അങ്ങനേയും ഒരു സമൂഹം, അങ്ങനേയും ചില മൂല്യങ്ങള്‍
ആഗോള തലത്തില്‍ കൊറോണയെന്ന മഹാമാരി വ്യാപിക്കുകയും പിടിച്ചു കെട്ടാനാവാത്ത തരത്തില്‍ അതിന്റെ ശക്തിയും രൂക്ഷതയും വര്‍ധിക്കുകയും ചെയ്യുമ്പോള്‍ പ്രകൃതിയോട് മനുഷ്യ സമൂഹം ചെയ്ത മഹാപാതകങ്ങളെക്കുറിച്ച് നാം ഓര്‍മ്മിക്കുന്നത് സ്വാഭാവികം. പ്രപഞ്ച രഹസ്യങ്ങള്‍ പലതും മനുഷ്യര്‍ പിടിയിലൊതുക്കി, സ്ഥലകാലങ്ങള്‍ നമ്മുടെ വരുതിയിലാണ്. ഗോളാന്തരയാത്രകള്‍ മനുഷ്യര്‍ക്ക് പുതുമയല്ല. ജീവന്റെ രഹസ്യങ്ങളെ കുറിച്ച് ശാസ്ത്രജ്ഞര്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ചികിത്സാ രംഗത്തും രോഗപ്രതിരോധത്തിലും നാം ഏറെ മുന്നിലാണ്. ചുരുക്കത്തില്‍ ശാസ്ത്രവും സാങ്കേതികവിദ്യയും കൈപ്പിടിയിലൊതുക്കിയ മനുഷ്യന്‍ സ്വര്‍ഗ സീമകള്‍ വരെ ചെന്നെത്തിയ സ്വന്തം സര്‍ഗ ശേഷിയേയും മേധാശക്തിയേയും കുറിച്ച് വലിയ ആത്മവിശ്വാസത്തിലാണ്. അഹങ്കാരമെന്ന് വരെ പറയാവുന്ന ആത്മവിശ്വാസം. എന്നാല്‍ ഈ ആത്മവിശ്വാസമാണ് വെറും ഒരു അണുജീവിയുടെ ആക്രമണത്തിന്ന് മുമ്പില്‍ തകര്‍ന്നു പോവുന്നത്. അതെ, മനുഷ്യന്‍ എത്ര നിസ്സാരന്‍!.
അറിവും ആയുധങ്ങളും ശാസ്ത്രവും സാങ്കേതികവിദ്യയുമെല്ലാം അതിസാധാരണമായ ഒരു രോഗത്തിനു മുമ്പാകെ പകച്ചു നില്‍ക്കുമ്പോള്‍ അതുണ്ടാക്കുന്ന തിരിച്ചറിവുകള്‍ വളരെ പ്രസക്തമാണ്. നോക്കൂ, ആധുനിക വൈദ്യശാസ്ത്രത്തില്‍ കൊറോണക്ക് മരുന്നില്ല. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും മരുന്നില്ല. ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുക മാത്രമാണ് വഴി. അതായത് പ്രകൃതിയുടെ ജൈവതാളത്തിലേക്ക് തിരിച്ചു പോവുക. നമ്മുടെ ശാസ്ത്രവും ടെക്‌നോളജിയും നിര്‍മിത ബുദ്ധിയുമെല്ലാം വിഫലമാവുന്ന ഇടങ്ങളില്‍ പ്രപഞ്ചത്തിന്റെ ജൈവഘടന പ്രസക്തമായി വര്‍ത്തിക്കുന്നു. അതെ കൊവിഡെന്ന മഹാമാരി മനുഷ്യരാശിയെ ഇത്തരം ചില തിരിച്ചറിവുകളിലേക്കും മൂല്യവിചാരങ്ങളിലേക്കുമാണ് എത്തിച്ചിട്ടുള്ളത്.
