ശിഹാബ് തങ്ങള്‍ ഡമ്മി സ്ഥാനാര്‍ഥി
പാണക്കാട് കുടുംബത്തില്‍നിന്ന് ആരും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. മത്സരിക്കണമെന്ന ആവശ്യം പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. ഈജിപ്തില്‍നിന്ന് പഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ലോക്‌സഭയിലേക്ക് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മത്സരിക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു.
പിതാവ് വന്ദ്യനായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ പ്രവര്‍ത്തകരെയും നേതാക്കളെയും നല്ല വാക്കു പറഞ്ഞ് തിരിച്ചയക്കുകയാണുണ്ടായത്. ഒരിക്കല്‍ പക്ഷെ, പൂക്കോയ തങ്ങള്‍ വഴങ്ങി. സി.എച്ചിന്റെ ഡമ്മിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍. അക്കഥ വഴിയെ പറയാം. പൂക്കോയ തങ്ങളുടെ പിന്‍ഗാമിയായി അധ്യക്ഷ പദവിയിലെത്തിയ ശിഹാബ് തങ്ങളെ വീണ്ടും നിര്‍ബന്ധിച്ചിരുന്നു സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി.
മത്സരിക്കാനില്ലെങ്കില്‍ രാജ്യസഭയിലേക്കു പോകണമെന്ന അഭ്യര്‍ഥനയും ഉണ്ടായിരുന്നു എഴുപതുകളില്‍. തങ്ങളും അതു തള്ളിക്കളയുകയാണുണ്ടായത്. ശിഹാബ് തങ്ങളുടെ സഹോദരന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും മകന്‍ മുനവ്വറലി ശിഹാബ് തങ്ങളെയുമൊക്കെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറക്കണമെന്ന നിര്‍ബന്ധവും പലപ്പോഴുമുണ്ടായിട്ടുണ്ട്. ബാഫഖി തങ്ങളുടെ കുടുംബത്തില്‍നിന്ന് സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ നിയമസഭാംഗമായിട്ടുണ്ട് എന്ന കാര്യം ഉയര്‍ത്തിപ്പിടിച്ചാണ് ഈ ആവശ്യങ്ങള്‍ പലപ്പോഴും ഉന്നയിച്ചിരുന്നത്.
മൂന്നു പതിറ്റാണ്ടു കാലം കേരളം നിറഞ്ഞുനിന്ന സി.എച്ച് മുഹമ്മദ്‌കോയ. ഇതിനിടയില്‍ സി.എച്ച് എത്തിപ്പെടാത്ത മേഖലകള്‍ ഉണ്ടായിരുന്നില്ല. കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷനില്‍ കൗണ്‍സിലറായിക്കൊണ്ടായിരുന്നു തുടക്കം. 1952 ഒക്ടോബര്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ എട്ടുപേര്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികളായി മത്സരിച്ചു. ഇവരില്‍ അഞ്ചുപേരും വിജയം നേടി. സി.എച്ച് മുഹമ്മദ് കോയ ,അഡ്വ ടി. അബ്ദുല്‍ മജീദ് ,പി.പി ആലിക്കോയ, പി.ടി അവറാന്‍ കോയ, ഇട്ടോളി അഹമ്മദ് കോയ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സി.എച്ചിന്റെ ജീവിതത്തിലെ പ്രഥമ തെരഞ്ഞെടുപ്പായിരുന്നു അത്. മുസ്‌ലിംലീഗ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ആയും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പ്രഥമ കേരള നിയമസഭയിലേക്ക് 1957ല്‍ മത്സരിച്ച് വിജയിച്ചു.
