മെസിയുടെ ആരാധകനായ യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത
ഏറ്റുമാനൂര്‍: ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീന തോറ്റതിനു പിന്നാലെ ആത്മഹത്യാകുറിപ്പെഴുതി വെച്ചശേഷം വീടു വിട്ടിറങ്ങിയ യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത ഏറുന്നു. രണ്ട് ദിവസമായി മീനച്ചിലാറ്റില്‍ നടത്തിയ തെരച്ചില്‍ ഫലം കണ്ടില്ല. ലയണല്‍ മെസിയുടെ കടുത്ത ആരാധകനായ ആറുമാനൂര്‍ കൊറ്റത്തില്‍ ദിനു അലക്സിനെ (30) വെള്ളിയാഴ്ച മുതലാണ് കാണാതായത്. ദിനു പുഴയില്‍ ചാടിയിരിക്കാം എന്ന നിഗമനത്തിലാണ് അഗ്നിശമനസേനയും പൊലിസും നാട്ടുകാരും വെള്ളിയാഴ്ചയും ശനിയാഴ്ചയും മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിയത്.
ഫയര്‍ ഫോഴ്സും പൊലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചില്‍ വെള്ളിയാഴ്ച വൈകിട്ട് പേരൂര്‍ പായിക്കാട് ഭാഗത്തുവെച്ച് നിര്‍ത്തിയിരുന്നു. ശനിയാഴ്ച വൈകിട്ട് വരെ വീണ്ടും തെരച്ചില്‍ നടത്തിയ പൊലിസ് ഇപ്പോള്‍ സംശയിക്കുന്നത് ദിനു വെള്ളത്തില്‍ ചാടി കാണുമോ എന്നതാണ്. ഒരു സ്പീഡ് ബോട്ടില്‍ ശനിയാഴ്ച കുമരകം മുതല്‍ പേരൂര്‍ വരെ തെരച്ചില്‍ നടത്തിയിരുന്നു. അഗ്നിശമനസേനയുടെ രണ്ട് ബോട്ടും നാട്ടുകാര്‍ ഇറക്കിയ വള്ളങ്ങളും തെരച്ചിലിന് ഉപയോഗിച്ചിരുന്നു. കുത്തൊഴുക്കിനെ അതിജീവിച്ചായിരുന്നു തെരച്ചില്‍.
അതേസമയം കാണാതായ ദിനു അലക്സ് ഇതിനുമുമ്പും പലതവണ വീട് വിട്ട് പോയിട്ടുള്ളയാളാണെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. ഡിഗ്രിക്ക് തോറ്റ സമയത്ത് വീട്ടില്‍ നിന്നും ഇറങ്ങിപോയ ഇയാള്‍ ഒരു മാസത്തിനകം തിരിച്ചെത്തിയിരുന്നു. ആത്മഹത്യാകുറിപ്പ് എഴുതിവെച്ചിട്ടുണ്ടെങ്കിലും മൊബൈലുമായി ദിനു പോയത് മറ്റെങ്ങോട്ടെങ്കിലും ആണോ എന്ന സംശയവും പോലിസിനുണ്ട്. ആ വഴിക്കുള്ള അന്വേഷണത്തിന് തയാറെടുക്കുകയാണ് പൊലിസ്. ദിനുവിന്റെ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്ന മൊബൈലിന്റെ ലൊക്കേഷന്‍ കണ്ടുപിടിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെ ബ്ലു വെയില് പോലുള്ള ഓണ്‍ലൈന്‍ ഗയിമുകളില്‍ പെട്ട് വീട്ടില്‍ നിന്നും ഇറങ്ങിയതാണോ എന്ന സംശയവും നാട്ടുകാര്‍ക്കിടയിലുണ്ട്. വ്യാഴാഴ്ച രാത്രി 12.30 മണിക്ക് ടി.വി കണ്ടുകൊണ്ടിരുന്ന ദിനു വീട് വിട്ടിറങ്ങിയെന്നത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മനസിലാകുന്നത്. കോട്ടയത്ത് ചോയ്സ് ബുക്സ് എന്ന സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് ദിനു. പുലര്‍ച്ചെ 5.30 മണിയോടെ ഉറക്കം എഴുന്നേറ്റ അമ്മ കതകുകള്‍ തുറന്ന് കിടക്കുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് മകനെ കാണാനില്ല എന്ന വസ്തുത അറിയുന്നത്. വിവരമറിഞ്ഞ് 7.30 മണിയോടെ സ്ഥലത്തെത്തിയ അയര്‍കുന്നം എസ്.ഐ അനില്‍കുമാറും സംഘവും ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്ന വാചകങ്ങളുടെ അടിസ്ഥാനത്തിലാണ് ഫയര്‍ഫോഴ്സിനെ വിളിച്ചു വരുത്തിയതും പുഴയില്‍ തെരച്ചില്‍ ആരംഭിച്ചതും. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ദിനു എഴുതിവെച്ചിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ പൊലിസ് നായ മണം പിടിച്ച് മീനച്ചിലാറിന്റെ തീരത്ത് പോയി നിന്നു. മെസിയുടെ കടുത്ത ആരാധകനാണ് സ്പോര്‍ട്സ് പ്രേമിയായ ദിനു അലക്സ്. മെസിയുടെ നമ്പര്‍ പത്ത് എന്നെഴുതിയിക്കുന്ന ജഴ്സി സംഘടിപ്പിക്കുവാനായി കോട്ടയത്തെ ഒട്ടേറെ കടകളില്‍ ഇയാള്‍ കയറിയിറങ്ങിയിരുന്നുവെന്നാണ് വിവരം. ഈ ജഴ്സി ഇപ്പോള്‍ വീട്ടില്‍ കാണാനില്ല. അതും ധരിച്ചായിരിക്കാം ദിനു പോയതെന്ന് കരുതുന്നു.
ലോകകപ്പ് തുടങ്ങിയ നാള് മുതല്‍ തന്റെ നോട്ട്ബുക്കില്‍ മെസിയെ കുറിച്ചുള്ള കാര്യങ്ങളും മറ്റും കുറിച്ചുവെക്കുന്നുണ്ടായിരുന്നു ദിനു. ലോകകപ്പില്‍ ഒരിക്കലും പരാജയപ്പെടാന്‍ പാടില്ലെന്നും തോറ്റാല്‍ ജീവത്യാഗമായിരിക്കുമെന്നും സൂചിപ്പിക്കുന്ന രീതിയുള്ള കുറിപ്പുകള്‍ ബുക്കിലുണ്ടെന്ന് പൊലിസ് പറയുന്നു. അര്‍ജന്റീന തോറ്റാല്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് വീട്ടുകാരോടും ദിനു പറഞ്ഞിട്ടുണ്ട്. അവിവാഹിതനായ ദിനു അലക്സ് പി.എസ്.സി എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍ പേരുള്ളയാളു കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."