മനുഷ്യന്‍ എത്ര നിസ്സാരമായ പദം
മനുഷ്യന്‍ എത്ര മഹത്തായ പദം എന്ന് നാം പറയാറുണ്ട്. കൊറോണ നമ്മുടെ മാഹാത്മ്യത്തിന്റെ സ്ഥാനത്ത് നിസ്സാരതയെ പ്രതിഷ്ഠിച്ചു. കൊറോണക്കാലത്ത് പ്രകൃതി നശീകരണം കാര്യമായിത്തന്നെ കുറഞ്ഞിട്ടുണ്ട്. വായു മലിനീകരണം ഏറെക്കുറെ നിലച്ചു. പുക മൂടിക്കിടന്നത് മൂലം ജലന്ദറില്‍ നിന്ന് നോക്കിയാല്‍ ഹിമാലയം കാണാറില്ലായിരുന്നുവത്രേ പണ്ട്. ഇപ്പോള്‍ മലനിരകള്‍ തെളിഞ്ഞു കാണാം. രാജ്യത്തെ നദികളില്‍ തെളിവെള്ളം നിറഞ്ഞു. മീനുകള്‍ പെരുകി, പക്ഷികള്‍ ചിറകടിച്ചാര്‍ക്കുകയാണ്. പ്രകൃതി എല്ലാം തിരിച്ചു പിടിക്കുകയാണ്. അതിനു നാം കൊടുക്കുന്ന വിലയാവാം ഈ രോഗബാധ, ഈ വിലയേറിയ ജീവനുകള്‍.
ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍, അല്ലെങ്കില്‍ അതില്‍ ഇളവുകള്‍ വരുത്തുമ്പോള്‍ അടച്ചുപൂട്ടിയ പലതും തുറന്നേക്കാം. പക്ഷേ അവ ഇല്ലാതെ തന്നെ കഴിഞ്ഞ രണ്ടു മാസക്കാലം നാം ജീവിച്ചു. വല്ല കുഴപ്പവുമുണ്ടായോ? ഇല്ല. അതിനാല്‍ പുതിയ ഒരു ജീവിതത്തിന്റെ വാതില്‍ തുറക്കുമ്പോള്‍ ഒഴിവാക്കാന്‍ പറ്റുന്ന പലതും നമുക്ക് ഒഴിവാക്കാന്‍ കഴിയണം. ഉദാഹരണത്തിന്ന് ആഡംബരങ്ങള്‍. ലക്ഷങ്ങളും കോടികളും ചെലവഴിച്ചാണ് ഇന്ന് നമ്മുടെ വിവാഹങ്ങള്‍ നടക്കുന്നത്. കൊറോണയുടെ കാലത്ത് അവ അതി ലളിതമായി. ഈ മാതൃക ഇനിയും തുടരാവുന്നതാണ്. അതേ പോലെ വാഹനങ്ങളുടെ അമിതമായ ഉപയോഗം. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കാനുള്ള പരിശീലനമായിരുന്നു ലോക്ക് ഡൗണ്‍ കാലം. ശാസ്ത്ര സാങ്കേതികവിദ്യ ഇന്ന് മനുഷ്യര്‍ ഉപയോഗിക്കുന്നത് സ്വന്തം ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അല്ല. ആര്‍ത്തി നിറവേറ്റാനാണ്. സഞ്ചാരത്തില്‍, ഭക്ഷണത്തില്‍, വസ്ത്രധാരണത്തില്‍, ഇവയിലെല്ലാം ലാളിത്യത്തിന്റെ വഴിയിലേക്ക് തിരിച്ചു പോകാന്‍ മനുഷ്യന്‍ പഠിച്ചു കഴിഞ്ഞു. ആ പാഠങ്ങള്‍ മറക്കാതിരിക്കാന്‍ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ മനുഷ്യന്‍ എന്നത് മഹത്തായ പദമായി വര്‍ത്തിക്കുകയുള്ളു.
