പൊലിസുകാരന് എസ്.എഫ്.ഐ മര്‍ദനം; ശക്തമായ നടപടിയെടുക്കണം: ബിന്ദുകൃഷ്ണ
കൊല്ലം: ചവറയില്‍ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന പൊലിസുകാരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ അകാരണമായി മര്‍ദിച്ച സംഭവം സംസ്ഥാനത്തെ ഇടതുഭരണത്തില്‍ സി.പി.എം അഴിഞ്ഞാടുന്നതിന്റെ ഉദാഹരണമാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. അടൂര്‍ എ.ആര്‍ ക്യാംപിലെ പൊലിസുകാരനായ സുകേഷിനാണു മര്‍ദനമേറ്റത്.
എസ്.എഫ്.ഐയുടെ സമ്മേളന പ്രതിനിധികള്‍ സംഘടിച്ചുനില്‍ക്കുന്നതിന്റെ മുന്നിലൂടെ കടന്നുപോയ സുകേഷിനെ പ്രവര്‍ത്തകര്‍ ചവറ പൊലിസ് സ്റ്റേഷന് 50 വാര അകലെ വച്ച് ആക്രമിക്കുകയായിരുന്നു. മര്‍ദനമേറ്റ് ഓടിയ സുകേഷ് പൊലിസ് സ്റ്റേഷനില്‍ അഭയം തേടിയെങ്കിലും നീതിപൂര്‍വമായ സമീപനമായിരുന്നില്ല ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തോട് സ്വീകരിച്ചത്.
സഹപ്രവര്‍ത്തകനു മര്‍ദനമേറ്റ സംഭവത്തിന് പൊലിസ് വേണ്ട പരിഗണന നല്‍കിയില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എസ്.എഫ്.ഐക്കാരുടെ പേരില്‍ ഏറ്റവും ദുര്‍ബലമായ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. സുകേഷ് എന്തു തെറ്റാണു ചെയ്തതെന്ന് അറിയാന്‍ പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ട്.
അക്രമികള്‍ക്കെതിരേ ശക്തമായ നടപടി വേണം. ക്രമസമാധാനത്തിന്റെ സംരക്ഷകരാകേണ്ട പൊലിസിന്റെ സംരക്ഷണത്തിന് കേരളത്തില്‍ പുതിയൊരു കര്‍മസേനയെ നിയോഗിക്കേണ്ട ഗതികേടാണു സംസ്ഥാനത്തുള്ളതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."