ഖത്തറിലെ ആരോഗ്യ വകുപ്പില്‍ വീണ്ടും ജീവനക്കാരെ പിരിച്ചു വിടല്‍
ദോഹ: പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ ഡിപാര്‍ട്ട്‌മെന്റുകളിലുള്ള ബോയിമാര്‍ക്ക് വീണ്ടും പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ സേവനം അവസാനിപ്പിക്കുന്നതായി കാണിച്ച് കൊണ്ടുള്ള നോട്ടീസ് ലഭിച്ചതായി മലയാളി ജീവനക്കാരില്‍ ചിലര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇവര്‍ക്ക് ലഭിച്ച പിരിച്ചുവിടല്‍ നോട്ടീസ് താല്‍ക്കാലികമായി റദ്ദാക്കിയതായി ഈ ഫെബ്രുവരിയില്‍ അറിയിപ്പ് ലഭിച്ചിരുന്നു. ഇതില്‍ ആശ്വസിച്ചിരിക്കേയാണ് വീണ്ടും പുതിയ നോട്ടീസ് കിട്ടിയിരിക്കുന്നത്.
വിമന്‍സ് ഹോസ്പിറ്റല്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലെ നാലാം ഗ്രേഡ് ജീവനക്കാര്‍ക്ക് 2016 ഒക്ടോബറിലാണ് ആദ്യം പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിരുന്നത്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ സേവനം അവസാനിപ്പിക്കുന്നതായായിരുന്നു നോട്ടീസ്. മലയാളികള്‍ ഉള്‍പ്പെടെ 75ഓളം പേര്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നതായാണ് വിവരം.
എന്നാല്‍, ഈ ഉത്തരവ് റദ്ദാക്കിയതായി ഫെബ്രുവരിയില്‍ ജീവനക്കാര്‍ക്ക് കത്ത് ലഭിച്ചു. ഇനിയൊരറിയിപ്പ് ലഭിക്കുന്നതുവരെ പിരിച്ചുവിടല്‍ നടപടി റദ്ദാക്കുന്നതായാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഡയറക്ടര്‍ സമര്‍ ഹുസയ്ന്‍ മുആദ് ഒപ്പിട്ട കത്തില്‍ പറഞ്ഞിരുന്നത്. സേവനം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങേണ്ടി വരുമെന്ന് കരുതിയിരുന്ന ജീവനക്കാര്‍ അതോടെ ആശ്വാസത്തിലായിരുന്നു. അതിന് പിന്നാലെയാണ് ജൂണില്‍ സേവനം അവസാനിപ്പിക്കുന്നതായി കാണിച്ച് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
തൊഴില്‍ കരാറിലെ വ്യവസ്ഥ പ്രകാരം രണ്ട് മാസത്തെ നോട്ടീസ് തന്നു കൊണ്ട് ജൂണ്‍ 1 മുതല്‍ സേവനം അവസാനിപ്പിക്കുന്നതായും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന് എച്ച് ആര്‍ ഡിപാര്‍ട്ട്‌മെന്റിനെ സമീപിക്കാനുമാണ് പുതിയ നോട്ടീസില്‍ പറയുന്നത്.
എണ്ണവില ഇടിഞ്ഞ പശ്ചാത്തലത്തില്‍ രാജ്യത്ത് വിവിധ കമ്പനികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി നിരവധി പേരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ രാജ്യത്തെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ജോലി ചെയ്യുന്ന നഴ്‌സിങ് എയിഡ് ബോയിമാര്‍ക്ക് സമാനമായ പിരിച്ചുവടില്‍ നോട്ടീസ് ലഭിച്ചിരുന്നു. 250ഓളം നഴ്‌സിങ് എയ്ഡ് ബോയിമാര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ നിരവധി മലയാളികളും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."