ആമിഷ് സമൂഹം
യന്ത്ര നാഗരികതയുടെ സങ്കീര്‍ണ്ണതകളിലേക്ക് സഞ്ചരിച്ചു കഴിഞ്ഞ ആധുനികമനുഷ്യ സമൂഹത്തിന് ഇനിയും ഒരു തിരിച്ചു പോക്ക് സാധ്യമാവുമോ എന്ന് തീര്‍ച്ചയായും സംശയിക്കാവുന്നതാണ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തി മുന്നോട്ടു നീങ്ങുന്ന മനുഷ്യനല്ല ഇന്നുള്ളത്. റോബോട്ടുകളേയും നിര്‍മിത ബുദ്ധിയേയും ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുകയല്ല മനുഷ്യര്‍ ചെയ്യുന്നത്. മറിച്ച് മനുഷ്യരുടെ സര്‍ഗാത്മകത യന്ത്രമനുഷ്യരുടെ സമ്മര്‍ദങ്ങള്‍ക്കനുസരിച്ചാണ് സഞ്ചരിക്കുന്നത്. യന്ത്രവും മനുഷ്യനും ഒന്നു ചേരുന്ന സൈബോര്‍ഗിയന്‍ രൂപം പ്രദാനം ചെയ്യുന്ന അനുഭവമണ്ഡലം മറ്റൊന്നായിരിക്കും ചെയ്യുന്നത്. മനുഷ്യനേക്കാള്‍ ശക്തിയുണ്ടാവും നിര്‍മിത ബുദ്ധി സൃഷ്ടിക്കുന്ന സൈബോര്‍ഗിന്ന്. ഈ യന്ത്രമനുഷ്യന് മനുഷ്യനെ കീഴ്‌പ്പെടുത്താനും കഴിയും. ഈ അവസ്ഥയില്‍ എങ്ങനെയായിരിക്കും പ്രാഥമികമായ അറിവുകളുടേയും ജീവിതകാമനകളുടേയും സര്‍ഗാത്മകതയിലേക്ക് മനുഷ്യര്‍ക്ക് തിരിച്ചു പോകാനാവുക? അതിനാല്‍ യന്ത്ര നാഗരികതയുടെ ആതുര സന്താനങ്ങളായി കുഴഞ്ഞുമറിഞ്ഞ മൂല്യ സങ്കല്‍പങ്ങളുമായി പ്രകൃതിയെ മറന്ന്, മനുഷ്യ കുലത്തിന്റെ ഭാവി മറന്ന്, ലോക നീതി മറന്ന് യന്ത്രങ്ങള്‍ക്ക് ദാസ്യപ്പണിയെടുക്കുന്ന ഒരു സബോര്‍ഡിനേറ്റ് സ്പിഷീസ് ആയി മനുഷ്യര്‍ മാറും എന്നാണ് സാമാന്യ നിഗമനം. അപ്പോഴും ഈ യന്ത്രവല്‍കൃത സാമൂഹ്യാവസ്ഥയെ പാടെ നിരാകരിച്ച് കൊണ്ട് ലോകത്ത് ബദല്‍ സമൂഹങ്ങള്‍ ഉണ്ടാവും. അങ്ങനെ ഉണ്ടായിട്ടുണ്ട്. ഉണ്ടാവുന്നുണ്ട്, ഇനിയും ഉണ്ടാവുകയും ചെയ്യും. അവരില്‍ ഏറ്റവും പ്രബലമായ വിഭാഗമാണ് അമേരിക്കയിലും കാനഡയിലും ജീവിക്കുന്ന ആമിഷ് സമൂഹം.
കാനഡയില്‍ വളരെ കുറച്ചു ആമിഷുകള്‍ മാത്രമേ ഉള്ളൂ. അമേരിക്കയിലെ ഇന്ത്യാന, അയോവ, കെന്റക്കി, മേരിലാന്‍ഡ്, മിഷിഗന്‍, ന്യൂയോര്‍ക്ക്, ഓഹിയോ, പെന്‍സില്‍വാനിയ എന്നിവിടങ്ങളാണ് ആമിഷുകളുടെ ശക്തികേന്ദ്രങ്ങള്‍. കാനഡയില്‍ ഒണ്‍ടേറിയോ, പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്‍ഡ് എന്നിവിടങ്ങളില്‍ ആമിഷുകളുണ്ട്. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ഒരു ഘട്ടത്തില്‍ ആമിഷ് സെറ്റില്‍മെന്റുകള്‍ ഉണ്ടായിരുന്നുവെങ്കിലും അവിടെയൊന്നും ഈ ദര്‍ശനം വേരു പിടിച്ചിട്ടില്ല.
