ഭർത്താവിന് കൊവിഡ്-19; യുവതിയും കുഞ്ഞും സഊദിയിൽ ആത്മഹത്യ ചെയ്‌തു
റിയാദ്: സഊദിയിൽ കോഴിക്കോട് സ്വദേശി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ഭാര്യയെയും കുഞ്ഞിനേയും ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജു വിന്റെ ഭാര്യ മണിപ്പൂരി സ്വദേശിനി (30) യെയും ആറ് മാസം പ്രായമായ കുഞ്ഞിനേയുമാണ് ഫ്‌ളാറ്റിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഇവരുടെ കൂടെയുള്ള ബിജുവിന്റെ എഴുപത് വയസ് പ്രായമായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസം മുമ്പ് മൂക്ക് സംബന്ധമായ അസുഖം കാണിക്കാനായാണ് ബിജു ആശുപത്രിയിൽ പോയിരുന്നത്. പിന്നീട് വിവരങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. ഇതിനിടെ ബിജുവിന്റെ സഹോദരി നാട്ടിൽ നിന്നും സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു മുവാസാത് ആശുപത്രിയിൽ വെന്റിലേറ്ററിൽ അത്യാസന്ന നിലയിൽ കഴിയുകയാണെന്ന വിവരം അറിയുന്നത്.
ഇതിനിടെ ഇന്നലെയാണ് ബിജുവിന്റെ ഭാര്യയും കുഞ്ഞും ആത്മഹത്യ ചെയ്‌തത്. ഇന്നലെ രാവിലെ മുതൽ ബിജുവിന്റെ അമ്മ ഫ്‌ളാറ്റിന് പുറത്തു നിൽക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ, വൈകുന്നേരമായിട്ടും അതെ നിലയിൽ കണ്ടപ്പോൾ കൂടുതൽ ചോദിച്ചപ്പോഴാണ് യുവതി മുറി അകത്ത് നിന്നും കുറ്റിയിട്ടെന്നും കയറാൻ കഴിയുന്നില്ലെന്നുമുള്ള വിവരം വെളിപ്പെടുത്തിയത്. പിന്നീട് പോലീസെത്തി തുറന്നു പരിശോധിച്ചപ്പോൾ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആംബുലൻസെത്തി യുവതിയെയും കുഞ്ഞിനേയും ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അവശയായ അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഴ്‌സിംഗ് മേഖലയിലുള്ള യുവതി ഇവിടെ ജോലി ശരിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു.
എട്ടു വർഷത്തോളമായി മദീന എയർപോർട്ടിൽ ജോലി ചെയ്യുന്ന ബിജുവിനു അടുത്ത സമയത്ത് ജോലിയിൽ നിന്നും ടെർമിനേഷൻ ലഭിച്ചിരുന്നു. മദീന എയർപോർട്ടിൽ വണ്ടർലാ എന്ന കമ്പനിക്ക് കീഴിൽ ബെൽറ്റ് ടെക്‌നീഷ്യനായി ജോലി ചെയ്‌തു വരിയായിരുന്നു. സുഹൃത്തുക്കളുമായി അകലം പാലിച്ചിരുന്ന വ്യക്തിയായതിനാൽ തന്നെ അദ്ദേഹത്തിന്റെ കുടുംബവമായുള്ള കൂടുതൽ വിവരങ്ങൾ സുഹൃത്തുക്കൾക്കും ലഭ്യമല്ല. ഭാര്യയായ മണിപ്പൂരി യുവതിയുടെ വിവരങ്ങളും ബിജുവിന് മാത്രമാണറിയുന്നത്. എന്നാൽ, വെന്റിലേറ്ററിൽ കഴിയുന്നതിനാൽ വിവരങ്ങൾ ശേഖരിക്കാനും കഴിയാത്ത അവസ്ഥയിലാണ് സുഹൃത്തുക്കൾ. നടപടികൾക്കായി മദീന കെഎംസിസി നേതാവ് ശരീഫ് കാസർഗോഡ്, കൂടാതെ നിസാർ കരുനാഗപ്പള്ളി, നൗഷാദ് അടൂർ, സുജയ് മാന്നാർ (നവോദയ) എന്നിവരുൾപ്പെടെയുള്ളവർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."