വര്‍ണാധിപത്യം അമിതദേശീയതയിലൂടെ
സങ്കുചിത ദേശീയവാദത്തെ അടിസ്ഥാനമാക്കി സൃഷ്ടിച്ചെടുക്കുന്ന വംശീയവാദത്തിന്റെ കല്‍പ്പിതശുദ്ധിയില്‍ അറിഞ്ഞോ അറിയാതെയോ വീണുപോകുന്ന ജനതയായി നാം മാറുകയാണ്. ഒരു പരിധിവരെ ഇന്ത്യയൊട്ടാകെയും ഉത്തരേന്ത്യയില്‍ പൂര്‍ണമായും ഇന്നു നയിക്കുന്ന വികാരം ഭയമാണ്. ഭയം ഭരിക്കുന്ന രാജ്യമാണിന്നു ഭാരതം. നാമെന്തു കഴിക്കണമെന്നു തുടങ്ങി എന്തെഴുതണമെന്നുവരെ ഭരണകൂടം തീരുമാനിക്കുന്ന സ്ഥിതിവിശേഷം.
അംഗീകരിക്കാത്തവരെ ഭരണകൂടത്തിന്റെ മര്‍ദ്ദകസംവിധാനമുപയോഗിച്ചു കീഴ്‌പ്പെടുത്തുന്ന ഫാസിസ്റ്റ് രീതിയാണു നിലവിലുള്ളത്. അതുതന്നെയാണു ഹിറ്റ്‌ലറും മുസ്സോളിനിയുമടക്കം ലോകത്തെ എല്ലാ ഫാസിസ്റ്റ് ഭരണാധികാരികളും ചെയ്തത്. ഭരണകൂടവും അതിന്റെ ആളുകളും മര്‍ദ്ദകവിഭാഗമായും സാധാരണപൗരന്‍ മര്‍ദ്ദിതവിഭാഗമായും മാറിയിരിക്കുന്നു. ഇതിനെതിരേ വേണ്ടരീതിയില്‍ പ്രതിഷേധം ഉയര്‍ന്നുവരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
ഫാസിസം നമ്മുടെ ഹൃദയങ്ങളെപ്പോലും നിയന്ത്രിക്കാന്‍ കഴിവുള്ള ശക്തിയായി മാറിയെന്നര്‍ഥം. ലോകത്തെവിടെയെല്ലാം ഫാസിസം വാണിട്ടുണ്ടോ അവിടെയെല്ലാം അവര്‍ കൂലിക്കെഴുതുന്ന സാഹിത്യസാംസ്‌കാരികപ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും പിന്തുണയില്‍ ജനങ്ങളെ മായാലോകത്തയയ്ക്കുകയാണു ചെയ്തിട്ടുള്ളത്. അത് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നു.
ദേശീയത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പറയുന്നതു ഭാരതസംസ്‌കാരത്തിന്റെ വീണ്ടെടുപ്പിനും സംരക്ഷണത്തിനുമൊക്കെയുള്ള ധര്‍മസമരമാണു തങ്ങള്‍ നടത്തുന്നതെന്നാണ്. എന്നാല്‍, പ്രാചീന ഇന്ത്യയുടെ ചരിത്രം നമ്മെ പഠിപ്പിച്ചതും കണ്ടെത്തിയതും വൈദേശികരായ ചരിത്രാന്വേഷികളും സായിപ്പുമാരായ പുരാവസ്തു ഗവേഷകരുമാണെന്ന കാര്യം നാം മനസ്സിലാക്കണം. ബ്രിട്ടിഷ് പട്ടാളത്തിലെ ഓഫിസറായിരുന്ന ചാള്‍സ് മാന്‍ഷന്‍ ജോലിയില്‍നിന്നു വിരമിച്ചശേഷം നടത്തിയ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും പരിണിതഫലമായി കണ്ടെത്തിയതാണ് ഇന്ത്യയുടെ പ്രാചീനസംസ്‌കാരം.
ചാള്‍സ് മാഷന്‍ ഹാരപ്പയില്‍നിന്നു കണ്ടെടുത്ത അതേ മാതൃകയിലുള്ള സീലുകള്‍ അവിടെനിന്നു 450 കിലോമീറ്റര്‍ അകലെ മോഹന്‍ജദാരോയില്‍ നിന്ന് ഏറെ അകലെയുള്ള മെസപ്പൊട്ടോമിയയില്‍നിന്നും ഇറാഖിലെ ഖിഷ് ദ്വീപില്‍നിന്നും കണ്ടെത്തിയെന്ന അറിവിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനങ്ങളുടെയും ഖനനങ്ങളുടെയും ഫലമായി മനസിലാക്കിയെടുത്തതാണു നമ്മുടെ പ്രാചീനഭാരതത്തെ. ഇതൊന്നുകൊണ്ടു മാത്രം നാം വൈദേശികരോട് എത്രത്തോളം കടപ്പെടുന്നുവെന്നു വ്യക്തമാകും.