കൈകള്‍ മതി, യന്ത്രം വേണ്ട
കൃത്യമായിപ്പറഞ്ഞാല്‍ ഒരു ക്രിസ്തീയ മതവിഭാഗമാണ് ആമിഷുകള്‍. യഹോവയാണ് അവരുടെ ദൈവം. ബൈബിളാണ് വേദ പുസ്തകം. യേശുവാണ് വഴി കാട്ടി. മെനോണൈറ്റ് സഭയില്‍ നിന്നുള്ള ഉള്‍പ്പിരിവുകളില്‍ ഒന്നാണ് ആമിഷ് ചര്‍ച്ച്. സ്വിസ് ബ്രദറന്‍ സഭയുടെ പിളര്‍പ്പിലൂടെ ഉദയം കൊണ്ട സഭയുടെ സ്ഥാപകന്‍ യാക്കോബ് അമ്മന്‍ (1656-1730) എന്ന യാഥാസ്ഥിതിക ചിന്താഗതിക്കാരനായ ദൈവശാസ്ത്രജ്ഞനാണ്. പല ശാഖകളായി പിരിഞ്ഞു പോവുകയും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നവരാണെങ്കിലും പരിഷ്‌ക്കാരത്തെയും യാന്ത്രികതയുടെ വികസന സങ്കല്‍പങ്ങളേയും നിരാകരിക്കുന്നതില്‍ എല്ലാവരും ഒരേ പോലെ തന്നെ. ലോക്ക് ഡൗണ്‍ കാലത്ത് നാം സാമൂഹ്യ അകലം പാലിച്ചാണ് ജീവിക്കുന്നത്. കൂട്ടം കൂടുന്നില്ല. മുഖാമുഖം നില്‍ക്കുന്നില്ല. എന്നാല്‍ ആമിഷുകള്‍ മുഖാമുഖം മാത്രമേ സംസാരിക്കുകയുള്ളൂ. ടെലിഫോണ്‍, ഇലക്ട്രിസിറ്റി, ഓട്ടോമൊബൈല്‍ എന്നിവ ആമിഷ് സമൂഹം ഉപയോഗിക്കുകയില്ല. കാറില്‍ കയറുകയേയില്ല. പകരം കുതിര വണ്ടിയാണ് വാഹനം. വയലില്‍ ട്രാക്ടര്‍ ഉപയോഗിക്കുകയില്ല. ഫാന്‍ ഇല്ല. പകരം മനുഷ്യര്‍ െൈക കെണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പങ്കകളും വിശറികളും.
യന്ത്ര സംസ്‌കൃതിയെ എല്ലാ അര്‍ഥത്തിലും നിരാകരിക്കുന്ന ഇത്തരം ഒരു സമൂഹത്തിന് നിലനില്‍ക്കാന്‍ സാധിക്കുമോ എന്ന് ചോദിക്കരുത്. ആമിഷ് സമൂഹത്തിന്റെ ജനസംഖ്യ വര്‍ധിച്ചുവരികയാണ്. 2000ത്തില്‍ 1,65,000 പേര്‍ ആയിരുന്നു അമേരിക്കയില്‍ ആമിഷുകളുടെ ജനസംഖ്യയെങ്കില്‍ 2010 ല്‍ അത് 2,49,000 ആയി. 1992 മുതല്‍ 2017 വരെയുള്ള 25 വര്‍ഷങ്ങളില്‍ അമേരിക്കയില്‍ മൊത്തം ജനസംഖ്യാ വര്‍ധനവ് 23 ശതമാനം ആയിരുന്നു. എന്നാല്‍ ആമിഷുകളുടേതോ 149 ശതമാനം. അതിനു കാരണം കുടുംബാസൂത്രണത്തില്‍ ആമിഷുകള്‍ക്ക് വിശ്വാസമില്ല എന്നതു തന്നെ. കുട്ടികള്‍ ദൈവത്തിന്റെ വരദാനമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഓരോ ദമ്പതികള്‍ക്കും ആറും ഏഴും മക്കളുണ്ടാവും. കുട്ടികള്‍ വര്‍ധിക്കുന്നത് മൂലം ദാരിദ്ര്യം ഉണ്ടാവും എന്ന ആധുനിക വികസിത സമൂഹത്തിന്നുള്ള ഭീതി ആമിഷുകള്‍ക്ക് ഇല്ല. സമ്പന്നമാണ് ആമിഷ് സമൂഹം. കൃഷിയാണ് പ്രധാന തൊഴില്‍. എല്ലാവരും ചേര്‍ന്ന് പാടങ്ങളില്‍ പണിയെടുക്കന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത് ആമിഷുകളാണ് കരകൗശലവേലകളിലും അവര്‍ ഏര്‍പ്പെടുന്നു. കൂടുതല്‍ പേര്‍ ഉണ്ടാവുമ്പോള്‍ കൂടുതല്‍ ഉല്‍പാദനം എന്നാണ് അവരുടെ തത്വശാസ്ത്രം.
