അവഗണനയ്‌ക്കെതിരേ പ്രതിഷേധം
ചെറുവത്തൂര്‍: മയ്യിച്ച പുഴയ്ക്ക് കുറുകെ പാലത്തേര, മയ്യിച്ച പ്രദേശങ്ങളെ ബന്ധിപ്പിച്ച് കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തുമെന്ന പ്രതീക്ഷ ഇല്ലാതായതോടെ പ്രദേശത്ത് ജനങ്ങള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് 24 വര്‍ഷമായി പ്രദേശത്തോട് കടുത്ത അവഗണനയാണ് തുടരുന്നതെന്നാണ് ജനം പറയുന്നത്. ബജറ്റിനു മുമ്പ് രാമഞ്ചിറയിലും മയ്യിച്ചയിലും വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ രാമഞ്ചിറ പാലത്തിനു മാത്രം പത്തുകോടി അനുവദിക്കുകയായിരുന്നു. ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന താല്‍കാലിക പാലത്തിലൂടെ ജീവന്‍ പണയം വച്ചാണ് ജനത്തിന്റെ യാത്ര.
കുന്നുംകൈ: മലയോരത്തിനു പൊതുവേ നിരാശയാണ് ബജറ്റ് സമ്മാനിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസ് അനുവദിച്ചെങ്കിലും അനുബന്ധ ഓഫിസുകള്‍ ഒന്നും അനുവദിച്ചിട്ടില്ല. കെട്ടിടത്തിനായി ഭൂമി സൗജന്യമായി നാട്ടുകാര്‍ വിട്ടു നല്‍കിയിട്ടും കെട്ടിടം സ്ഥാപിക്കുന്ന കാര്യത്തില്‍ യാതൊരുവിധ പരാമര്‍ശവും ഉണ്ടായില്ല. വെള്ളരിക്കുണ്ട്, ചിറ്റാരിക്കല്‍, പൂടങ്കല്ല് എന്നീ സി.എച്ച്.സികളില്‍ ഒന്നെങ്കിലും താലൂക്ക് ആശുപത്രിയായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷെ ബജറ്റില്‍ അതുമുണ്ടായില്ല. മലയോര ഹൈവേക്ക് തുക അനുവദിച്ചെങ്കിലും മറ്റു റോഡുകളെ അവഗണിച്ചു. ഭീമനടി പൊതുമരാമത്ത് ഓഫിസിനു കെട്ടിടത്തിനും കാലിക്കടവ്, പെരുമ്പട്ട പാലത്തിനും ഭീമനടി മുക്കട , ചിറ്റാരിക്കല്‍ കുന്നുംകൈ റോഡിനും ബജറ്റില്‍ ടോക്കണ്‍ തുക മാത്രമാണ് നല്‍കിയത്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള റോഡായ മുക്കട ഭീമനടി റോഡിനായി തുക അനുവദിക്കാത്തതിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."