കേരള ഹാജിമാര്‍ക്കായി കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കണം: ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
റിയാദ്: കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ സഹായത്തിനായി ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി ആവശ്യപ്പെട്ടു. ജിദ്ദയിലെത്തിയ അദ്ദേഹം ഹജ്ജ് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കേരളത്തില്‍ നിന്നും എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസമായിരിക്കും. ജിദ്ദ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങളില്‍ അറഫയിലും മക്കയിലും മൂന്നു നേരം ഭക്ഷണം നല്‍കും. മലയാളികള്‍ക്ക് ഉചിതമായ ഭക്ഷണം നല്‍കാനുള്ള ശ്രമവും നടത്തണമെന്ന് അദ്ദേഹം സംഘത്തോട് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ അച്ചടക്കം, ബാഗേജ് കാര്യത്തിലുള്ള കൃത്യത എന്നിവയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായും ഇതിനു നേതൃത്വം നല്‍കുന്ന ഹജ്ജ് കമ്മിറ്റിയെ അഭിനന്ദിക്കുന്നതായും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.
മലയാളി ഹാജിമാര്‍ കൂടുതല്‍ താമസിക്കുന്ന മേഖലയില്‍ കൂടുതല്‍ മലയാളി മെഡിക്കല്‍ സ്റ്റാഫിനെയും ഡോക്റ്റര്‍മാരേയും നിയോഗിക്കണമെന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചുള്ള നിവേദനവും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."