പ്രാകൃത ജീവിതമല്ല,
സംസ്‌കൃതമൂല്യങ്ങള്‍
ജോണ്‍ എ ഹോസ്റ്ററ്റ്‌ലര്‍ എന്ന സാമൂഹ്യ ചിന്തകന്‍ ആമിഷ് ജീവിതത്തേയും യന്ത്രങ്ങളെ നിരാകരിച്ചു കൊണ്ടുള്ള അവരുടെ ജീവിതത്തെയും കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. തികച്ചും വ്യതിരിക്തമായ മൂല്യ സങ്കല്‍പങ്ങളുടെ ഉടമകളാണ് ആമിഷുകള്‍. വളരെ ലളിതമാണ് അവരുടെ ജീവിതം. തികഞ്ഞ സദാചാര മൂല്യങ്ങള്‍ അവര്‍ പിന്തുടരുന്നു. വര്‍ണ്ണപ്പകിട്ടാര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുകയില്ല. യേശുവിനെ ശരിക്കും പിന്തുടരുകയാണ് തങ്ങള്‍ എന്നാണ് ആമിഷുകളുടെ അവകാശവാദം. ലാളിത്യവും വിനയവും സഭയെ അച്ചടക്കത്തോടെ അനുസരിക്കുന്ന ശീലവും അതിന്റെ ഭാഗമാണ്. ആമിഷുകള്‍ താടി വളര്‍ത്തും. പക്ഷേ മീശ വടിക്കും. എന്നാല്‍ അതിന്ന് പിന്നിലുമുണ്ട് ഒരു തത്വ ശാസ്ത്രം. മീശ മിലിറ്ററിയുടെ അടയാളമാണ് എന്ന് അവര്‍ കരുതുന്നു. മിലിറ്ററി അധികാരത്തെയാണ് ദ്യോതിപ്പിക്കുന്നത്. അധികാരത്തിന്റെ ശക്തി പ്രകടനം വിനയത്തിന്റെ നിരാകരണമാണ്. അതേ പോലെ തന്നെയാണ് ഇന്‍ഷുറന്‍സ് പോലെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ നേരെയുള്ള സമീപനവും. ഇന്‍ഷുറന്‍സ് വഴിയുള്ള പരിരക്ഷ അവര്‍ക്ക് വേണ്ട. പകരം പ്രതിസന്ധി ഘട്ടങ്ങളില്‍ കഠിനമായി അധ്വാനിച്ച് സമൂഹം ആപത്തുകളെ മറികടക്കണം.തികഞ്ഞ മതവിശ്വാസികളാണ് ആമിഷുകള്‍. പക്ഷേ പള്ളികള്‍ ഇല്ല. വീടുകള്‍ തന്നെയാണ് പള്ളികള്‍. ആരാധനകള്‍ നയിക്കുന്നത് ജനങ്ങള്‍ തന്നെയാണ്. ഓരോ സന്ദര്‍ഭത്തിലേക്കും ഓരോരുത്തരെ തെരഞ്ഞെടുക്കുന്നു. എന്നാല്‍ വിവാഹം, മരണം, ശവസംസ്‌കാരം എന്നീ ചടങ്ങുകളെല്ലാം മതാചാരങ്ങളനുസരിച്ചാണ് നാം കണ്ടു പരിചയിച്ച രീതികളില്‍ നിന്ന് വ്യത്യസ്തമാവാം അവ എന്നു മാത്രം.
