25 ഇന്ത്യന്‍ മീന്‍പിടിത്തക്കാരെ ഇറാന് പിടികൂടി
മനാമ: ബഹ്റൈനില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ട 25 ഇന്ത്യക്കാര്‍ കൂടി ഇറാനില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. കഴിഞ്ഞ ദിവസം പ്രാദേശിക പത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ മാസം 13ന് അഞ്ചു ബോട്ടുകളിലായി ബഹ്റൈനില്‍ നിന്ന് പുറപ്പെട്ട 25 പേരെയാണ്, അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഇറാന് അധികൃതര്‍ പിടികൂടിയിരിക്കുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലക്കാരായ യേശുദാസ്, ജഗന്, ജെനിഷ്, ജോസ് പ്രിന്‍സ്, ജോണ്‍, അരുകില്‍ ബോര്‍ജിയോ, ബാസ്കിലസ്, ആന്റണി പിച്ചൈ, ആന്റണി സൂസൈ, ആന്റണി പ്രമോദ്, ബോര്‍ജിയോ ഫ്രാന്‍സിസ്, വിക്ടര്‍, വിശുവാസം, റോകിയ ബെര്വിന്, അരുണ്‍ വിവേക്, അരുള്‍ പ്രജിടാന്‍, സാജന്,സാവിയോ, വില്യം പ്രഭു, ജോസഫ് ബെക്സി, ഡൊമിനിക് സാവിയോ, നിഷാന്ത്,മെറിന് കുമാര്‍,രാജ് തിലക്,ആന്‍സണ്‍ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നവര്‍.
പിടിയിലായി ഒരു മാസത്തോളമായിട്ടും ഇവരെ ജയിലിലേക്ക് മാറ്റുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. തൊഴിലാളികളെല്ലാവരും ഇപ്പോഴും ഇറാന് തീരത്ത് നങ്കൂരമിട്ട ബോട്ടുകളിലാണ് കഴിയുന്നതെന്നും ആവശ്യമായ ഭക്ഷണമോ ചികിത്സകളോ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പിടിയിലായ തമിഴ്നാട്ടുകാരായ 15 മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ ആഴ്ചയാണ് ബഹ്റൈനിലെത്തി നാട്ടിലേക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."