അയ്മനം വിശപ്പ്‌രഹിത പഞ്ചായത്ത് പദ്ധതി ഉദ്ഘാടനം 29ന്
ആര്‍പ്പൂക്കര: അയ്മനം ഗ്രാമപഞ്ചായത്ത് വിശപ്പ് രഹിത പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 29ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. പഞ്ചായത്ത് പരിധിക്കുള്ളിലെ ആര്‍ക്കും ഒരു നേരത്തെ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകരുത് എന്ന ആശയത്തില്‍ നിന്നാണ് വിശപ്പു രഹിത പദ്ധതിയുമായി പഞ്ചായത്തംഗങ്ങള്‍ രംഗത്ത് വരുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തില്‍ എത്തുന്നവര്‍ക്കും ഈ സേവനം ഉപയോഗപെടുത്താം. ആശ്രയവും വരുമാനവും ഇല്ലാത്തവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഒരു നേരത്തെ ഭക്ഷണം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഭക്ഷണം കഴിക്കുവാന്‍ സാമ്പത്തികം ഇല്ലാത്തവര്‍ക്ക് സൗജന്യമായും സാമ്പത്തികമുള്ളവര്‍ക്ക് ഒരു ഊണ് 25 രൂപ നിരക്കിലും കഴിക്കാം. ഇതിനായി ഒന്നര ലക്ഷം രൂപ മുടക്കി പഞ്ചായത്ത് വളപ്പില്‍ തന്നെ കുടുംബശ്രീ കാന്റീന്‍ തയാറാക്കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളും സി.ഡി.എസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ഭക്ഷണം തയാറാക്കുന്നത്. ഒരു നേരത്തെ അന്നത്തിനായി കാത്തിരിക്കുന്നവര്‍ക്ക് സംരംഭം കൈതാങ്ങാകും എന്ന വിശ്വാസമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചന്‍ പറഞ്ഞു.പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഒരു നേരത്തേ ഭക്ഷണത്തിന് വകയില്ലാത്ത കിടപ്പു രോഗികള്‍, വാര്‍ധക്യം ബാധിച്ചവര്‍, അംഗ പരിമിതര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, അരിയും സാധനങ്ങളും മറ്റും സൗജന്യമായി ലഭിച്ചിട്ടും വീട്ടില്‍ പാചകം ചെയ്യാന്‍ കഴിയാത്തവര്‍, പ്രായമേറിയവര്‍, അസുഖബാധിതര്‍ തുടങ്ങിയവര്‍ക്ക് ഭക്ഷണം നേരിട്ട് എത്തിക്കും. ഇത്തരം സഹായം ആവശ്യമായവരുടെ പട്ടിക പ്രത്യേകം തയാറാക്കിയായിരിക്കും പദ്ധതി നടപ്പാക്കുക. കുടുംബശ്രീ കാന്റീനില്‍ നിന്നും ലഭ്യമാകുന്ന വരുമാനത്തിന്റെ ഒരു ഭാഗം പ്രവര്‍ത്തനത്തിനായി ചെലവിടും. ഈ തുക തികയാതെ വരുന്ന പക്ഷം പഞ്ചായത്ത് പദ്ധതിക്കായി തുക വകയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."