14 പേരാണ് ലീഗ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ചത്. മൂന്നുപേര്‍ ലോക്‌സഭയിലേക്കും മത്സരിച്ചു. നിയമസഭയിലേക്ക് എട്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു. സി.എച്ച്, ചാക്കീരി അഹമ്മദ് കുട്ടി, എം.പി.എം അഹമ്മദ് കുരിക്കള്‍, കെ. അവുക്കാദര്‍ കുട്ടി നഹ, മണ്ണിശ്ശേരി മുഹമ്മദ്, കെ. ഹസ്സന്‍ ഗനി, എം. ചടയന്‍, കെ. മൊയ്തീന്‍കുട്ടി എന്ന ബാവഹാജി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലോക്‌സഭയിലേക്ക് മഞ്ചേരിയില്‍നിന്ന് അഡ്വ. ബി. പോക്കര്‍, കോഴിക്കോട്ടുനിന്ന് അഡ്വ. കെ.എം സീതി, പാലക്കാട്ടു നിന്ന് ടി.എം ഇസ്മയില്‍ എന്നിവര്‍ മത്സരിച്ചെങ്കിലും അഡ്വ. ബി. പോക്കര്‍ മാത്രമേ ലോക്‌സഭയിലെത്തിയുള്ളൂ.
പ്രഥമ കേരള നിയമസഭയിലെ മുസ്‌ലിംലീഗ് നിയമസഭാകക്ഷി നേതാവും സി.എച്ച് ആയിരുന്നു. 1959ലെ വിമോചന സമരത്തെത്തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ പക്ഷെ സീതിസാഹിബ് നിയമസഭയിലെത്തിയിരുന്നു. അതുകൊണ്ടുതന്നെ സ്വാഭാവികമായും സീതിസാഹിബ് കക്ഷിനേതാവും സി.എച്ച് ഉപനേതാവുമായി. സീതിസാഹിബ് സ്പീക്കറായപ്പോള്‍ സി.എച്ച് കക്ഷിനേതാവായി. സീതി സാഹിബിന്റെ മരണത്തെത്തുടര്‍ന്ന് സി.എച്ച് ലീഡറും പിന്നീട് സ്പീക്കറുമായി.
ഏറെ വൈകും മുമ്പ് കോണ്‍ഗ്രസുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് സ്പീക്കര്‍ സ്ഥാനം രാജിവച്ചു സി.എച്ച് മുന്നണിക്കു പുറത്തുവന്നു. 1962ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ ഖായിദെമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ്, പൊന്നാനിയില്‍ കെ.എം അലിക്കുഞ്ഞി, കോഴിക്കോട്ട് സി.എച്ച് എന്നിവര്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ നടത്തി. തൊട്ടു മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ സീതിസാഹിബ് തോറ്റ മണ്ഡലം. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എം.പി കെ.പി കുട്ടികൃഷ്ണന്‍ നായര്‍ വീണ്ടും ജനവിധി തേടുന്നു. ശക്തമായ വെല്ലുവിളിയുണ്ടായെങ്കിലും മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു. ജനുവരി 25ന് സി.എച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബാഫഖി തങ്ങള്‍, ബി.വി അബ്ദുല്ലക്കോയ, എം. ബാവുട്ടി ഹാജി എന്നിവര്‍ പിന്താങ്ങി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.പി കുട്ടികൃഷ്ണന്‍ നായര്‍ക്കു പുറമെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എച്ച്. മഞ്ജുനാഥറാവു, ജനസംഘത്തിന്റെ ടി.എന്‍ ഭരതന്‍ എന്നിവരും മത്സരരംഗത്ത്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ് മത്സരരംഗത്ത് എന്ന പ്രചാരണമുണ്ടായി. ലീഗ് സ്ഥാനാര്‍ഥിക്കു കെട്ടിവച്ച തുക പോലും കിട്ടില്ല എന്ന പരിഹാസവുമുണ്ടായി. തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ സര്‍വരും ഞെട്ടി. സി.എച്ച് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സീതിസാഹിബിനെ പരാജയപ്പെടുത്തിയ അതേ കുട്ടികൃഷ്ണന്‍ നായരെ ശിഷ്യന്‍ സി.എച്ച് പരാജയപ്പെടുത്തി.