സ്വയം തയ്ച്ചുണ്ടാക്കിയ വസ്ത്രങ്ങള്‍ മാത്രമേ ആമിഷുകള്‍ ധരിക്കൂ. എന്നാല്‍ ഞായറാഴ്ച പള്ളിയില്‍ പോകുമ്പോ ധരിക്കുന്ന കോട്ട് ടൈലര്‍ തുന്നിയതായിരിക്കും. സ്ത്രീകള്‍ തലമറക്കാതെ പുറത്തു വരികയേയില്ല. അവിവാഹിതകള്‍ തലമുടി ഒട്ടും പുറത്തു കാണാത്ത വെള്ളത്തൊപ്പി, വിവാഹിതകള്‍ക്ക് കറുത്തത്, നെഞ്ചും മാറും നിര്‍ബന്ധമായും മറച്ചിരിക്കും. മറ്റൊരു വിശേഷം സ്വര്‍ണം ഉപയോഗിക്കുകയില്ല എന്നതാണ്. അലങ്കാരങ്ങളില്ല, ആഭരണങ്ങളില്ല. രാഷ്ട്രീയ കക്ഷികളില്‍ ചേരാറില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയില്ല. സ്വന്തം വീട്ടുകളും പാടങ്ങളുമാണ് അവരുടെ ലോകം. വസ്ത്രങ്ങള്‍ പിഞ്ഞിപ്പോയാല്‍ തുന്നി ഉപയോഗിക്കും. സാധനങ്ങള്‍ കേടായാല്‍ നന്നാക്കാനാവും വരെ കേടുപാടുകള്‍ തീര്‍ത്ത് ഉപയോഗിക്കും. ഉപയോഗിച്ച് വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ വിളനിലമായ അമേരിക്കയിലാണ് ഈ വേറിട്ട സംസ്‌കൃതി എന്ന് ഓര്‍ക്കുക.
ആമിഷ് സമൂഹത്തെ അതിന്റെ നിലപാടുകളില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ സഹായിക്കുന്നത് അവരുടെ വിദ്യാഭ്യാസപദ്ധതിയാണ്. പൊതു സമൂഹത്തിന്റെ സ്‌കൂളുകളില്‍ പഠിക്കാറില്ല. അവര്‍ക്ക് അവരുടേതായ സ്‌കൂളുകളുണ്ട്. അതും എട്ടാം ക്ലാസ് വരെ, അവിടെ ജീവിതത്തിനു ആവശ്യമായ കാര്യങ്ങളാണ് കൂടുതലും പഠിക്കുക. അതു കഴിഞ്ഞാല്‍ നേരെ പാടത്തേക്കിറങ്ങുന്നു. പൊതു വിദ്യാഭ്യാസത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അമേരിക്കയില്‍ കുറ്റകൃത്യമാണ്. എന്നാല്‍ അതിന്നെതിരില്‍ നിയമയുദ്ധം നടത്തി സ്വന്തം അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തു ആമിഷുകള്‍. ഏകസിവില്‍ കോഡിന്നു വേണ്ടി മുറവിളി കൂട്ടുന്നവര്‍ ഇതറിയുമോ ആവോ! യന്ത്ര നാഗരികതയോട് ഒരിക്കലും രാജിയാവാത്ത ഈ സമൂഹത്തിന് കൃത്യമായ ദിശാബോധവും മൂല്യ സങ്കല്‍പ്പങ്ങളുണ്ട്. തീര്‍ച്ചയായും അതൊരു ബദല്‍ വഴിയാണ്, അതുമായി നാം യോജിക്കുന്നുണ്ടോ എന്ന കാര്യം വേറെ.
വാല്‍ക്കഷണം: ആമിഷ് സമൂഹത്തില്‍ സഞ്ചരിച്ച് അവരെക്കുറിച്ച് വിശദമായി എഴുതിയ ഒരു പുസ്തകം മലയാളത്തിലുണ്ട്. എ.പി മെഹ്‌റലിയുടെ ആമിഷ് സ്ഥലികളിലൂടെ വിസ്മയ പൂര്‍വം. തീര്‍ച്ചയായും അതു വായിക്കവേ ഇങ്ങനെയും ഒരു സമൂഹമോ എന്ന് നാം അമ്പരക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."