികാസത്തിലും പ്രധാന പങ്കുവഹിക്കുന്നത് മാതാപിതാക്കളും അവരുടെ സ്വഭാവവും സംസ്‌കാരവുമാണ്. അഞ്ചു വയസു വരെ തന്റെ മാതാപിതാക്കളില്‍നിന്നു കുട്ടി അടുത്തറിയുന്ന സ്വഭാവങ്ങളാണ് ഭാവിയിലും അവനില്‍ പ്രകടമാവുന്നത്. മുലപ്പാല്‍നല്‍കുമ്പോള്‍ പോലും കുഞ്ഞിന്റെ കണ്ണിലേക്ക് നോക്കിക്കൊണ്ടാവണമെന്ന നിര്‍ദേശം ഇത്തരം സ്വഭാവ പരാഗണ പ്രക്രിയയെയാണ് വ്യക്തമാക്കുന്നത്.
ജനിച്ചയുടന്‍ കുഞ്ഞ് കരയുക എന്ന പ്രക്രിയയിലൂടെയാണ് ഹൃദയ ചലനങ്ങള്‍ പോലും സാധ്യമാവുന്നത് എന്നു വ്യക്തമാവുമ്പോള്‍ ചെറുപ്രായത്തിലെ കുട്ടികളുടെ കളി തമാശകളും കരച്ചിലുകളും അവരുടെ വളര്‍ച്ചയില്‍ എത്രമാത്രം സ്വാധീനം ചെലുത്തുമെന്ന് കേവല ബുദ്ധിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
ചളിയിലിറങ്ങിയും പുഴകളില്‍ നീന്തിയും തമ്മില്‍ തര്‍ക്കിച്ചും തോറ്റും ജയിച്ചും മാങ്ങയും പുളിയും പെറുക്കിത്തിന്നും കള്ളനും പൊലിസും കളിച്ചും അവര്‍ പ്രകൃതിയോടൊന്നിണങ്ങിച്ചേരട്ടെ. മഴയത്തിറങ്ങിയും വെയിലത്ത് തളര്‍ന്ന് കളിച്ചും കുന്നും മലയും കയറിയിറങ്ങിയും മീന്‍ പിടിച്ചും ചൂണ്ടയിട്ടും അവരൊന്ന് ആഘോഷിക്കട്ടെ. ലാപ് ടോപ്പിന് മുന്നിലിരുന്നു മൊബൈല്‍ ഗെയിം നല്‍കിയും കൊച്ചുടിവി തുറന്നുവച്ചും അവരെ നിശ്ശബ്ദരാക്കിയും പ്രതികരണ ശേഷിയില്ലാത്തവരാക്കിയും അച്ചടക്കമുള്ളവരാക്കിയും നല്ല മാതാവ് ചമയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഓര്‍ക്കുക, തടിച്ചു കൊഴുത്ത് കാണാന്‍ ഭംഗിയും വലിപ്പവുമുള്ള ഒരു ബ്രോയിലര്‍ കോഴിയും നാടന്‍ കോഴിയോടൊപ്പം പാറി നടന്നിട്ടില്ല, ശത്രുവിനെ നേരില്‍ കണ്ടിട്ടും ഓടിയകലാന്‍ പോയിട്ട് ഒന്നു കരയാന്‍ പോലും സാധിച്ചിട്ടില്ല.
അതുകൊണ്ട് കുട്ടിത്തം അവര്‍ക്ക് നല്‍കൂ, അവര്‍ സമൂഹത്തിലെങ്ങും പാറി നടക്കട്ടെ.. നന്മയും തിന്മയും നേരില്‍ കണ്ട് തിരിച്ചറിയട്ടെ. അതിലുടെ അവര്‍ നിങ്ങളെയും നിങ്ങളിലെ നന്മയും മാതൃകയാക്കട്ടെ.
റിയാസ് ഫൈസി, പാപ്ലശ്ശേരി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."