സ്പീക്കര്‍ സ്ഥാനം പുല്ലുപോലെ വലിച്ചെറിഞ്ഞ് സി.എച്ച് ചേക്കേറിയത് കേരള ജനതയുടെ ഹൃദയക്കൊട്ടാരത്തിലേക്കായിരുന്നു. ആ ആവേശമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. 1,04,277 വോട്ട് സി.എച്ച് നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുട്ടികൃഷ്ണന്‍ നായര്‍ക്ക് 89,332 വോട്ടേ കിട്ടിയുള്ളൂ. കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥി മഞ്ജുനാഥറാവുവിന് 1,03,514 വോട്ടും. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അന്ന് പിളര്‍ന്നിരുന്നില്ലെന്നും ബി.ജെ.പിയുടെ ആദ്യ രൂപമായിരുന്നു ജനസംഘം എന്നും അറിയുമ്പോഴേ ഈ വിജയത്തിളക്കം ശരിക്കു മനസിലാവൂ.
മഞ്ചേരിയില്‍നിന്ന് ഇസ്മയില്‍ സാഹിബും തിളങ്ങുന്ന വിജയം നേടി. 97,290 വോട്ട് ഇസ്മയില്‍ സാഹിബ് നേടിയപ്പോള്‍ മുഖ്യ എതിരാളി കോണ്‍ഗ്രസിന്റെ പി.വി ഷൗക്കത്തലിക്ക് ഇതിന്റെ പകുതി വോട്ടേ കിട്ടിയുള്ളൂ. 49,971. കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥി പ്രാക്കുളം മുഹമ്മദ് കുഞ്ഞ് 92,852 വോട്ട് നേടി.സി.എച്ച് നിയമസഭാംഗത്വം രാജിവച്ച് ഡല്‍ഹിക്ക് പറന്നു. ഖായിദേമില്ലത്തിനും സി.എച്ചിനും പുറമേ ലീഗ് പിന്തുണച്ച സ്വതന്ത്രരായ പ്രശസ്ത എഴുത്തുകാരന്‍ എസ്.കെ പൊറ്റെക്കാട്ടും എ.വി രാഘവനും തെരഞ്ഞെടുക്കപ്പെട്ടു.
1967ല്‍ ഇ.എം.എസ് നേതൃത്വം നല്‍കിയ സപ്തകക്ഷി മുന്നണിയില്‍ മുസ്‌ലിംലീഗും ഘടകകക്ഷിയായി തെരഞ്ഞെടുപ്പിനെ നേരിട്ടു, സി.പി.എം നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ വന്നു. ലീഗ് നേതാക്കളായ സി.എച്ച്, അഹമ്മദ് കുരിക്കള്‍ എന്നിവര്‍ മന്ത്രിമാരായി. സി.എച്ചിന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ഇത് കോണ്‍ഗ്രസിനുള്ള ഒരു ഷോക് ട്രീറ്റ്‌മെന്റ് ആയിരുന്നു. ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരേയുള്ള അഴിമതി ആരോപണത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ അന്വേഷണം നടത്താത്ത മുഖ്യമന്ത്രിയോട് പ്രതിഷേധിച്ച് ലീഗ് മന്ത്രിമാര്‍ ഉള്‍പ്പെടെ ചിലര്‍ രാജിവച്ചു. ഏറെ വൈകാതെ നിയമസഭാ സമ്മേളനത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇ.എം.എസ് മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചു. 1969ല്‍ ഇ.എം.എസിനെ താഴെയിറക്കുകയും ഡല്‍ഹിയില്‍നിന്ന് പാര്‍ലമെന്റ് അംഗമായ സി. അച്യുതമേനോനെ കൊണ്ടുവന്ന് കേരളത്തിലെ മുഖ്യമന്ത്രി ആക്കുകയും ചെയ്തത് ലീഗ് പ്രസിഡന്റ് ബാഫഖി തങ്ങളായിരുന്നു. ഈ മന്ത്രിസഭയില്‍ സി.എച്ച് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിച്ചു. പിന്നീട് കോണ്‍ഗ്രസ് കൂടി ഈ മുന്നണിയിലെത്തുകയും കെ. കരുണാകരന്‍ ആഭ്യന്തര മന്ത്രിയാവുകയും ചെയ്തു.
