ഫഌക്‌സിബിളായ ആര്‍ട്ടിസ്റ്റാകാന്‍ മോഹമെന്ന് സുരഭി
കൊച്ചി: ഫ്‌ളക്‌സിബിളായ ആര്‍ട്ടിസ്റ്റാകാനാണ് തനിക്ക് മോഹമെന്നു മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി. വളരെ ചുരുക്കം സിനിമയില്‍ മാത്രം അഭിനയിച്ച തനിക്ക് ബഹുദൂരം പിന്നിലേക്ക് പോയി കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഈ കോഴിക്കോട് സ്വദേശി. എറണാകുളം പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു മലയാളിയുടെ അഭിമാനമായി മാറിയ ഈ അഭിനേത്രി. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ ബി.എ ഭരതനാട്യത്തിന് ചേരുമ്പോള്‍ ഉപ വിഷയങ്ങള്‍ തിരഞ്ഞെടുക്കണമായിരുന്നു. മോഹിനിയാട്ടവും സംഗീതവും ഒക്കെ കൂട്ടിയാല്‍ കൂടില്ലല്ലോ എന്ന് കരുതി. തിയേറ്റര്‍ എന്ന് കണ്ടപ്പോള്‍ ടിക് ചെയ്തത് തന്റെ നാട്ടിലെ സിനിമ കാണുന്ന തിയേറ്റര്‍ എന്ന് കരുതിയാണ്. പിന്നീടാണ് ഇത് നാടകമാണെന്നും അഭിനയമാണെന്നുമൊക്കെ അറിയുന്നത്. ഷേക്‌സ്പിയറും മാക്ബത്തുമൊക്കെ ആരാണെന്ന് സഹപാഠിയോട് ചോദിച്ചത് ഇപ്പഴും തന്റെ മനസിലുണ്ടെന്ന് സുരഭി പറഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ കൂട്ടച്ചിരി ഉയര്‍ന്നു.
'ഇത്രയും പത്രക്കാരെ കാണുന്നത് ആദ്യമായാണ് ; എന്റെ 'വെറ' ഒന്ന് മാറിക്കോട്ടെ അന്നിട്ടുസംസാരിക്കാമെന്ന ആമുഖത്തോടെയായിരുന്നു സുരഭി ആരംഭിച്ചത്. താന്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ആദ്യമായാണ്, കട്ടിയുള്ളതൊന്നും ചോദിക്കല്ലെ എന്ന മുഖവുരയും വന്നു. അവാര്‍ഡ് നേടിയതുവഴി ഒരുദിവസം കൊണ്ട് തന്റെ ജീവിതം മാറിയിരിക്കുന്നു.
സ്വപ്നവും യാഥാര്‍ഥ്യവും ഒരുമിച്ചതുപോലുള്ള നിമിഷങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നത്. തനിക്ക് നേരെ കാമറ ഫ്‌ളാഷുകള്‍ മിന്നിമറയുന്നത് താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അത് ഇപ്പോള്‍ യാഥാര്‍ഥ്യമായി. സന്തോഷംകൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുനീര്‍ വകവെക്കാതെ സുരഭി സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞത് കാമറകണ്ണുകള്‍ ഒരുപോലെ ഒപ്പിയെടുത്തപ്പോള്‍ സുരഭിയുടെ കോഴിക്കോടന്‍ ഭാഷ വീണ്ടും-'ഇത്രക്കെ മതീട്ടോ'.
മൂന്നര വയസുള്ളപ്പോഴായിരുന്നു ആദ്യമായി അഭിനയത്തിന് സമ്മാനം കിട്ടിയത്.
കോഴിക്കോട് ചെറുവറ്റക്കടവിനടുത്തായിരുന്നു കുഞ്ഞുന്നാളിലെ താമസം. കൊയ്ത്തുകഴിഞ്ഞ് എല്ലാവരും ഒത്തുകൂടുമ്പോള്‍ ഉത്സവമാണ്. വെള്ളപെറ്റിക്കോട്ട് ഇട്ട് കണ്ണുകാണാത്ത കുട്ടിയെ പോലെ അഭിനയിക്കാന്‍ പപ്പയാണ് പറഞ്ഞത്. അഭിനയിച്ചുകഴിഞ്ഞപ്പോള്‍ കലാപരിപാടി അവതരിപ്പിച്ച സര്‍ക്കസ് സംഘത്തിന് നല്ല തുകയും ലഭിച്ചു. അങ്ങനെ എനിക്ക് ആദ്യ പ്രതിഫലം ലഭിച്ചു, ഒരു പൊതി കടല. സുരഭി പറഞ്ഞു. 'മിന്നാമിനുങ്ങ്' സംവിധായകന്‍ അനില്‍ തോമസ്, സുരഭിയുടെ മകളായി ചിത്രത്തില്‍ അഭിനയിച്ച റബേക്ക സന്തോഷ് എന്നിവരും മീറ്റ ദ പ്രസില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."