ജില്ലയോട് അവഗണനയെന്ന് ആക്ഷേപം
കാസര്‍കോട്: സംസ്ഥാന ബജറ്റില്‍ കാസര്‍കോടിനോടു പൂര്‍ണമായ അവഗണനയാണു കാണിച്ചതെന്ന് യു.ഡി.എഫ്. മെഡിക്കല്‍ കോളജിനും ചീമേനി താപ വൈദ്യുത നിലയത്തിനും തുക നീക്കിവെക്കാത്ത ബജറ്റ് കാസര്‍കോട് എന്തു വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് നേതാക്കള്‍ ചോദിച്ചു. അവഗണനക്കെതിരേ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ബജറ്റ് തീര്‍ത്തും നിരാശപ്പെടുത്തിയെന്നു യു.ഡി.എഫ് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല, ഡി.സി.സി പ്രസിഡന്റ് അഡ്വ.സി.കെ ശ്രീധരന്‍ എന്നിവര്‍ വ്യക്തമാക്കി.
യു.ഡി.എഫ് എം.എല്‍.എമാരുടെ മണ്ഡലത്തില്‍ പണം നീക്കിവെക്കുന്നതില്‍ വിമുഖത കാണിച്ച ബജറ്റില്‍ ജില്ലയിലെ ഇടതു എം.എല്‍.എമാരുടെ മണ്ഡലത്തില്‍ വാരിക്കോരി കൊടുത്തുവെന്നും യു.ഡി.എഫ് ആരോപിക്കുന്നു. കാസര്‍കോടിനോട് കാണിച്ച അവഗണന രാഷ്ട്രീയപ്രേരിതമാണെന്നാണ് നേതാക്കളുടെ ആരോപണം. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളോടുള്ള അവഗണനക്കെതിരേ പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും രംഗത്തു വന്നു.
പിന്നാക്കം നില്‍ക്കുന്ന കാസര്‍കോടിനെ വികസനത്തിന്റെ പാതയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ വലിയ സംഭാവനകളായ കാസര്‍കോട് പാക്കേജ്, കാസര്‍കോട് മെഡിക്കല്‍ കോളജ് തുടങ്ങിയ വികസന പദ്ധതികള്‍ക്ക് ആശങ്ക ഉണ്ടാക്കുന്നതാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നതെന്ന് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ പറഞ്ഞു. ജില്ലയിലെ പ്രധാന പദ്ധതികളുടെയൊന്നും തുടര്‍ പ്രവര്‍ത്തിക്കു ബജറ്റില്‍ തുക വകയിരുത്താത്തത് കാസര്‍കോടിനോടുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവഗണനയാണ് കാണിക്കുന്നത്.
നിരവധി റോഡുകള്‍ക്കും പാലങ്ങള്‍ക്കും ബജറ്റില്‍ തുക പ്രഖ്യാപിച്ചപ്പോള്‍ മഞ്ചേശ്വരം മണ്ഡലത്തെ തീര്‍ത്തും അവഗണിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്നും എം.എല്‍.എ ആരോപിച്ചു.
വിവിധ ജില്ലകളില്‍ വിവിധ അഗ്രോപാര്‍ക്കുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചപ്പോള്‍ അടക്കാ കര്‍ഷകര്‍ ഏറെയുള്ള കാസര്‍കോട് അഗ്രോ പാര്‍ക്ക് അനുവദിക്കാത്തത് കര്‍ഷകരോടുള്ള അവഗണനയാണ്.
14 മേല്‍പാലങ്ങള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയപ്പോള്‍ മഞ്ചേശ്വരം മേല്‍പാലം ഉള്‍പ്പെടുത്താത്തത് രാഷ്ട്രീയ വിരോധം കൊണ്ടു മാത്രമായിരിക്കുമെന്നും അബ്ദുല്‍ റസാഖ് എം.എല്‍.എ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ രോഗബാധിതരോട് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും നിലപാട് ഈ ബജറ്റില്‍ നിന്നു വ്യക്തമായെന്നും എല്‍.ഡി.എഫിന്റേതു മുതലക്കണ്ണീരായിരുന്നുവെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
മഞ്ചേശ്വരം ചെക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും ധനകാര്യ വകുപ്പ് മന്ത്രിയെയും കണ്ട് സംസാരിച്ചതിനെത്തുടര്‍ന്ന് മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ ആധുനിക ഡാറ്റ കലക്ഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്ന നടപടി ഉടന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം ആശ്വാസകരമാണ്.
വികസന രംഗത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയ പ്രേരിതമായ നിലപാട് തുടരുകയാണെങ്കില്‍ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും എം.എല്‍.എ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."