1972 മാര്‍ച്ച്. മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് ഇസ്മയില്‍ സാഹിബ് അസുഖബാധിതനായി മദിരാശിയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആസ്പത്രിയിലായി. മന്ത്രി സി.എച്ച് ഉള്‍പ്പെടെ ലീഗ് നേതാക്കളൊക്കെ അവിടെ തമ്പടിച്ചു. ഏപ്രില്‍ നാലിന് ഇന്ത്യന്‍ മുസ്‌ലിംകളുടെ അനിഷേധ്യനായ പൊന്‍താരകം കാലയവനികക്കുള്ളില്‍ മറഞ്ഞു. അര നൂറ്റാണ്ടുകാലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വിശുദ്ധിയുടെ ആള്‍രൂപമായ ഖാഇദെ മില്ലത്ത് മുസ്‌ലിം ഇന്ത്യയെ അനാഥമാക്കിക്കൊണ്ട് കടന്നുപോയി.
മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റായി ബാഫഖി തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. മഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി വിദ്യാഭ്യാസമന്ത്രി സി.എച്ച് ആയിരിക്കുമെന്ന് തങ്ങള്‍ പ്രഖ്യാപിച്ചു. അനുസരിച്ച് മാത്രം ശീലമുള്ള സി.എച്ച് മന്ത്രിസ്ഥാനം രാജിവച്ചു വീണ്ടും ജനവിധി തേടി ഇറങ്ങി. 1972 ഡിസംബര്‍ 26ന് അദ്ദേഹം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ചാക്കീരി അഹമ്മദ് കുട്ടി, യു.എ ബീരാന്‍, കെ.കെ.എസ് തങ്ങള്‍ തുടങ്ങിയവരോടൊപ്പമാണ് പത്രികാസമര്‍പ്പണത്തിന് അദ്ദേഹമെത്തിയത്. ഡമ്മിയായി പത്രിക നല്‍കിയത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു എന്നതാണ് കൗതുകമുള്ള മറ്റൊരു കാര്യം.യു.എ ബീരാന്‍ ആയിരുന്നു നിര്‍ദേശകന്‍. ലീഗില്‍ നിന്ന് പുറത്താക്കിയ എ. ഉമ്മര്‍ ഖാനെ പ്രതിപക്ഷ കക്ഷികള്‍ സ്ഥാനാര്‍ഥിയാക്കി. 95,860 വോട്ടിന് സി.എച്ച് വിജയിച്ചു.
1973 ജനുവരി 22നാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടു ദിവസം മുമ്പ് ബാഫഖി തങ്ങള്‍ മരണപ്പെട്ടു. അതുകൊണ്ട് വിജയാഘോഷം വേണ്ടെന്ന് സി.എച്ച് വിലക്കി. ജയിക്കാനായി മാത്രം ജനിച്ച നേതാവായിരുന്നു സി.എച്ച്. മുനിസിപ്പല്‍ കൗണ്‍സിലര്‍ മുതല്‍ മുഖ്യമന്ത്രി സ്ഥാനം വരെ അദ്ദേഹം അലങ്കരിച്ചു. എം.എല്‍.എയും എം.പിയുമായി. മന്ത്രിയും ഉപമുഖ്യമന്ത്രിയുമായി. ഈ സ്ഥാനങ്ങളെല്ലാം വഹിച്ച മറ്റൊരു നേതാവിനെ ഇന്ത്യന്‍ രാഷ്ട്രീയം കണ്ടിട്ടില്ല. എം.എസ്.എഫിന്റെ പ്രാദേശിക ഭാരവാഹി മുതല്‍ അഖിലേന്ത്യാ ജന. സെക്രട്ടറി വരെയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."