എന്നല്‍, അത് അംഗീകരിക്കുന്നതിനും വിശാലമായ ചിന്തകള്‍ വച്ചുപുലര്‍ത്തുന്നതിനും പകരം ഭാരതീയസംസ്‌കാരത്തിന്റെ ആദിമശില്‍പ്പികള്‍ ആര്യന്മാരാണെന്നും ആ ജനവര്‍ഗത്തിന്റെ ആഗമനത്തിനുമുമ്പ് ഇന്ത്യക്കൊരു നാഗരികചരിതമില്ലെന്നുമുള്ള ആ പഴയ ബോധത്തെ പ്രചരിപ്പിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. അതുവഴി ബ്രാഹ്മണമേധാവിത്തമാണു ലക്ഷ്യം. ഇതു തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഫ്രഞ്ച് പ്രഭുവും അറുപിന്തിരിപ്പന്‍ ചിന്താഗതികളുടെ പ്രചാരകനുമായിരുന്ന കോമട് ഡി. ഗോബിനോവാണവ യൂറോപ്പില്‍ ആദ്യമായി വര്‍ഗസിദ്ധാന്തം ഉന്നയിച്ചത്. അതിനു നോര്‍ഡിക് വര്‍ഗവാദം എന്നു പറയുന്നു. യൂറോപ്പിലെ സകല സാംസ്‌കാരികവും നിര്‍മാണാത്മകവുമായ പുരോഗതികള്‍ക്കു ഹേതുഭൂതരായവര്‍ വെളുത്തനിറമുള്ളവരും ദീര്‍ഘകായരുമായ നോര്‍ഡിക് വര്‍ഗമാണെന്നും അവര്‍ക്കല്ലാതെ ജന നായകത്വം വഹിക്കാന്‍ അര്‍ഹതയില്ലെന്നും തുടങ്ങിയുള്ള വാദങ്ങളടങ്ങിയതാണു നോര്‍ഡിക് വര്‍ഗവാദം.
പാശ്ചാത്യന്‍ ജനതയാകെ ഈ വാദത്തെ സഹര്‍ഷം സ്വാഗതം ചെയ്തു. പിന്നീട് ജര്‍മന്‍കാര്‍ നോര്‍ഡിക് വര്‍ഗവാദം ഏറ്റെടുത്തതോടെ ഇതിന്റെ അപകടമേഖല ബഹുദൂരം വ്യാപിക്കുകയായിരുന്നു.അങ്ങനെ അതു യൂറോപ്പും കടന്ന് ഈജിപ്ത്, മെസപൊട്ടോമിയ, ഇന്ത്യ എന്നു വേണ്ട ലോകത്തെവിടെ സംസ്‌കാരവും നാഗരികതയും വളര്‍ന്നിട്ടുണ്ടോ അവിടെയെല്ലാം അതിനുള്ള കാരണം ആര്യവര്‍ഗമാണെന്ന് അവര്‍ വാദിച്ചു. ഹിറ്റ്‌ലറും അദ്ദേഹത്തിന്റെ ശാസ്ത്രകാരന്മാരും പ്രസ്തുത വാദം പ്രചരിപ്പിക്കാന്‍ എടുത്ത തന്ത്രങ്ങള്‍ക്കും അടവുകള്‍ക്കും കൈയും കണക്കുമില്ല. അതിന്റെ പ്രചാരകര്‍തന്നെയാണ് ഇന്നു ഇന്ത്യയിലും നമ്മെ ദേശീയത പഠിപ്പിക്കാന്‍ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നത്.
ഇറ്റലിയില്‍ മുസ്സോളിനിക്കെതിരേ സംസാരിച്ചതിനും എഴുതിയതിനും അന്റോണിയോ ഗ്രാംഷിയടക്കമുള്ളവരെ തടവില്‍ പാര്‍പ്പിച്ച് ഇഞ്ചിഞ്ചായി കൊന്ന ചരിത്രം നമുക്കറിയാമല്ലോ. അന്നു ഗ്രാംഷിക്ക് പറയാനുള്ളത് എഴുതി രഹസ്യമായി റഷ്യയില്‍ എത്തിച്ചിട്ടാണെങ്കിലും ലോകത്തെ അറിയിക്കാന്‍ സാധിച്ചെങ്കില്‍ ഇന്ന് അതിനുള്ള സാധ്യതയും ഇല്ലാതായിരിക്കുന്നു. നജീബ് എവിടെയെന്നു നാമറിയുന്നില്ല. അതു ചോദിച്ചവനെ ദേശദ്രോഹിയായി ചിത്രീകരിക്കാനാണു ഭരണകൂടം ശ്രമിക്കുന്നത്.
അന്റോണിയോ ഗ്രാംഷിമാര്‍ ഇവിടെയും ഉയര്‍ന്നുവരേണ്ടതുണ്ട്. കൃത്യമായ തൊഴിലാളിവര്‍ഗ, കീഴാള പ്രത്യയശാസ്ത്രം രൂപപ്പെടുത്തി അവ പ്രചരിപ്പിച്ചു പഠിപ്പിച്ചു സമൂഹത്തെ മാറ്റിയെടുക്കാനുള്ള ഭൗതികതലപ്രവര്‍ത്തനം രാഷ്ട്രീയമായി നടക്കേണ്ടത് അനിവാര്യമാണ്.
ഫാസിസത്തിന് അവരുടെ അധികാരവും മേല്‍ക്കോയ്മയും വര്‍ണാധിപത്യവും സംരക്ഷിക്കുന്നതിനു ദേശീയതയുടെ പുകമറ അത്യാവശ്യമാണ്. അതിന് അവര്‍ അധികാരദണ്ഡുപയോഗിച്ച് സകല മൂലധനതല്‍പരകക്ഷികളെയും മാധ്യമങ്ങളെയും കൈപ്പിടിയിലാക്കിയിരിക്കുന്നു. പൊതുജനമാണെങ്കില്‍ തികച്ചും ഉപഭോഗതല്‍പരരായി മാറിയതിനാല്‍ അവരുടെ മസ്തിഷ്‌കങ്ങള്‍ നിയന്ത്രിക്കുന്നതു തന്നെ ആഗോളമൂലധനമാണ്.
മുഖപുസ്തകമടക്കമുള്ള അത്യാധുനിക സമൂഹമാധ്യമ കൂട്ടായ്മയടക്കമുള്ളവയില്‍ നമ്മുടെ പുതുതലമുറകളുള്‍പ്പെടെയുള്ള സമൂഹം പ്രതികരിക്കുകയും ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നതു നിരീക്ഷിച്ചാല്‍ സമൂഹം എത്രമാത്രം മാറിപ്പോയിരിക്കുന്നുവെന്നു മനസ്സിലാകും. ഒരുഭാഗത്ത് ഫാസിസത്തിന്റെ അദൃശ്യമായ തടവറയില്‍ ഓരോ വ്യക്തിയുടെയും ഹൃദയങ്ങള്‍ അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു. മറുഭാഗത്ത്, കൃത്യമായ മൂലധനാടിമത്തം നിലനില്‍ക്കുന്നു.
മനുഷ്യനെ വര്‍ഗത്തിന്റെയോ വര്‍ണത്തിന്റെയോ കണ്ണുകൊണ്ടു കാണാതെ സഹോദരനായി കാണാന്‍ സാധിക്കുന്ന ഉത്തമസമൂഹത്തെ സൃഷ്ടിക്കുകയെന്നതാവണം ഇനിയുള്ള നാളുകളില്‍ സാമൂഹികപ്രവര്‍ത്തകരുടെ കടമ. അതിനുവേണ്ടി സകല ഇടങ്ങളിലും പുതുതലമുറ ഇടപെടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മെ ഭരിക്കുന്ന ശക്തിക്ക് അവരുമായി സന്ധിചെയ്യുന്നവരെ അണിചേര്‍ക്കാനും എതിരാളിയെ പരമാവധി ഭിന്നിപ്പിക്കാനുമുള്ള അനിതരസാധാരണമായ കഴിവുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്കു വിജയകരമായ രീതിയില്‍ ഇലക്ഷന്‍ എന്‍ജിനീയറിങ്ങ് പ്രായോഗികമാക്കാനും ഭരണം പിടിച്ചെടുക്കാനും കഴിയും.
അത് അപകടസൂചനയാണ്. വര്‍ണവരേണ്യതയില്‍ നിലനില്‍ക്കുന്ന ഫാസിസ്റ്റ് ഭരണകൂടം സംഹാരതാണ്ഡവമാടുമ്പോള്‍ മതേതര,ജനാധിപത്യകക്ഷികള്‍ പരസ്പരം ഭിന്നിച്ചു തമ്മില്‍ മത്സരിച്ചു സമയം കളയുന്നതു കാലഘട്ടത്തോടു ചെയ്യുന്ന പാതകമാണ്. ഒരുമിക്കാന്‍ കഴിയുന്നവരെല്ലാം ഒരുമിപ്പിച്ചു ഫാസിസത്തെ ചെറുക്കാന്‍ കൃത്യമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ തയാറായില്ലെങ്കില്‍ രാജ്യം വംശീയലഹളകള്‍ മൂലം തകര്‍ന്നടിയുന്നതു കണ്ടുനില്‍ക്കേണ്ടി വരും.
രാഷ്ട്രനിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഒരു പങ്കുമില്ലാത്തവരാണു രാജ്യഭരണം കൈയാളുന്നതെന്ന് ഈയവസരത്തില്‍ ഓര്‍ക്കണം. ഗുജറാത്തില്‍ പശുക്കളെ കൊല്ലുന്നതിനുള്ള ശിക്ഷ ജീവപരന്ത്യമാക്കി നിയമസഭാസമ്മേളനത്തില്‍ നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയതും ഇതോടൊപ്പം വായിച്ചെടുക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."